ഗുരുഭക്തിയിലലിഞ്ഞ് ആയിരങ്ങൾ അണിചേർന്ന തീർഥാടക ഘോഷയാത്ര
text_fieldsവര്‍ക്കല: 85-ാമത് ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് പീതാംബരധാരികളായ ആയിരക്കണക്കിന് തീര്‍ഥാടകര്‍ അണിനിരന്ന ഘോഷയാത്ര നടന്നു. സംസ്ഥാനത്തിെൻറ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പദയാത്രകളിലെ അംഗങ്ങളും തീർഥാടകരായെത്തിയ മറ്റ് ശ്രീ നാരായണീയരും ഘോഷയാത്രയില്‍ അണിനിരന്നു. ശനിയാഴ്ച പുലര്‍ച്ചെ നാലിന് വിശേഷാല്‍ പൂജകള്‍ക്കും സമൂഹപ്രാർഥനക്കും ശേഷം മഹാസമാധിയില്നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.
ശിവഗിരി മഠത്തിെൻറ ധർമപതാകയുടെയും തീര്‍ഥാടക ഘോഷയാത്ര ബാനറിനും പിന്നില്‍ ശ്രീനാരായണ മെഡിക്കല്‍ മിഷന് ആശുപത്രിയിലെയും നഴ്സിങ് കോളജിലെയും പീതാംബരധാരികളായ വിദ്യാർഥിനികള്‍ താലപ്പൊലിയുമായി നിരന്നു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദയുടെയും ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെയും നേതൃത്വത്തിൽ ശിവഗിരിയിലെ മറ്റ് സന്യാസിമാരും ബ്രഹ്മവിദ്യാര്ഥികളും ചേര്‍ന്ന് ഗുരുദേവ റിക്ഷ ആനയിച്ചു.
പദയാത്രസംഘങ്ങളും ഘോഷയാത്രയില്‍ പങ്കെടുത്തു. എസ്.എൻ.ഡി.പി യൂനിയനുകള്‍, ഗുരുധര്‍മ പ്രചാരണസഭയുടെ സംസ്ഥനത്തും പുറത്തുമുള്ള വിവിധ യൂനിറ്റുകൾ, ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലും തീര്‍ഥാടകര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.
മഠ് ജങ്ഷന് വഴി മൈതാനം ടൗണിലെത്തിയ ഘോഷയാത്ര റെയില്‍വേ സ്റ്റേഷന് മൈതാനം ചുറ്റി തിരികെ ശിവഗിരിയിലെത്തി. സ്വാമി സച്ചിദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അമേയാനന്ദ, സ്വാമി സദ്രൂപാനന്ദ തുടങ്ങിയവരും ഘോഷയാത്രയുടെ മുൻനിരയിൽ അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.