ചിത്രയെയും സൂരജിനെയും പിന്തുണച്ചിട്ടില്ലെന്ന് ഗായകരുടെ സംഘടന
text_fieldsതിരുവനന്തപുരം: ഗായിക കെ.എസ്. ചിത്രയുടെ പരാമർശങ്ങളും അതിനെ വിമർശിച്ച ഗായകൻ സൂരജ് സന്തോഷിന്റെ നിലപാടുകളും സംഘടനയുടേതല്ലെന്നും രണ്ടുപേർക്കും പിന്തുണ നൽകിയിട്ടില്ലെന്നും പിന്നണി ഗായകരുടെ സംഘടനയായ സമം വ്യക്തമാക്കി. ഇരുവരുടെയും വ്യക്തിപരമായ നിലപാടുകളാണ്. തങ്ങൾ തൊഴിലാളി സംഘടനയല്ലെന്നും പിന്നണി ഗായകരുടെ ക്ഷേമത്തിന് നിലകൊള്ളുന്ന ചാരിറ്റി കൂട്ടായ്മയാണെന്നും ഭാരവാഹികൾ പറഞ്ഞു.
ഞങ്ങൾക്ക് രാഷ്ട്രീയ ചായ്വില്ല. എല്ലാ രാഷ്ട്രീയവുമുള്ളവർ കൂട്ടായ്മയിലുണ്ട്. രാഷ്ട്രീയ വിഷയമായതിനാൽ സംഘടന എന്ന നിലയിൽ ഈ വിഷയത്തിൽ സമത്തിന് അഭിപ്രായമില്ല. പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ചിത്ര ഭാരവാഹികളോട് വ്യക്തമാക്കിയിട്ടുണ്ട്. സംഘടന എന്ന രീതിയിൽ ഇടപെടേണ്ടതില്ലെന്നും അറിയിച്ചിരുന്നു. സൂരജിന്‍റെ രാജി വികാര വിക്ഷോഭത്തിൽ സംഭവിച്ചതാണെന്നാണ് തോന്നുന്നത്. അദ്ദേഹം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം വ്യക്തിപരമായി എല്ലാവർക്കും ബോധ്യമുണ്ട്. പിന്തുണ വേണമെന്ന് സൂരജ് ആവശ്യപ്പെട്ടിട്ടുമില്ല.
‘പിന്തുണ കിട്ടാത്തതിനാൽ സംഘടനയിൽ നിന്ന് രാജിവെക്കുന്നു’വെന്ന വാട്സആപ് സന്ദേശമാണ് ലഭിച്ചത്. ഇത് വീട്ടിനുള്ളിലെ ചെറിയ പ്രശ്നമായാണ് കാണുന്നത്. പ്രശ്നം പരിഹരിച്ച് പിണക്കം മാറ്റും. സമത്തിന്‍റെ വേദികളിൽ സൂരജ് ഇനിയും പാടാനുണ്ടാകുമെന്നും ഭാരവാഹികളായ കെ.എസ്. സുദീപ് കുമാർ, ആർ. രവിശങ്കർ, വിജയ് യേശുദാസ്, രാജലക്ഷ്മി, അഫ്സൽ, ജി. ശ്രീറാം, കെ.കെ. നിഷാസ് എന്നിവർ വ്യക്തമാക്കി. പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന് സമം നൽകുന്ന ആദരം വിശദീകരിക്കാൻ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സമം വൈസ് ചെയർപേഴ്സണാണ് ചിത്ര. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് കെ.എസ്. ചിത്രയുടെ പോസ്റ്റിനെതിരെ സൂരജ് രംഗത്തെത്തിയിരുന്നു. ചിത്രയെപ്പോലെയുള്ള കപടമുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ടെന്നും എത്ര ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നെന്നുമായിരുന്നു സൂരജിന്റെ പ്രതികരണം. തുടർന്ന്, വ്യാപക സൈബർ ആക്രമണത്തിനിരയായ സൂരജ് സമത്തിൽ നിന്ന് പിന്തുണ കിട്ടിയില്ലെന്നാരോപിച്ച് രാജിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.