ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ അന്തരിച്ചു
text_fieldsകൊച്ചി: പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. സിനിമ താരം മനോജ് കെ. ജയന്‍റെ പിതാവാണ്.
60 വർഷം നീണ്ട സംഗീത ജീവിതമാണ് സംഗീതജ്ഞൻ കെ.ജി. ജയന്‍റേത്. ഇരട്ടസഹോദരനായ കെ.ജി. വിജയനൊപ്പം ചേർന്ന് മികച്ച ഭക്തി, സിനിമ ഗാനങ്ങളും ശാസ്ത്രീയ സംഗീതവും അദ്ദേഹം ഒരുക്കി. ജയ-വിജയന്മാർ എന്ന പേരിലാണ് സംഗീത ലോകത്ത് സഹോദരങ്ങൾ നിറഞ്ഞു നിന്നത്. ശബരിമല നട തുറക്കുമ്പോൾ കേൾക്കുന്ന ‘ശ്രീ കോവിൽ നട തുറന്നു’ എന്ന ഗാനം പ്രശസ്തമാണ്.
1988ൽ വിജയന്റെ നിര്യാണത്തോടെ തനിച്ചായെങ്കിലും ഭക്തി ഗാനങ്ങളിലും കച്ചേരികളിലും കെ.ജി. ജയൻ സജീവമായി തുടർന്നു. നക്ഷത്രദീപങ്ങൾ തിളങ്ങി (നിറകുടം), ഹൃദയം ദേവാലയം (തെരുവുഗീതം), കണ്ണാടിയമ്മാ ഉൻ ഇദയം.. (പാദപൂജ) തുടങ്ങിയവയാണ് ശ്രദ്ധിക്കപ്പെട്ട സിനിമ ഗാനങ്ങൾ. ഇരൈവനുക്കും പെയരേ വൈയ്ത്താന് ഒരു മനിതൻ ഇങ്കേ.. (ഷൺമുഖപ്രിയ), പാദപൂജ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങൾക്കും ഈണം പകർന്നു. യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചതും ജയ-വിജയന്മാരാണ്.
ശ്രീനാരായണ ഗുരുവിന്റെ ശിഷ്യരിൽ പ്രമുഖനായ കോട്ടയം നട്ടാശേരിയിൽ കടമ്പൂത്തറ മഠത്തിൽ വൈദികാചാര്യ കെ. ഗോപാലൻ തന്ത്രിയുടെയും പി.കെ. നാരായണിയമ്മയുടെയും മകനാണ് ജയൻ. ആറാം വയസ്സിൽ സംഗീത പഠനം തുടങ്ങിയ ജയൻ 10–ാം വയസിൽ കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. എൻ.എസ്.എസ് സമുദായാചാര്യൻ മന്നത്ത് പത്മനാഭനും ആർ. ശങ്കറും ചേർന്നു നടത്തിയ ഹിന്ദുമണ്ഡലത്തിന്‍റെ സമ്മേളനങ്ങളിൽ ഈശ്വരപ്രാർഥന ആലപിച്ച ജയ-വിജയന്മാരുടെ കഴിവു തിരിച്ചറിഞ്ഞ മന്നമാണ് ഇവരെ സംഗീതം കൂടുതലായി പഠിപ്പിക്കണമെന്ന് വീട്ടുകാരെ ഉപദേശിച്ചത്.
തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽ നിന്ന് ഗാനഭൂഷണം ഡിപ്ലോമ കോഴ്സ് ഒന്നാം ക്ലാസോടെ പാസായി. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്‍റെ സ്കോളർഷിപ്പോടെയായിരുന്നു ഉപരിപഠനം നടത്തി. കോട്ടയം കാരാപ്പുഴ ഗവ. എൽ.പി സ്കൂളിലെ അധ്യാപക ജോലി രാജിവച്ചാണ് സംഗീതത്തിൽ സജീവമായത്.
1991ൽ സംഗീത നാടകം അക്കാദമി പുരസ്കാരവും 2019ൽ പത്മശ്രീ നൽകി ആദരിച്ചു. ഭാര്യ: പരേതയായ വി.കെ. സരോജിനി. (മുൻ സ്‌കൂൾ അധ്യാപിക). മക്കൾ: ബിജു കെ. ജയൻ, മനോജ് കെ. ജയൻ. മരുമക്കൾ: പ്രിയ ബിജു, ആശ മനോജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.