കോടതി മുറിക്കുള്ളിൽ വെച്ച് നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസമെന്ന് സിസ്റ്റർ ലൂസി കളപ്പുര
text_fieldsകന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനാക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സിസ്റ്റർ ലൂസി കളപ്പുര. കോടതി മുറിക്കുള്ളിൽ വെച്ച് നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം എന്നാണ് സിസ്റ്റർ ലൂസി പ്രതികരിച്ചത്. കേസിൽ അപ്പീൽ പോകണമെന്നും അഭയ കേസിൽ നീതി ലഭിച്ചത് 28 വർഷത്തിന് ശേഷമാണെന്നും അവർ പറഞ്ഞു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്നാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാർ വിധി പറഞ്ഞത്. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. കുറവിലങ്ങാട്ടെ മിഷണറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
2017 മാർച്ചിലാണ് ലൈംഗിക പീഡനം സംബന്ധിച്ച് മദർ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നൽകിയത്. ജൂൺ 27ന് അവർ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയും അടുത്ത ദിവസം പൊലീസ് കേസെടുക്കുകയുമായിരുന്നു.
ബലാത്സംഗം, അന്യായമായി തടവിൽ വെക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പെടെയുള്ള ആറ് വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരുന്നത്. ഒരു വർഷം മുമ്പാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 83 സാക്ഷികളിൽ 39 പേരെ വിചാരണയ്ക്കിടെ വിസ്തരിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിെൻറ മൊബൈൽ ഫോണും ലാപ് ടോപ്പും അടക്കം കോടതിയിൽ നിർണായക തെളിവുകളായ അന്വേഷണ സംഘം ഹാജരാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച കേസിൽ വിചാരണ പൂർത്തിയായിരുന്നു. ഇന്നാണ് കോടതി വിധി പറഞ്ഞത്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാേങ്കായെ വെറുതെ വിട്ട കോടതി വിധി സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണെന്ന് അന്വേഷണത്തിന് നേതൃത്വം കൊടുത്ത കോട്ടയം മുൻ എസ്.പി എസ് ഹരിശങ്കർ പ്രതികരിച്ചിരുന്നു. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതും അപ്രതീക്ഷിതവുമായ വിധിക്കെതിരെ അപ്പീൽ പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പ്രോസിക്യൂഷൻ സാക്ഷികളെല്ലാം വാദത്തിൽ ഉറച്ചു നിൽക്കുകയും ആരും മൊഴിമാറ്റുകയും ചെയ്യാത്ത കേസാണിത്. വലിയ സമ്മർദങ്ങൾ അതിജീവിച്ചാണ് പലരും മൊഴി നൽകാനാത്തെിയതും സാക്ഷി പറഞ്ഞതും. എന്നിട്ടും എന്തുകൊണ്ടാണ് മറിച്ചൊരു വിധി ഉണ്ടായതെന്ന് പരിശോധിക്കണമെന്നും എസ്.പി പറഞ്ഞിരുന്നു.
ഇനി മറ്റെവിടെയും പറയാനില്ലാത്ത ഒരു കന്യാസ്ത്രീയുടെ പരാതിയാണിതെന്നും അതിനെ അങ്ങിനെ കാണണമായിരുന്നെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥൻ സുഭാഷ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.