ഭൂരേഖകള്‍ക്ക് ഒറ്റ തണ്ടപ്പേര്; ആധാറുമായി ബന്ധിപ്പിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ ഒരുവര്‍ഷം വരെ സമയം
text_fieldsതിരുവനന്തപുരം: ഭൂരേഖകള്‍ ആധാറുമായി ബന്ധിപ്പിച്ച് ഒറ്റ തണ്ടപ്പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഒരുവര്‍ഷം സമയപരിധി അനുവദിച്ച് സര്‍ക്കാര്‍. 2023 ജൂണ്‍ 15 വരെ ഭൂവുടമകള്‍ക്ക് ഓണ്‍ലൈനായോ വില്ലേജ് ഓഫിസില്‍ നേരിട്ടെത്തിയോ ഒറ്റ തണ്ടപ്പേരെടുക്കാം. ഇതിനുള്ള മാര്‍ഗനിർദേശങ്ങള്‍ റവന്യൂവകുപ്പ് പുറത്തിറക്കി. ഭൂമിയുടെ രജിസ്ട്രേഷന്‍ സമയത്ത് യുനീക് തണ്ടപ്പേര് നിലവിലുള്ള കേസുകളില്‍ അത് രേഖപ്പെടുത്തി നല്‍കാനും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പുകളോട് നിർദേശിച്ചു.
ഒരാളുടെ ഉടമസ്ഥതയില്‍ ഒന്നിലധികം തണ്ടപ്പേരുകളിലും പല വില്ലേജുകളിലുമുള്ള ഭൂമിയുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച് ഒറ്റ തണ്ടപ്പേരിലേക്ക് മാറ്റുന്നതാണ് റവന്യൂവകുപ്പ് തുടക്കമിട്ട യുനീക് തണ്ടപ്പേര് പദ്ധതി. ഭൂവിവരങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും ബിനാമി ഇടപാടുകള്‍ തടയാനും ലക്ഷ്യമിട്ടാണ് പദ്ധതി.
www.revenue.kerala.gov.in വെബ്സൈറ്റ് വഴി നേരിട്ട് രജിസ്റ്റര്‍ ചെയ്ത് യുനീക് തണ്ടപ്പേര്‍ നേടാനാകും. ആധാറുമായി ലിങ്ക് ചെയ്ത മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി ഇതിനായി ഉപയോഗിക്കാം. വില്ലേജ് ഓഫിസില്‍ നേരിട്ടെത്തിയും ഒ.ടി.പി ഉപയോഗിച്ചോ വിരലടയാളം പതിപ്പിച്ചോ ഭൂവിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാം. തണ്ടപ്പേര്‍ പകര്‍പ്പിന് നിലവില്‍ ഈടാക്കുന്ന തുക യുനീക് തണ്ടപ്പേര്‍ പകര്‍പ്പിനും ഈടാക്കും.
യുനീക് തണ്ടപ്പേര്‍ അനുവദിക്കപ്പെട്ടാല്‍ അത് ആധാരത്തില്‍ രേഖപ്പെടുത്തും. ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ക്ക് നിലവിലുള്ള തണ്ടപ്പേര്‍ തുടരാം. ആധാര്‍ നമ്പര്‍ ലഭിക്കുന്ന മുറക്ക് തണ്ടപ്പേരുമായി ബന്ധിപ്പിക്കാം. നിശ്ചിത മാതൃകയില്‍ത്തന്നെ യുനീക് തണ്ടപ്പേര്‍ അനുവദിക്കണമെന്ന് വില്ലേജ് ഓഫിസര്‍മാര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.