മനസ്സിൽ മലയാളം പറഞ്ഞ സഖാവ്
text_fieldsതിരുവനന്തപുരം: ‘ഹിന്ദിയും ഇംഗ്ലീഷും ബംഗാളിയുമൊക്കെ അറിയാമെങ്കിലും മലയാള ഭാഷയിൽ സംസാരിക്കാൻ കഴിയാത്തതിൽ ഏറെ പ്രയാസമുണ്ടെന്ന്’ ഒരിക്കൽ സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. ദേശീയതലത്തിൽ പാർട്ടിയെ നയിക്കുന്ന അദ്ദേഹം കേരളത്തെ അത്രക്ക് ഇഷ്ടപ്പെട്ടിരുന്നു. ആ ഇഷ്ടം പലകുറി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ഒരു നേതാവിനെ പോലെ തന്നെയായിരുന്നു യെച്ചൂരി. എല്ലാ ജില്ലകളിലും മിക്കവാറും ഏതാണ്ടെല്ലാ സ്ഥലങ്ങളിലുമെത്തി ജനങ്ങളോട് സംവദിച്ചിരുന്ന അദ്ദേഹത്തിന് കേരളം ഉള്ളം കൈയിലെന്ന പോലെയായിരുന്നു. വമ്പൻ പൊതുസമ്മേളനങ്ങളിൽ മാത്രമല്ല ചെറു പരിപാടികൾക്ക് വരാനും അദ്ദേഹത്തിന് മടിയേതുമുണ്ടായില്ല. അതുകൊണ്ടുതന്നെ യെച്ചൂരിയെന്ന പേര് മലയാളികളുടെ മനസ്സിൽ പതിഞ്ഞുകിടപ്പുണ്ട്.
വിദ്യാർഥി-യുവജന നേതാവായും പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായുമൊക്കെ കേരളത്തിൽ പലതവണ വന്ന അദ്ദേഹം, മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും നേർക്കുനേർ പോരാടിയ ഘട്ടത്തിലാണ് കൂടുതൽ ശ്രദ്ധാകേന്ദ്രമായത്. വി.എസിനോട് എന്നും അടുപ്പം സൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹം. പിണറായി പക്ഷം പാർട്ടിയുടെ നിയന്ത്രണം പിടിച്ചപ്പോൾ വി.എസിന്റെ ഭാഗം കേൾക്കാൻ പലപ്പോഴും അദ്ദേഹം തയാറായി. മുഖ്യമന്ത്രി എന്ന നിലയിൽ വി.എസ്. അച്യുതാനന്ദനും പാർട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പിണറായി വിജയനും ഏറ്റുമുട്ടി പാർട്ടി അതിതീക്ഷ്ണമായ പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിലും അതിന്റെ പരിഹാരത്തിന് യെച്ചൂരിയുടെ ഇടപെടലുണ്ടായിരുന്നു. വി.എസിനെ അനുനയിപ്പിക്കാൻ പല ഘട്ടത്തിലും അദ്ദേഹത്തിന് കഴിയുകയും ചെയ്തിരുന്നു.
വി.എസ്. അച്യുതാനന്ദൻ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചപ്പോഴും അത് തിരുത്തിക്കുന്നതിൽ യെച്ചൂരിയുടെ ഇടപെടലുണ്ടായി. 2006ൽ വൻ ഭൂരിപക്ഷത്തിൽ ഇടതുപക്ഷം വിജയിച്ചപ്പോഴും വി.എസിന് മുഖ്യമന്ത്രിയാകുന്നതിൽ ചില തടസ്സങ്ങൾ വന്നു. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് വി.എസിനെ പി.ബി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. 2011ലെ തെരഞ്ഞെടുപ്പിൽ ആദ്യം പാർട്ടി സീറ്റ് നിഷേധിച്ചുവെങ്കിലും വി.എസിനായി തെരുവിലിറങ്ങിയ പ്രവർത്തകരെ പാർട്ടിക്ക് അവഗണിക്കാനായില്ല. തിരുത്തൽ വേണമെന്നുമായിരുന്നു യെച്ചൂരിയുടെ നിലപാട്. തുടർന്ന് മലമ്പുഴയിൽനിന്ന് വി.എസ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.
പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം വി.എസിന് സ്ഥാനം നൽകുന്നതിലും യെച്ചൂരി നിർണായക പങ്കുവഹിച്ചു. പാർട്ടി ജനറൽ സെക്രട്ടറിയെന്ന നിലയിലും സംസ്ഥാനത്ത് സജീവ സാന്നിധ്യമായിരുന്നു സീതാറാം യെച്ചൂരി. മുഖ്യമന്ത്രി പിണറായി വിജയൻ അതിശക്തനായതോടെ കേരളത്തിന്റെ കാര്യത്തിൽ വലിയ ഇടപെടൽ കേന്ദ്ര നേതൃത്വത്തിൽ വന്നിരുന്നില്ല. കേരളത്തിലെ ഭരണ നേതൃത്വത്തേക്കാൾ കേന്ദ്ര നേതൃത്വം ദുർബലമായി. പൊതുവേ കേരളത്തിലെ കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പാർട്ടിക്കും വിട്ടുകൊടുക്കുകയായിരുന്നു കേന്ദ്ര നേതൃത്വം. എങ്കിലും വി.എസിനുതന്നെ ഇത്രയും പോരാടാൻ കഴിഞ്ഞതിൽ യെച്ചൂരിയുടെ ശക്തമായ ഇടപെടലുകളുണ്ടായിരുന്നുവെന്നത് തള്ളിക്കളയാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.