പോളണ്ട് അതിർത്തിയിൽ സ്ഥിതി ഗുരുതരം- കേരളം
text_fieldsന്യൂഡൽഹി: താരതമ്യേന ശാന്തമായ ഹംഗറി, റുമേനിയ അതിർത്തി വഴി കുറച്ച് മലയാളികളെ കൊണ്ടുവരാൻ സാധിച്ചെങ്കിലും നിരവധി പേർ കുടുങ്ങിക്കിടക്കുന്ന യുക്രെയ്ന്റെ പോളണ്ട് അതിർത്തിയിൽ സ്ഥിതി ഗുരുതരമാണെന്ന് കേരളം കേന്ദ്ര സർക്കാറിനെ അറിയിച്ചു. രക്ഷദൗത്യത്തിലൂടെ യുക്രെയ്നിൽ നിന്ന് ഡൽഹിയിലെത്തിയ മലയാളി വിദ്യാർഥികളുമായി ആശയവിനിമയം നടത്തിയ ശേഷം കേരളത്തിന്റെ സ്പെഷൽ ഓഫിസർ വേണുരാജാമണിയാണ് ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്.
മലയാളി വിദ്യാർഥികൾ ആവശ്യപ്പെട്ടത് പോലെ റഷ്യ അതിർത്തി വഴി രക്ഷപ്പെടുത്തുന്ന കാര്യവും വിദേശ മന്ത്രാലയവുമായി സംസാരിച്ചുവെന്നും വേണു രാജാമണി പറഞ്ഞു. പോളണ്ടിന്റെ അതിർത്തിയിലെ വലിയ തിക്കും തിരക്കും പ്രതിസന്ധിയായിട്ടുണ്ട്. യുക്രെയ്ൻ പട്ടാളം തിരിച്ചയക്കുന്നതു മൂലം അതിർത്തിക്കപ്പുറത്ത് നിൽക്കുന്ന ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. യുക്രെയ്ൻ ഭടന്മാരുടെ മോശം പെരുമാറ്റവുമുണ്ട്. കേന്ദ്ര സർക്കാറാണ് ഇതിൽ ഇടപെടേണ്ടത്. യുക്രെയ്ൻ സർക്കാർ വഴി മാത്രമെ ഭടന്മാരെ നിയന്ത്രിക്കാൻ കഴിയൂ. റഷ്യയെ ചെറുത്തുനിൽക്കുന്നതിലാണ് അവരുടെ ശ്രദ്ധ. ഇന്ത്യൻ എംബസി സ്റ്റാഫും യുദ്ധമുഖത്താണ്. പോളണ്ട് അതിർത്തിയിൽ കുടുങ്ങിയവരെ കുറിച്ച് 'മീഡിയ വൺ' ഓൺലൈൻ വാർത്ത വന്ന ശേഷം കേരള സർക്കാർ അതിനെ പിന്തുടരുകയാണെന്ന് വേണു രാജാമണി പറഞ്ഞു.
ഇതിനിടെ, മലയാളി വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാർ പോളണ്ട് അതിർത്തിയിൽ അക്രമം നേരിട്ടത് യുക്രെയ്ൻ സ്ഥാനപതിയെ ധരിപ്പിച്ചുവെന്നും ആവർത്തിക്കാതിരിക്കാനുള്ള നടപടി ആവശ്യപ്പെട്ടുവെന്നും കേന്ദ്ര വിദേശ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.