വൈദ്യുതി വാഹന ചാർജിങ്ങിന് രാജ്യമെങ്ങും ഒറ്റ ആപ്
text_fieldsപാലക്കാട്: സംസ്ഥാനത്തിനകത്തും പുറത്തുമായി വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാൻ ‘ഒരൊറ്റ ആപ്പ്’ എന്ന ലക്ഷ്യത്തിലേക്ക് കെ.എസ്.ഇ.ബി നടപടി തുടങ്ങി. കെ.എസ്.ഇ.ബിയുടെ വൈദ്യുതവാഹന ചാർജിങ് ആപ്പായ ‘കെ. ഇ.എം ആപ്പുമായി(കേരള ഇ മൊബിലിറ്റി ആപ്) ബന്ധപ്പെട്ട് പ്രവർത്തിക്കാൻ രാജ്യത്തുള്ള ചാർജ് േപായിന്റ് ഓപറേറ്റർമാർ, ചാർജിങ് സ്റ്റേഷൻ ഉടമസ്ഥർ, ഇ മൊബിലിറ്റി സർവീസ് ദാതാക്കൾ എന്നിവർക്ക് പങ്കെടുക്കാൻ അനുവാദം നൽകിയുള്ള താൽപര്യപത്രം കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയർ ( റീസ് ആൻഡ് സൗര) പുറപ്പെടുവിച്ചു.
രാജ്യത്ത് തന്നെ ഇതാദ്യമായാണ് വൈദ്യുതി ചാർജിങിനുള്ള ഒരൊറ്റ ആപ്പിനായുള്ള നീക്കം നടക്കുന്നത്.ഈ മാസം 24ന് ഇതുമായി ബന്ധപ്പെട്ട് താൽപര്യമുള്ളവരുടെ ഓൺലൈൻ കൂടിയിരിപ്പ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്കായി കെ.എസ്.ഇ.ബിയുടെ 63 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും ആയിരത്തിലേറെ പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളുമുണ്ട്. പുറമെ അനർട്ടിന്റെ ഉൾപ്പെടെ ആയിരത്തോളം മറ്റ് ഇലക്ട്രിക് ചാർജിങ് സംവിധാനങ്ങളുമുണ്ട്. കെ.എസ്.ഇ.ബി ചാർജിങ് സ്റ്റേഷനുകളിൽ ഉപയോഗിച്ചുവന്ന പലതരം ആപ്പുകളെ ഏകോപിപ്പിച്ചാണ് ‘ കെ.ഇ.എം ആപ്പ് ’ സജ്ജമാക്കിയത്. അതേസമയം കെ.എസ്.ഇ.ബി ഇതര ചാർജിങ് സ്റ്റേഷനുകളിൽ പലതരം ആപ്പുകൾ ഉപയോഗിക്കേണ്ടി വരാറുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ വേറെയും. ഇത്തരം ചാർജിങ് ആപ്പുകളുടെ ബാഹുല്യം ഇല്ലാതാക്കി ഉപഭോക്തൃ സൗഹൃദമാക്കി ഇലക്ട്രിക് ചാർജിങ് സംവിധാനം സുഗമമാക്കുക എന്നതാണ് പുതിയ ദൗത്യത്തിന്റെ പിറകിലെന്ന് കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കുന്നു. ഇത് യാഥാർഥ്യമാവുന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെയെത്തുന്നവർക്കും പോകുന്നവർക്കും ഇലക്ട്രിക് ചാർജിങിനായി ആപ്പ് തേടി ബുദ്ധിമുട്ടേണ്ടിവരില്ല. മറ്റ് ആപ്പുകളുമായി ഇടപാട് നടത്താനാകുന്ന സാഹചര്യം സംജാതമായാൽ മേഖലയിൽ വിപ്ലവ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഉപഭോക്താവ് ഒരു ചാർജിങ്ങ് ആപ്പിൽ പണം നിക്ഷേപിച്ചാൽ അത് ഉപയോഗിച്ച് മറ്റു സ്റ്റേഷനുകളും ചാർജ്ജ് ചെയ്യാൻ സാധിക്കുമ്പോൾ ചാർജ് ചെയ്യാൻ വ്യത്യസ്ത അപ്പുകളിൽ വീണ്ടും പണം നിക്ഷേപിക്കേണ്ടി വരില്ല എന്നതാണ് സവിശേഷത.
ഫെബ്രുവരി അഞ്ചിനകം താൽപര്യപത്രം സമർപ്പിക്കാൻ നിർദേശിച്ച വിജ്ഞാപനത്തിൽ കേരളത്തിൽ ഒരു ചാർജിങ് സ്റ്റേഷനെങ്കിലും പ്രവർത്തിപ്പിച്ച് പരിചയമുള്ളവരായിരിക്കണം എന്നതുൾപ്പെടെ മാനദണ്ഡങ്ങൾ ചേർത്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവരുമായി ധാരണപത്രം ഒപ്പിടും.
കെ.ഇ.എം ആപ്
സംസ്ഥാനത്തുടനീളം കെ.എസ്.ഇ. ബി സ്ഥാപിച്ചിട്ടുള്ള ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളിലും പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളിലും അനായാസം ചാർജ് ചെയ്യാനുള്ള ആപ്പാണ് കേരള ഇ മൊബിലിറ്റി ആപ് എന്ന കെ.ഇ.എം ആപ്. നേരത്തെ അഞ്ചുതരത്തിലുള്ള 'ആപ്പു'കൾ ഉപയോഗിച്ചുള്ള ചാർജിങ് പഴങ്കഥയാക്കിയാണ് കെ.ഇ.എം ആപ്പ് വന്നത്. കെ.എസ്.ഇ. ബി ഇതര ചാർജിങ് സ്റ്റേഷനുകളെ കൂടി ബന്ധിപ്പിക്കാനാണ് പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.