എസ്.ഐ.ഒ ന്യൂനപക്ഷ ഡയറക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി
text_fieldsതിരുവനന്തപുരം: എസ്.ഐ.ഒ സംഘടിപ്പിച്ച ന്യൂനപക്ഷ ഡയറക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പ് വിഹിതം പുനഃസ്ഥാപിക്കണമെന്നും അനുവദിക്കപ്പെട്ട പദ്ധതിവിഹിതം പോലും വിനിയോഗിക്കാത്ത ന്യൂനപക്ഷ വകുപ്പിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
തൊടുന്യായങ്ങൾ നിരത്തി സമര പ്രക്ഷോഭങ്ങളെ തണുപ്പിച്ച് കളയാം എന്ന ധാരണ വേണ്ടെന്നും ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടിക്കുറച്ച ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് പുറത്തിറക്കുന്നത് വരെ എസ്.ഐ.ഒ സമരരംഗത്ത് തുടരുമെന്നും സംസ്ഥാന പ്രസിഡന്‍റ് അഡ്വ. അബ്ദുൽ വാഹിദ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറയുമ്പോഴും പിന്നോക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കും ഇല്ലാത്ത എന്ത് ആനുകൂല്യമാണ് ഇവിടുത്തെ ജനാധിപത്യ സമൂഹത്തിൽ മുന്നാക്ക സമുദായങ്ങൾക്ക് മാത്രമായുള്ളത് എന്ന് വ്യക്തമാക്കാൻ ഇടത് സർക്കാർ തയാറാവണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് ആവശ്യപ്പെട്ടു.
യൂനിവേഴ്സിറ്റി കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ന്യൂനപക്ഷ ഡയറക്ടറേറ്റിന് മുൻവശം പൊലീസ് തടഞ്ഞു. ഡയറക്ടർ ഇൻ ചാർജുമായി നടത്തിയ ചർച്ചയിൽ അപേക്ഷകർക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്യാനുള്ള നടപടി ആരംഭിക്കണം എന്നതടക്കം ആവശ്യങ്ങൾ പരിഗണിച്ച് നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.
എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഹാമിദ് ടി.പി, ശൂറാ അംഗം ഷഫാഖ് കക്കോടി, ജില്ല പ്രസിഡന്‍റ് ഫായിസ് ശ്രീകാര്യം തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിമാരായ നവാഫ് പാറക്കടവ്, ഷിബിൻ റഹ്മാൻ, ശൂറാ അംഗങ്ങളായ തബ്‌സീം അർഷദ്, നിദാൽ സിറാജ്, ജില്ലാ സെക്രട്ടറി സയ്യിദ് ഇബ്രാഹീം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.