അഭയ കേസ്: ഫാ. ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി
text_fieldsതിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കേസിലെ രണ്ടാം പ്രതി ഫാദർ ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയിൽ നിന്ന് കോടതി ഒഴിവാക്കി. ഇതുസംബന്ധിച്ച ജോസ് പുതൃക്കയിലിന്റെ വിടുതൽ ഹരജി തിരുവനന്തപുരം സി.ബി.ഐ കോടതി അംഗീകരിച്ചു. അഭയ കൊല്ലപ്പെട്ട ദിവസം ജോസ് പുതൃക്കയിൽ കോട്ടയം പയസ് ടെന്റ് കോൺവെന്റിൽ വന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
അതേസമയം, കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് എം. കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർക്കെതിരായ വിചാരണ തുടരാമെന്നും സി.ബി.ഐ കോടതി ഉത്തരവിട്ടു. ഇരുവരും സമർപ്പിച്ച വിടുതൽ ഹരജികൾ കോടതി തള്ളി.
തങ്ങൾക്കെതിരായ കേസ് സി.ബി.ഐ കെട്ടിച്ചമച്ചതാണെന്നും സാക്ഷികളുടെ മൊഴി സി.ബി.ഐ ഭീഷണിപ്പെടുത്തി എഴുതി തയാറാക്കിയതാണെന്നുമാണ് പ്രതികളുടെ വാദം. എന്നാൽ, രാത്രികാലങ്ങളിൽ ഇരുവികാരിമാരും കോൺവെൻറിലെ മതിൽ ചാടിക്കടന്ന് സിസ്റ്റർ സെഫിയെ കാണാൻ എത്തിയിരുന്നതായി സാക്ഷി മൊഴികളുണ്ടെന്നും സെഫിയും വികാരിമാരുമായുള്ള അവിഹിത ബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് സി.ബി.ഐ വാദം.
1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ സിസ്റ്റർ അഭയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പത് മാസവും അന്വേഷിച്ച് അഭയ ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോർട്ട് നൽകി.
എന്നാൽ, സംസ്ഥാന സർക്കാറിന്റെ ശിപാർശ പ്രകാരം 1993 മാർച്ച് 29ന് കേസ് സി.ബി.ഐ ഏറ്റെടുത്തു. മൂന്നുതവണ അന്വേഷണം അവസാനിപ്പിക്കാൻ സി.ബി.ഐ, കോടതിയുടെ അനുമതി തേടിയിരുന്നു. എന്നാൽ, മൂന്നു പ്രാവശ്യവും റിപ്പോർട്ട് തള്ളിയ കോടതി കേസിൽ തുടരന്വേഷണം നടത്താൻ സി.ബി.ഐയോട് നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.