കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്ന് സിസ്റ്റർ ലൂസി കളപ്പുര
text_fieldsകൊച്ചി: കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിസ്റ്റർ ലൂസി കളപ്പുര. പീഡനം സഹിക്കാവനാവാത്തതിനാലാണ് സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്നും അവർ 'മീഡിയവൺ' ചാനലിനോട് പറഞ്ഞു.
പീഡനകേസ് പ്രതി ഫ്രാങ്കോ മുളക്കൽ ഇപ്പോഴും ആ പദവിയിൽ തുടരുന്നു. സിസ്റ്റർ അഭയയെ കൊന്നവരും പൗരോഹിത്യത്തിൽ തുടരുന്നു. തനിക്ക് മഠത്തിൽ തുടരനാകില്ലെന്ന കോടതിയുടെ പരാമർശം വാക്കാലുള്ളതെന്നും ലൂസി വ്യക്തമാക്കി.
വയനാട്ടിലെ എഫ്.സി കോൺവന്‍റിൽ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ ശരിവെച്ച സാഹചര്യത്തിൽ കോൺവൻറിനോടു ചേർന്നുള്ള ഹോസ്റ്റൽ ഒഴിയുന്നത് സംബന്ധിച്ച് ഹൈകോടതി ലൂസിയോട് വിശദീകരണം തേടിയിരുന്നു. വത്തിക്കാൻ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഹോസ്റ്റലിൽ തുടരാൻ സിസ്റ്റർ ലൂസിക്ക് അവകാശമില്ലെന്ന് വാക്കാൽ നിരീക്ഷിച്ച ജസ്റ്റിസ് രാജ വിജയരാഘവനാണ് വിശദീകരണം നൽകാൻ നിർദേശിച്ചത്. ഹോസ്റ്റലിൽ നിന്ന് ഒഴിയാൻ സമയം അനുവദിക്കാമെന്നും വ്യക്തമാക്കിയിരുന്നു.
പൊലീസ് സംരക്ഷണം തേടി ലൂസി കളപ്പുര നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. എവിടെ താമസിച്ചാലും അവർക്ക് സംരക്ഷണം ഒരുക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എഫ്.സി കോൺവന്‍റിന് പൊലീസ് നിരീക്ഷണമുണ്ടെന്നും ഹരജിക്കാരിയുടെ പരാതികളിൽ നിയമാനുസൃതം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, തീരുമാനം പുനഃപരിശോധിക്കാൻ വത്തിക്കാന് അപേക്ഷ നൽകിയിട്ടുണ്ടെന്നായിരുന്നു സിസ്റ്റർ ലൂസിയുടെ വാദം. ഇതും വത്തിക്കാൻ നിരസിച്ചതായി കോൺവന്‍റ് മദർ സുപ്പീരിയർ കോടതിയെ അറിയിച്ചു. ഹരജി വീണ്ടും ഈ മാസം ആറിന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.