കേസ് സൂക്ഷ്മാനന്ദക്ക് പ്രസിഡന്‍റാകാന്‍ –സ്വാമി സാന്ദ്രാനന്ദപുരി
text_fields
വര്‍ക്കല: ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്ത നടപടി ഏകപക്ഷീയവും തങ്ങളെ കേള്‍ക്കാതെയുള്ളതാണെന്നും കോടതി ഉത്തരവിലൂടെ അസാധുവാക്കപ്പെട്ട ഭരണസമിതിയുടെ ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പുരി. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് നടപടിക്രമങ്ങളെല്ലാം പാലിച്ചുകൊണ്ടാണെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ധര്‍മസംഘം ട്രസ്റ്റ് നിയമാവലി അനുശാസിക്കുന്ന എല്ലാ പ്രക്രിയകളും അനുവര്‍ത്തിച്ചിട്ടുണ്ട്. ആദ്യത്തെ യോഗം വിളിച്ചതുമായി ബന്ധപ്പെട്ട് ഹരജിക്കാരായ സ്വാമി കൃഷ്ണാനന്ദയും സുകൃതാനന്ദയും ആറ്റിങ്ങല്‍ സബ്കോടതിയില്‍ നല്‍കിയ ഹരജി കോടതി തള്ളിക്കളഞ്ഞതാണ്.
ട്രസ്റ്റ് ബോര്‍ഡില്‍ അംഗമല്ലാത്തവരാണ് ഹരജിയിലൂടെ രംഗത്തുനില്‍ക്കുന്നത്. അവര്‍ സ്വാമി സൂക്ഷ്മാനന്ദയെ പിന്തുണക്കുന്നവരാണ്. പ്രസിഡന്‍റാകാന്‍ സൂക്ഷ്മാനന്ദക്കും ആഗ്രഹമുണ്ട്. അതിനായാണ് കേസും വഴക്കുമൊക്കെയുണ്ടാക്കുന്നത്. തങ്ങളുടെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈകോടതിയെതന്നെ സമീപിക്കുമെന്ന് സാന്ദ്രാനന്ദ പുരി പറഞ്ഞു.
സൂക്ഷ്മാനന്ദ യോഗ്യന്‍ –സ്വാമി പ്രകാശാനന്ദ
വര്‍ക്കല: ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ഭാരവാഹി തെരഞ്ഞെടുപ്പ് ഹൈകോടതി ഇടക്കാല ഉത്തരവിലൂടെ റദ്ദാക്കുകയും പൂര്‍വസ്ഥിതി തുടരാന്‍ ഉത്തരവിടുകയും ചെയ്ത സാഹചര്യത്തില്‍ ട്രസ്റ്റ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതായി സ്വാമി പ്രകാശാനന്ദ അറിയിച്ചു. കേസും വഴക്കുമൊക്കെ സൂക്ഷ്മാനന്ദക്ക് ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റാകാന്‍ വേണ്ടിയാണെന്ന സ്വാമി സാന്ദ്രാനന്ദപുരിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ‘സ്വാമി സൂക്ഷ്മാനന്ദ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റാകാന്‍ മുമ്പും ശ്രമിച്ചിട്ടില്ല, ഇപ്പോഴും ശ്രമിക്കുന്നില്ല’ എന്നായിരുന്നു മറുപടി. എന്നാല്‍, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റാകാന്‍ അദ്ദേഹം യോഗ്യനാണെന്നും സ്വാമി പ്രകാശാനന്ദ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.