കേരളത്തിലെ സ്ഥിതി രാജ്യത്തിന് ഭീഷണി; അമിത് ഷായോട് പറയും -കെ. സുരേന്ദ്രന്‍
text_fieldsപാലക്കാട്: കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിന് എല്ലാ സഹായങ്ങളും ഒത്താശയും നല്‍കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തിലെ ഗുരുതര സ്ഥിതി കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. ഈ വരുന്ന 29ന് കേന്ദ്രആഭ്യന്ത മന്ത്രി അമിത്ഷാ കേരളത്തിലെത്തുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
മറ്റൊരു സംസ്ഥാനത്തുമില്ലാത്ത തരത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനത്തിന് കേരളസര്‍ക്കാര്‍ സഹായം നല്‍കുന്നു. സി.ബി.ഐ അന്വേഷണം നടത്തുന്നതിനെ പിണറായി സര്‍ക്കാര്‍ എതിര്‍ക്കുന്നത് അക്കാരണത്താലാണ്. പോപുലര്‍ ഫ്രണ്ടിനെ ആർ.എസ്.എസ്സുമായി താരതമ്യം ചെയ്യുന്നത് അവരെ വെള്ളപൂശാനാണെന്നും കെ. സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കേരളത്തില്‍ സര്‍ക്കാരിന്റെ എല്ലാ ഒത്താശയോടും കൂടിയാണ് എസ്ഡിപിഐ പ്രവര്‍ത്തിക്കുന്നത്. പൊലീസിന്റെ കൈകളില്‍ സിപിഎം വിലങ്ങുവച്ചിരിക്കുകയാണ്. ഭീകരവാദ കേസുകള്‍ അന്വേഷിക്കുന്നതില്‍ പൊലീസ് ദയനീയമായി പരാജയപ്പെട്ടു. എസ്ഡിപിഐ നടത്തുന്ന കൊലപാതകങ്ങളിലെ പ്രതികളെ പൊലീസും സിപിഎമ്മും സഹായിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ രൂപപ്പെട്ടിട്ടുള്ള ഗുരുതര സ്ഥിതി മറ്റൊരു സംസ്ഥാനത്തുമില്ല. രാജ്യത്തിനുമുഴുവന്‍ ഭീഷണിയാണിത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. പാലക്കാട്ടെയും ആലപ്പുഴയിലെയും വയാലാറിലെയുമൊക്കെ കൊലപാതകങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി ചൂണിക്കാട്ടി ലഘൂകരിക്കാനാണ് നീക്കം. രാജ്യം നേരിടുന്ന വലിയ വിപത്താണിത്.
ആലപ്പുഴയിലും വയലാറിലും പാലക്കാട്ടും നടത്തിയ കൊലപാതകങ്ങളെല്ലാം ഏകപക്ഷീയമാണെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മുന്‍കേസുകളിലെല്ലാം പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിലും പൊലീസ് ശ്രമിച്ചില്ല.
പാലക്കാട്ടെ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ അലംഭാവം ഉണ്ടായപ്പോഴാണ് ഹൈകോടതിയില്‍ സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ എസ്ഡിപിഐക്ക് അനുകൂല നിലപാടാണവിടെ സ്വീകരിച്ചത്. സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത സര്‍ക്കാര്‍ പ്രതികളുടെ വാദം കേള്‍ക്കണമെന്ന വിചിത്രമായ കാരണമാണ് പറഞ്ഞത്.
സിബീഐ വന്നാല്‍ ഗൂഢാലോചന പുറത്തുവരുമെന്ന ഭയത്താല്‍ തീവ്രവാദികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചത്. കേസുകള്‍ സിബിഐ അന്വേഷിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് എതിര്‍ക്കുന്നത്. തനി മതഭീകരവാദ സംഘടനയുമായി മേശക്കിരുപുറവുമിരുന്ന് എന്തു ചര്‍ച്ചയാണ് നടത്തേണ്ടതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.