വരികളെ ഭേദിച്ച ഭാവലോകം
text_fieldsമലയാളത്തിലാവട്ടെ, ഇതരഭാഷകളിലാവട്ടെ, എത്ര വലിയ ഗായകരയെും അനുകരിച്ച് പാടുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ, ജയചന്ദ്രന്റെ ശബ്ദം അനുകരിക്കുക അസാധ്യമാണെന്ന് തന്നെ പറയാം
അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞ എം.ടി വാസുദേവൻ നായരുടെ വിയോഗത്തെ കുറിച്ച് എല്ലാവരും പറഞ്ഞപോലെ തന്നെ, മലയാള സംഗീതലോകത്തെ ഒരു യുഗത്തിന്റെ അവസാനം തന്നെയാണ് പി. ജയചന്ദ്രന്റെ വിയോഗത്തേടെ സംഭവിക്കുന്നത്. മലയാള സിനിമയെ തന്റെ അതുല്യശബ്ദത്താൽ അനശ്വരമാക്കിയ ഒരു ഇതിഹാസ സാന്നിധ്യമാണ് നമ്മിൽനിന്ന് വിട്ടുപോകുന്നത്.
മലയാളത്തിലാവട്ടെ, ഇതരഭാഷകളിലാവട്ടെ, എത്ര വലിയ ഗായകരയെും അനുകരിച്ച് പാടുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ, ജയചന്ദ്രന്റെ ശബ്ദം അനുകരിക്കുക അസാധ്യമാണെന്ന് തന്നെ പറയാം. അനുകരണീയമായ ഒരു മാന്ത്രിക ശബ്ദത്തന്റെ ഉടമയായിരുന്നു അദ്ദേഹം. പാട്ടിന്റെ, കവിതയുടെ ആത്മാവ് വളരെ സൂക്ഷ്മമായി ഉൾക്കൊള്ളാനുള്ള സവിശേഷ സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ അദ്ദേഹത്തെ ഭാവഗായകൻ എന്ന് വിളിക്കുന്നതും.
വരികൾക്കപ്പുറത്തേക്ക് ചില ലോകങ്ങൾ അദ്ദേഹം സൃഷ്ടിക്കും. അങ്ങനെയുള്ള സമാനതകളില്ലാത്ത വലിയൊരു ഗായകനാണ് നമ്മിൽനിന്ന് വിടപറഞ്ഞുപോയത്. അദ്ദഹത്തെ പോലുള്ള സിദ്ധിയുള്ള ഗായകരൊന്നും ഇനി മലയാളത്തിലുണ്ടാകുമെന്നും തോന്നുന്നില്ല. അദ്ദേഹം ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല എന്നാണ് പറയുന്നത്. എന്നും ഒരു തരുണമധുര ശബ്ദം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അതിന് വേണ്ടി പ്രത്യേകമായി അദ്ദേഹം ഒന്നും ചെയ്തിരുന്നില്ല എന്നതത്രെ വാസ്തവം. എന്നിട്ടുപോലും അദ്ദേഹത്തിന്റെ തുടക്കകാലത്തെ പാട്ടുകളിലെ പോലെതന്നെയുള്ള ആർദ്രതയും മാധുര്യവും അവസാനകാലത്തെ പാട്ടുകളിലും നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു.
വളരെ അകലങ്ങളിലുള്ള ഒരു ഗായകൻ ആയിരുന്നു ഏറെക്കാലം എനിക്ക് പി. ജയചന്ദ്രൻ. പക്ഷേ, അദ്ദേഹത്തെ അടുത്ത് പരിചയപ്പെട്ടപ്പോഴാണ് അങ്ങേയറ്റം നൈർമല്യം കാത്തുസൂക്ഷിക്കുന്ന, സൗഹൃദഭാവവമുള്ള ഒരു വ്യക്തിത്വമാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചത്. ഒരു അനുജനെ പോലെയായിരുന്നു നമ്മളെ അദ്ദേഹം പരിഗണിച്ചുപോന്നത്. അദ്ദേഹത്തിന്റെ മുമ്പിൽ നമ്മൾ എത്രയോ നിസ്സാരനാണ്. എന്നിട്ടും അദ്ദേഹം കാണിച്ച സ്നേഹവായ്പിന് മാധുര്യമറെയായിരുന്നു.
എന്റെ കുറേ പാട്ടുകൾ ആ ശബ്ദം കൊണ്ട് അനുഗ്രഹിപ്പെട്ടിട്ടുണ്ട്. കേരളകഫെയിൽ ബിജിപാൽ ചിട്ടപ്പെടുത്തിയ ‘‘കഥയമമ കഥയമമ, കഥകളതി സാഗരം കഥകളതി സാദരം’’ എന്ന പാട്ട് അതിൽ എനിക്കേറെ പ്രിയപ്പെട്ടതാണ്. ‘എന്നും എപ്പോഴും ’ എന്ന സത്യൻ അന്തിക്കാട് സിനിമയിലെ വിദ്യാസാഗർ ചിട്ടപ്പെടുത്തിയ ‘‘മലർവാകക്കൊമ്പത്ത് മണിമേഘത്തുമ്പത്ത്, മഴവില്ലിൻ തുഞ്ചത്ത് ചാഞ്ചാടു കിളിയേ കിളിയേ’ എന്ന ഗാനം മറ്റൊന്ന്.
വലിയൊരു ഇടവേളക്ക് ശേഷം 2023ൽ റസൂൽ പൂക്കുട്ടിയുടെ ‘ഒറ്റ’യിൽ ‘പെയ്നീർ പോലെ വേനലിലിൻ മുറിപ്പാടുകളിൽ വന്ന് പെയ്തൊഴിയുന്നതാരോ’’ എന്ന പാട്ട് അദ്ദേഹം പാടി. ആ പാട്ടിനോട് അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. കുറേനാൾക്ക് ശേഷം ഒരു മെലഡി പാടാൻ കിട്ടയതിന്റെ ഒരു അനുഭൂതി അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ സന്തോഷം പറഞ്ഞ് പല പ്രാവശ്യം അദ്ദേഹം എന്നെ വിളിച്ചിരുന്നു. നിരന്തരം പോയി അദ്ദേഹത്തെ ശല്യപ്പെടുത്താറില്ല.
എന്നാൽ, ഫോണിൽ ഞങ്ങൾ ദീർഘനേരം സംസാരിക്കും. ഇങ്ങോട്ടാണ് മിക്കപ്പോഴും അദ്ദേഹം വിളിക്കുക. ഈയടുത്ത് സാമുഹികമാധ്യമങ്ങളിൽ അദ്ദേഹം അസുഖബാധിതനാണെന്ന മട്ടിൽ ഒരു േഫാട്ടോ പ്രചരിച്ച സമയത്തും അദ്ദേഹം വിളിച്ചു. തനിക്ക് ഒരു കുഴപ്പവുമില്ല, ഇപ്പോൾ ഒരു പാട്ട് റെക്കോഡ് ചെയ്യാൻ ഒരുങ്ങുകയാണ് എന്നെല്ലാം പറഞ്ഞ് വളരെ സന്തോഷത്തിൽ ആയിരുന്നു അദ്ദേഹം അന്ന്. പാട്ടുകൾ തന്നെ ആയിരിക്കും മുഖ്യ സംസാര വിഷയം. പക്ഷേ, അദ്ദേഹത്തിന്റെ പാട്ടുകളെ കുറിച്ചായിരിക്കില്ല എന്നുമാത്രം.
മിക്കപ്പോഴും മുഹമ്മദ് റഫിയുടെ പാട്ടുകൾ പാടിയും പറഞ്ഞുമായിരിക്കും ആ സംഭാഷണം നീണ്ടുപോവുക. റഫി ആയിരുന്നു അദ്ദേഹത്തിന്റെ മാനസഗുരു. ദേവരാജൻ മാഷ് ഉൾപ്പടെയുള്ള ആ കാലത്തെ സംഗീതജ്ഞരെ കുറിച്ചല്ലാം എപ്പോഴും പറയും. മലയാളത്തിലെ തന്നെ പഴയപാട്ടുകൾ, പഴയകാലം, പണ്ട് റെക്കോഡിങ് സ്റ്റുഡിയോയിൽ പോയി മറ്റുള്ളവർ പാടുന്നത് കേട്ടിരുന്ന കാലം അതെക്കുറിച്ചെല്ലാം അദ്ദേഹം വിശദമായി പറയും. അവസാന കാലത്ത് പഴയ ഓർമകളിൽ ജീവിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. അത് മറ്റുള്ളവരോട് പങ്കുവെക്കാൻ അദ്ദേഹത്തിന് വലിയ ഇഷ്ടവുമായിരുന്നു.
പി. ജയചന്ദ്രന്റെ ഏത് പാട്ടാണ് ഏറ്റവും ഇഷ്ടമെന്ന് ചോദിച്ചാൽ ഏത് മലയാളിക്കും ഉത്തരം പറയുക അസാധ്യമായിരിക്കും. കാരണം, എല്ലാം എല്ലാവർക്കും ഇഷ്ടമുള്ള പാട്ടുകളാണ്. അതിലേറെ അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും വ്യക്തിത്വമുള്ള പാട്ടുകളാണ്. എന്നാലും പെട്ടന്ന് ഓർമയിൽ വരുന്ന ഒന്ന് ‘നിൻ മണിയറയിലെ നിർമ്മലശയ്യയിലെ നീല നീരാളമായ് ഞാൻ മാറിയെങ്കിൽ’’ എന്ന് തുടങ്ങുന്ന അർജുനൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ പാട്ടാണ്. ശ്രീകുമാരൻ തമ്പിയുടെ മനോഹര വരികളായിരുന്നു അത്. ‘‘ഹൃദയേശ്വരീ നിൻ നെടുവീർപ്പിൽ ഞാനൊരു മധുരസംഗീതം കേട്ടു..’’ എന്ന ദേവരാജൻ മാസ്റ്റർ കമ്പോസ് ചെയ്ത പാട്ട് മറ്റൊന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.