അഭയ കേസ്: ഡോക്ടർമാരെ വിസ്തരിക്കുന്നതിനെതിരെ പ്രതിഭാഗം
text_fieldsതിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ ശാസ്ത്രീയപരിശോധന നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്നതിൽ എതിർപ്പുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇതിനുവേണ്ടി ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്യുമെന്നും പ്രതിഭാഗം പറഞ്ഞപ്പോൾ ഏത് തെളിവുകൾ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം വിചാരണകോടതിക്കാണെന്ന് കോടതി മറുപടി നൽകി.
അതിനിടെ അഭയയുടെ മലയാളം അധ്യാപികയും 12ാം സാക്ഷിയുമായ പ്രഫ. ത്രേസ്യാമ്മയുടെ എതിർവിസ്താരം പൂർത്തിയായി. പ്രഫ. ത്രേസ്യാമ്മ തെൻറ സഹോദരനും പുത്രന്മാർക്കും എതിരെ ക്രിമിനൽ കേസ് കൊടുത്തിരുന്നു. ഇത് കുടുംബസ്വത്തുക്കൾ തിരികെ നൽകാത്ത കാരണത്താലാണോ എന്ന പ്രതിഭാഗത്തിെൻറ ചോദ്യത്തെ കോടതി വിലക്കി.
തെളിവുകളില്ലാതെ പ്രതികൾ തെറ്റിദ്ധരിപ്പിച്ച് പറയുന്ന കാര്യങ്ങൾ സാക്ഷിക്കൂട്ടിൽ നിൽക്കുന്നവരോട് ചോദിച്ചാൽ, സാക്ഷിക്ക് അഭിഭാഷകനെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്യാമെന്ന് സി.ബി.ഐ ജഡ്ജി കെ. സനൽകുമാർ പറഞ്ഞു. ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ എന്നിവർക്ക് വഴിവിട്ട ബന്ധം ഉണ്ടെന്ന് ചാനലിൽ പറഞ്ഞ പ്രഫ. ത്രേസ്യാമ്മ ഇക്കാര്യം ഒരു അന്വേഷണ ഏജൻസിക്ക് മുന്നിലും പറഞ്ഞിരുന്നിെല്ലന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ സിസ്റ്റർ അഭയ കൊലക്കേസിൽ ഒന്നാംപ്രതി ഫാ. തോമസ് കോട്ടൂരും പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട ഫാ. ജോസ് പുതൃക്കയിലും സ്വഭാവദൂഷ്യം ഉള്ളവർ തന്നെയെന്ന മുൻ മൊഴിയിൽ പ്രഫ. ത്രേസ്യാമ്മ ഉറച്ചുനിന്നു. താൻ അവിവാഹിതയായതിനാലാണ് പ്രതികളെ പേടിയില്ലാത്തതെന്നും മറ്റു സാക്ഷികൾ കൂറുമാറുന്നത് അവർക്ക് കുടുംബം ഉള്ളതുകൊണ്ടാണെന്നും സാക്ഷി മൊഴി നൽകി. രണ്ടാംഘട്ട സാക്ഷിവിസ്താരം ഒക്ടോബർ 14 മുതൽ 26 വരെ നടക്കും. രണ്ടാംഘട്ടത്തിൽ 25 സാക്ഷികളെ വിസ്തരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.