സിസ്റ്റർ അഭയയുടെ ദുരൂഹമരണത്തിന് നാളെ 26 വയസ്സ്
text_fieldsകോട്ടയം: സിസ്റ്റര്‍ അഭയയുടെ ദുരൂഹമരണത്തിന് നാളെ 26 വയസ്സ്. രാജ്യത്തിെൻറ കുറ്റാന്വേഷണചരിത്രത്തില്‍ അപൂര്‍വത സൃഷ്ടിച്ച കേസിൽ കാൽനൂറ്റാണ്ടിലേറെ പിന്നിട്ടും കോടതി വിധി വന്നിട്ടില്ല. ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്ന് തിരുവനന്തപുരം പ്രത്യേക സി.ബി.െഎ കോടതി വിധിയാണ് ഏറ്റവും ഒടുവിൽ വന്നത്. ഇൗമാസം 28ന് കോടതിയിൽ ഹാജരായി ഇരുവരും വിചാരണ നേരിടാനാണ് കോടതി നിർദേശം. രണ്ടാംപ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വെറുതെവിടുകയും ചെയ്തു. അതേസമയം, വിചാരണപോലും നടത്താതെ വെറുതെവിട്ട കോടതി നടപടിക്കെതിരെ അപ്പീൽപോലും നൽകാതെ സി.ബി.െഎ സമ്മർദത്തിന് വഴങ്ങിയെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍പുരക്കല്‍ ആരോപിക്കുന്നു. നാർക്കോ പരിശോധനഫലത്തിെൻറ അടിസ്ഥാനത്തിൽ കുറ്റകൃത്യം ചെയ്െതന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സി.ബി.െഎ പരാജയപ്പെട്ടതാണ് രണ്ടാംപ്രതിയെ വെറുതെവിടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വെൻറിൽ അന്തേവാസിയായ സിസ്റ്റര്‍ അഭയയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതരമാസവും അന്വേഷണം നടത്തി അഭയ ആത്മഹത്യ ചെയ്തതാണെന്ന് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്കി. തുടർന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരക്കൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന് പരാതി നൽകിയതോടെയാണ് സി.ബി.െഎ അന്വേഷണത്തിന് വഴിതുറന്നത്. 1993 മാര്‍ച്ച് 29ന് കേസ് സി.ബി.ഐ ഏറ്റെടുത്തു. ഡിവൈ.എസ്.പി വർഗീസ് പി. തോമസിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കൊലപാതകമെന്ന് കണ്ടെത്തി കേസ് ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ആത്മഹത്യയാക്കാൻ മേലുദ്യോഗസ്ഥൻ പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തി വർഗീസ് പി. തോമസ് 1993 ഡിസംബർ 31ന് രാജിവെച്ചു.
പ്രതികളെ പിടികൂടാന്‍ കഴിയാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി 1996 ഡിസംബര്‍ ആറിനും 1999 ജൂലൈ 12നും 2005 ആഗസ്റ്റ് എട്ടിനും സി.ബി.ഐ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൊലപാതകമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കേസ് അവസാനിപ്പിക്കണമെന്ന സി.ബി.ഐ നിലപാട് കോടതി തള്ളി. ഇതിനിടെ, സി.ബി.ഐ അന്വേഷണ സംഘത്തിെൻറ തലപ്പത്ത് പല ഉദ്യോഗസ്ഥരും മാറിവന്നു. 2008 നവംബര്‍ 18ന് രണ്ടുപുരോഹിതരും കന്യാസ്ത്രീയും അടക്കമുള്ളവരെ സി.ബി.ഐ അറസ്റ്റ് ചെയ്തെങ്കിലും വിചാരണ തുടരാനായിട്ടില്ല. പുരോഹിതരുടെ അറസ്റ്റിന് തൊട്ടുപിന്നാലെ മൃതദേഹത്തിെൻറ ഇന്‍ക്വസ്റ്റ് തയാറാക്കുകയും പ്രഥമവിവര റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്ത മുന്‍ എ.എസ്.ഐ വി.വി. അഗസ്റ്റിെൻറ ആത്മഹത്യയും വിവാദത്തിനു വഴിവെച്ചിരുന്നു.
കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് മുന്‍ പൊലീസ് സൂപ്രണ്ട് (കോട്ടയം) കെ.ടി. മൈക്കിള്‍ ഉൾപ്പെടെയുള്ളവർക്കെതിരെ തുടരന്വേഷണം നടത്താൻ 2014 മാർച്ച് 19ന് ഹൈകോടതി ഉത്തരവിട്ടു. ഇതേതുടർന്ന് 2015 ജൂൺ 27ന് സി.ബി.െഎ തുടരന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം സി.ബി.െഎ കോടതിയിൽ സമർപ്പിച്ചു. ജനുവരി 22ന് കെ.ടി. മൈക്കിളിനെ നാലാംപ്രതിയാക്കി കോടതി ഉത്തരവിട്ടു. ഇതിനെതിരെ കെ.ടി. ൈമക്കിൾ ഹൈകോടതിയിൽ ഹരജി നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.