ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കരുതെന്ന് സഹോദരി ഉഷ; `വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാൻ'
text_fieldsതിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാർ എം.എൽ.എയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ശരിയല്ലെന്ന് സഹോദരി ഉഷ മോഹൻദാസ്. കുടുംബ സ്വത്ത് തട്ടിയെടുത്തെന്ന കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കരുത്. ജനകീയ നേതാവാണെങ്കിൽ വീട് നന്നാക്കിയിട്ട് വേണം നാടു നന്നാക്കാനെന്നും ഉഷ പറഞ്ഞു.
2021 മേയിൽ രണ്ടാം പിണറായി സർക്കാറിെൻറ മന്ത്രിസഭാ രൂപവൽകരണത്തിന് മുൻപ് ഗണേഷ് കുമാറിെൻറ സഹോദരി മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്ന് ഗണേഷ് കുമാർ കുടുംബസ്വത്ത് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതി മാത്രമാണ് മുഖ്യമന്ത്രിയെ അറിയിച്ചതെന്നും ഉഷ പറഞ്ഞു. പിതാവ് തയാറാക്കിയ വിൽപത്രവും മറ്റ് രേഖങ്ങളും മുഖ്യമന്ത്രിയെ കാണിച്ചു.
വിൽപത്രത്തിൽ തനിക്ക് അർഹമായ വിഹിതം ലഭിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ കൃത്രിമം നടത്തി സ്വത്ത് തട്ടിയെടുത്തെന്നുമാണ് ഉഷയുടെ ആരോപണം. ഗണേഷിനെതിരെ 2021ൽ ഉഷ നൽകിയ പരാതി കൊട്ടാരക്കര സബ് കോടതിയുടെ പരിഗണനയിലാണ്. രേഖകളുടെ പരിശോധന പൂർത്തിയായി കേസ് ഹിയറിംഗിലേയ്ക്ക് കടക്കുകയാണ്.
രണ്ടാം പിണറായി സർക്കാർ രൂപീകരണസമയത്ത് രണ്ട് മന്ത്രിസ്ഥാനം രണ്ടരവർഷം വീതം ഐ.എൻ.എൽ, ജനാധിപത്യ കേരള കോൺഗ്രസ്, കോൺഗ്രസ് (എസ്), കേരള കോൺഗ്രസ് (ബി) എന്നിവർക്ക് നൽകാൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സർക്കാർ രണ്ടര വർഷം പൂർത്തിയാകുമ്പോൾ ആൻറണി രാജുവിന് പകരം മന്ത്രിയാകേണ്ടത് ഗണേഷ് കുമാറാണ്. ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കാനിരിക്കെയാണ് മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം സി.പി.എം തിരിച്ചെടുത്തത്. എന്നാൽ, ഗണേഷ് കുമാറിെൻറ കത്തിന്റെ അടിസ്ഥാനത്തിൽ ഈ തീരുമാനം നിർത്തിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.