ശിശുക്ഷേമ സമിതിയംഗം സിറ്റിങ് ഫീ വാങ്ങുന്നത് തെരഞ്ഞെടുപ്പ് അയോഗ്യതയെന്ന് ഹൈകോടതി
text_fieldsകൊച്ചി: ശിശുക്ഷേമ സമിതിയംഗമെന്ന നിലയിൽ പ്രതിഫലത്തിെൻറ സ്വഭാവത്തിലുള്ള സിറ്റിങ് ഫീ കൈപ്പറ്റുന്നത് തദ്ദേശ സ്ഥാപനത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള അയോഗ്യതയെന്ന് ഹൈകോടതി. എറണാകുളം കൂത്താട്ടുകുളം നഗരസഭാംഗമായിരുന്ന സീന ജോൺസണിെൻറ തെരഞ്ഞെടുപ്പ് റദ്ദാക്കിയുള്ള തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ് ശരിവെച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിെൻറ നിരീക്ഷണം.
2015 ജൂൺ 17ന് ശിശുക്ഷേമ സമിതിയംഗമായി നിയമിക്കപ്പെട്ടെങ്കിലും കോടതിയിലെ കേസ് തീർപ്പായശേഷം 2017 ആഗസ്റ്റ് 29നാണ് ചുമതലയേറ്റത്. ഇതിനിടെ 2015 നവംബറിലാണ് നഗരസഭാംഗമായത്. എന്നാൽ, ശിശുക്ഷേമ സമിതിയംഗത്വം ചൂണ്ടിക്കാട്ടി നഗരസഭയിലെ വോട്ടറായ അരുൺ വി. മോഹൻ നൽകിയ പരാതിയിൽ മുനിസിപ്പാലിറ്റി നിയമത്തിലെ 86ാം വകുപ്പ് പ്രകാരം നഗരസഭാംഗത്വം റദ്ദാക്കുകയായിരുന്നു. ഇത് ചോദ്യംചെയ്താണ് സീന ൈഹകോടതിയെ സമീപിച്ചത്. ശിശുക്ഷേമ സമിതിയംഗമെന്ന നിലയിൽ പ്രതിഫലമോ അലവൻസുകളോ ഓണറേറിയമോ കൈപ്പറ്റുന്നില്ലെന്നും സമിതി അംഗമെന്ന നിലയിലുള്ള പ്രവർത്തനത്തിെൻറ ഭാഗമായി ചെലവാകുന്ന തുകയാണ് സിറ്റിങ് ഫീയിലൂടെ ലഭിക്കുന്നതെന്നുമായിരുന്നു ഹരജിക്കാരിയുടെ വാദം.
മുനിസിപ്പാലിറ്റി നിയമപ്രകാരം അയോഗ്യതക്ക് കാരണമാകുന്നവിധം സർക്കാർ സ്ഥാപനങ്ങളിലോ ഏതെങ്കിലും ബോർഡിലേയോ സർക്കാർ ഓഹരിയുള്ള കമ്പനിയിലേയോ ജീവനക്കാരിയല്ല. ഇക്കാര്യങ്ങളൊന്നും അംഗീകരിക്കാതെയാണ് തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യയാക്കിയതെന്നും വ്യക്തമാക്കി.
ബാലനീതി നിയമ പ്രകാരം രൂപവത്കരിക്കപ്പെട്ട ശിശുക്ഷേമ സമിതിയിലെ അംഗത്തെ സർക്കാർ ജീവനക്കാരിയായി കാണാനാവില്ലെങ്കിലും പ്രത്യേകം പരാമർശിച്ചിട്ടില്ലാത്തവയൊഴികെ സർക്കാർ ഓണറേറിയം കൈപ്പറ്റുന്നവരെയെല്ലാം വിശാല അർഥത്തിൽ ഈ ഗണത്തിൽപ്പെടുത്താമെന്ന് കോടതി വിലയിരുത്തി. ജീവനക്കാരല്ലാത്തവർ നൽകുന്ന സേവനത്തിന് സർക്കാർ നൽകുന്ന പ്രതിഫലമാണ് ഓണറേറിയം. ഇത് കൈപ്പറ്റുന്നയാൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുണ്ട്. ഹരജിക്കാരിയുടെ സേവനം കണക്കിലെടുത്താണ് ബാലനീതി നിയമ പ്രകാരം നിശ്ചയിച്ച തുക സിറ്റിങ് ഫീയായി നൽകുന്നത്. പ്രതിഫലത്തിെൻറ സ്വഭാവമുള്ളതിനാൽ ഈ തുകയും ഓണറേറിയത്തിെൻറ പരിധിയിൽവരുമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.