ഇ. അഹ്‌മദിന്‍റെ ആശയ-നിലപാടുകൾ ഇന്നും പ്രസക്തമെന്ന് സീതാറാം യെച്ചൂരി
text_fieldsന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ ഇ. അഹ്‌മദിന്‍റെ ആശയങ്ങളും നിലപാടുകളും ഇന്നും പ്രസക്തമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അദ്ദേഹവുമായി ദീർഘ കാലത്തെ വ്യക്തിബന്ധമുണ്ട്. രാഷ്ട്രീയ ഭിന്നതകൾ മറന്ന് ഒരുമിച്ച് നിൽക്കാൻ യു.പി.എ കാലത്ത് സാധിച്ചുവെന്നും യെച്ചൂരി പറഞ്ഞു. കെ.എം.സി. സി ഡൽഹി ഘടകം സംഘടിപ്പിച്ച ഇ. അഹ്മദ് അനുസ്മരണ സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു യെച്ചൂരി.
മതേതര ജനാധിപത്യ ഭരണത്തിന് മാത്രമേ ഇന്ത്യയുടെ ബഹുസ്വരതയും മതേതരത്വവും ഒരുമിച്ച് കൊണ്ടു പോകാൻ കഴിയൂ. ഇലക്ടറൽ ബോണ്ട് റദ്ദാക്കണമെന്ന സുപ്രീം കോടതി വിധി പ്രതീക്ഷ നൽകുന്നതാണ്. സുപ്രീംകോടതി ചിലപ്പോഴെങ്കിലും നമ്മളെ അമ്പരപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാ പാർട്ടികളിലുമുള്ള അഴിമതിക്കാരായ നേതാക്കൾ ഇന്ന് ബി.ജെ.പിയിൽ ചേരുന്നു. ഇ.ഡിയെയും മറ്റും ദുരുപയോഗിച്ച് മറ്റു പാർട്ടികളിൽ നിന്നും ആളുകളെ മെരുക്കി സ്വന്തം പാളയത്തിൽ എത്തിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് യെച്ചൂരി പറഞ്ഞു.
മുസ്‍ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സാദിഖലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗത്തിന്‍റെയും സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗമനത്തിന് നിലകൊണ്ട നേതാവായിരുന്നു ഇ. അഹ്മദെന്ന് അദ്ദേഹം പറഞ്ഞു.
ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്‍റ് പ്രഫ. കെ.എം. ഖാദർ മൊയ്തീൻ, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, കെ.എം.സി.സി പ്രസിഡന്‍റ് അഡ്വ. ഹാരിസ് ബീരാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.