എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകള്‍ നീട്ടിവെക്കാനുള്ള സര്‍ക്കാര്‍ നീക്കം വിദ്യാര്‍ഥികളോടുള്ള വെല്ലുവിളി -എസ്.ഐ.ഒ
text_fieldsകോഴിക്കോട്: മാര്‍ച്ച് പതിനേഴിന് തുടങ്ങാനിരിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നടപടി അനാവശ്യമാണെന്നും വിദ്യാര്‍ഥി-രക്ഷിതാക്കളോടുള്ള വെല്ലുവിളിയാണെും എസ്.ഐ.ഒ. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടാകും എന്ന കാരണത്താല്‍ ഏപ്രില്‍ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പേരില്‍ കോവിഡ് സാഹചര്യത്തില്‍ പ്രത്യേകമായ ഒരുക്കങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോയ വിദ്യാര്‍ഥി സമൂഹത്തെ വീണ്ടും ബുദ്ധിമുട്ടിക്കുന്ന നടപടിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സര്‍ക്കാര്‍ നല്‍കിയ ഉറപ്പിലൂടെയാണ് അധ്യാപകര്‍ പാഠ്യപദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും വിദ്യാര്‍ഥികള്‍ പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുകയും ചെയ്തിരിക്കുന്നത്. കൂടാതെ തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷകള്‍ നടത്താനുള്ള സാധ്യത ഏപ്രില്‍-മെയ് മാസങ്ങളിലാണ്. ഈ കാലയളവ് ഇസ്ലാം മതവിശ്വാസികള്‍ നോമ്പനുഷ്ടിക്കാറുള്ള റമദാന്‍ മാസം കൂടിയാണ്. കനത്തചൂടും നോമ്പും കൂടി ഒരുമിച്ച് വരുന്ന സന്ദര്‍ഭത്തില്‍ നടക്കുന്ന പൊതുപരീക്ഷകള്‍ നോമ്പെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. വിദ്യാര്‍ഥി സമൂഹത്തിന് മുന്നില്‍ പരീക്ഷയുടെ പേരില്‍ തുടര്‍ച്ചയായി വരുന്ന ഇത്തരം അനിശ്ചിതത്വങ്ങള്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും കടുത്ത മാനസികപ്രയാസങ്ങളിലേക്ക് കൂടി തള്ളിവിടുന്നതാണ്.
സര്‍ക്കാര്‍ കൈകൊണ്ട വിദ്യാര്‍ഥിദ്രോഹ നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ട് നില്‍ക്കരുതെന്നും അല്ലാത്ത പക്ഷം വിദ്യാര്‍ഥി സമൂഹത്തിനുണ്ടാകുന്ന ശാരീക-മാനസിക പ്രയാസങ്ങളുടെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമായിരിക്കുമെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ഇ.എം.അംജദ് അലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍, സെക്രട്ടിമാരായ തശ്‌രീഫ് കെ പി മമ്പാട്, ഷമീര്‍ ബാബു, സഈദ് കടമേരി, റഷാദ് വി.പി, വാഹിദ് ചുള്ളിപ്പാറ, ശറഫുദ്ദീന്‍ നദ് വി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.