ലിനി മരിച്ചപ്പോൾ മുല്ലപ്പള്ളി ആശ്വാസവാക്കു പോലും പറഞ്ഞില്ല -ഭർത്താവ് സജീഷ്
text_fieldsകോഴിക്കോട്: സിസ്റ്റർ ലിനി നിപ ബാധിച്ച് മരിച്ചപ്പോൾ വടകര എം.പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ നേരിട്ടോ ഫോൺ വഴിയോ ഒരു ആശ്വാസവാക്ക് പോലും പറഞ്ഞിരുന്നില്ലെന്ന് ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ. അന്ന് ഏറ്റവും തണലായി നിന്ന ചിലരുടെ പേര് വിപരീതമായി പരാമർശിക്കുന്നത് കാണുമ്പോൾ പ്രയാസം തോന്നുന്നുവെന്നും സജീഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മന്ത്രി കെ.കെ. ശൈലജക്കെതിരെ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ നിപ റാണി, കോവിഡ് രാജകുമാരി പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിലാണ് സജീഷിന്‍റെ പോസ്റ്റ്.
ലിനി മരിച്ച സമയത്ത് കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഭരണ പ്രതിപക്ഷ ഭേദങ്ങൾ മറന്ന് ആശ്വസിപ്പിക്കാൻ എത്തിയവരുടെ കൂട്ടത്തിൽ താൻ ജീവിക്കുന്ന, അന്ന് വടകര ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുല്ലപ്പളളി രാമചന്ദ്രൻ ഉണ്ടായിരുന്നില്ലെന്ന് സജീഷ് പറയുന്നു. നേരിട്ടോ ടെലിഫോൺ വഴിയോ ഒരു ആശ്വാസവാക്ക് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
അതേസമയം, ഒപ്പം ഉണ്ടെന്ന് വെറും വാക്ക് പറയുക ആയിരുന്നില്ല ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ദുരിത സമയത്ത് ആശ്വസിപ്പിക്കാനും വീട്ടിലെ ഒരംഗത്തെ പോലെ പെരുമാറാനും മന്ത്രിയുണ്ടായിരുന്നു. തുടർന്ന് അവസരം കിട്ടുമ്പോഴെല്ലാം നേരിട്ടും ടെലിഫോണിലും എത്രയോ തവണ തന്നെയും കുടുംബത്തെയും ബന്ധപ്പെട്ടിരിക്കുന്നു.
ഒടുവിൽ ഈ കഴിഞ്ഞ മെയ് 21 ലിനിയുടെ ഓർമ്മദിനത്തിലും മറക്കാതെ കെ.കെ. ശൈലജ വിളിച്ചിരുന്നുവെന്ന് സജീഷ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം വായിക്കാം...
നിപയുടെ കാലത്ത് ലിനിയുമായി ബന്ധപ്പെട്ട ഓർമ്മയിൽ നിന്നും ചിലത് ചികഞ്ഞെടുത്തപ്പോൾ പക്ഷെ, ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായ ചിലരുടെ മുഖങ്ങൾ അതിന്റെ പരിസരത്ത് പോലും ഉണ്ടായിരുന്നില്ല. എന്നാൽ കരുതലുമായി ഒപ്പമുണ്ടായിരുന്ന, ഏറ്റവും തണലായി അനുഭവപ്പെട്ടിരുന്ന ചിലരുടെ പേര് വിപരീതമായി പരാമർശിക്കപ്പെട്ടപ്പോൾ വളരെ പ്രയാസം തോന്നുകയും ചെയ്‌തു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഭരണ പ്രതിപക്ഷ ഭേദങ്ങൾ മറന്ന് ആശ്വസിപ്പിക്കാൻ എത്തിവരുടെ കൂട്ടത്തിൽ ഒന്നും ഞാൻ ജീവിക്കുന്ന, അന്ന് വടകര പാർലിമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശ്രീ: മുല്ലപ്പളളി രാമചന്ദ്രൻ സർ ഉണ്ടായിരുന്നില്ല. ഒരു ഗസ്റ്റ് റോളിൽ പോലും! നേരിട്ടോ ടെലിഫോൺ വഴിയോ ഒരു ആശ്വാസവാക്ക് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു എം പി എന്ന നിലയിൽ ഉണ്ടായിട്ടില്ല.
ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങൾ പേരാംബ്ര ബ്ലോക്ക് പഞ്ചായത്ത് സാരഥികളും ഇവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർ അതുപോലെ പേരാംബ്ര യുടെ പ്രിയപ്പെട്ട മന്ത്രി ശ്രീ. ടി പി രാമകൃഷണൻ സർ, അങ്ങനെ ജീവിതത്തിലെ ഏറ്റവും പ്രയാസപ്പെട്ട സമയത്ത് കൂടെ ഉണ്ടായിരുന്നവരെ മറക്കാൻ കഴിയില്ല.
ഒപ്പം ഉണ്ടെന്ന് വെറും വാക്ക് പറയുക ആയിരുന്നില്ല ശൈലജ ടീച്ചർ. ദുരിത സമയത്ത് ആശ്വസിപ്പിക്കാനും വീട്ടിലെ ഒരംഗത്തെ പോലെ പെരുമാറാനും ടീച്ചറുണ്ടായിരുന്നു. തുടർന്ന് അവസരം കിട്ടുമ്പോഴെല്ലാം നേരിട്ടും ടെലിഫോണിലും എത്രയോ തവണ എന്നെയും കുടുംബത്തെയും ബന്ധപ്പെട്ടിരിക്കുന്നു.
ഒടുവിൽ ഈ കഴിഞ്ഞ മെയ് 21 ലിനിയുടെ ഓർമ്മദിനത്തിലും മറക്കാതെ ടീച്ചർ വിളിച്ചിരുന്നു.
ഇങ്ങനെ ഒക്കെ, പ്രതിസന്ധികളിൽ തളർന്നു വീണവരുടെ കുടുംബത്തെയും, അതിജീവിച്ചവരെയും ചേർത്ത് നിർത്തിയും ടീച്ചർ സഹജീവി സ്നേഹത്തിന്റെ ജീവിക്കുന്ന ചിത്രമാണ് വരച്ചുകാട്ടിയത്.
ഇപ്പോൾ ഉളള പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഓർമ്മയിൽ നിന്നും മായാത്ത ദിനങ്ങളിലെ അനുഭവങ്ങൾ ഓർത്തു പോയെന്ന് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.