കനലെരിയുന്ന കാവുമ്പായിയിലും പ്രിയ സഖാവെത്തി...
text_fieldsശ്രീകണ്ഠപുരം: ഓർമയിൽ കനലെരിയാത്ത കാവുമ്പായിയുടെ മണ്ണിലും പ്രിയ സഖാവെത്തി. വിപ്ലവ ചരിത്രത്തില്‍ ചോര കൊണ്ട് ചരിത്രമെഴുതിയ കാവുമ്പായിൽ രക്തസാക്ഷി അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് കഴിഞ്ഞ ഡിസംബർ 30ന് സീതാറാം യെച്ചൂരിയെത്തിയത്.
ജില്ലയിലെ സി.പി.എമ്മിന്റെ ഏറ്റവും പ്രധാനപ്പെട്ട വിപ്ലവ സ്മരണയുള്ള പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം അവസാനമെത്തിയതും ശ്രീകണ്ഠപുരം ഏരിയയിലെ കാവുമ്പായിലാണ്. അദ്ദേഹം മലയോര മണ്ണിലെത്തിയ ഓർമ സഖാക്കൾ ആവേശപൂർവം പറയുന്നുണ്ട്. പഴയതും പുതിയതുമായ സഖാക്കളുടെ സ്നേഹവും ആദരവും ഏറ്റുവാങ്ങി രാത്രി ഭക്ഷണവും കഴിച്ചാണ് അന്ന് യെച്ചൂരി തിരിച്ചുപോയത്. ജില്ല സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥന്റെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണമാണ് യെച്ചൂരിക്ക് നല്‍കിയിരുന്നത്. വന്‍ ജനാവലിയായിരുന്നു അദേഹത്തിന്റെ പ്രസംഗം കേള്‍ക്കാനെത്തിയത്.
മോദിയുടെ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചായിരുന്നു പ്രസംഗം. ഇംഗ്ലീഷിലായിരുന്നു പ്രസംഗമെങ്കിലും ഇംഗ്ലീഷ് പ്രാഥമിക അറിവുള്ളവര്‍ക്ക് പോലും മനസ്സിലാകുന്നരീതിയില്‍ ലളിതമായിരുന്നു വാക്കുകള്‍.
കാവുമ്പായി രക്തസാക്ഷി ദിനാചരണത്തിനുശേഷം പിന്നീട് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ ഏപ്രില്‍ മാസം മമ്പറത്തും പഴയങ്ങാടിയിലും എല്‍.ഡി.എഫ് റാലിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. ജാടയില്ലാതെ എന്നും സാധാരണക്കാരനെ ചേർത്തുപിടിച്ച സഖാവാണ് വിടവാങ്ങിയതെന്ന് വിപ്ലവ മണ്ണിലെ പഴയ സഖാക്കൾ ഓർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.