ശ്രീനാരയണഗുരു മാനവികതയുടെ വിപ്ലവകാരി –ദീപക് വസന്ത് കേസർക്കാർ
text_fieldsവർക്കല: മഹാനായ ഋഷിയും സാമൂഹിക പരിഷ്കർത്താവും തത്ത്വചിന്തകനുമായ ശ്രീനാരായണ ഗുരു ഇന്ത്യയുടെ മാത്രം ഗുരുവല്ല ലോക ഗുരുവാണെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദീപക് വസന്ത് കേസർക്കാർ. 85ാമത് ശിവഗിരി തീർഥാടനത്തിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുവിെൻറ ജീവിതവും സന്ദേശങ്ങളും ഏതു കാലത്തും പ്രസക്തവും സാമൂഹികനീതിയുടെ ഉദ്ധാരണത്തിനായുള്ള മാർഗദർശനങ്ങളുമാണ്. ജാതിരഹിത സമൂഹ സൃഷ്ടിക്കാനാണ് ഗുരു പ്രവർത്തിച്ചത്. ജാതിരഹിത സമൂഹമെന്ന ദർശനം വർത്തമാനകാലത്ത് ഏറ്റവും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പിക്ക് ജാതി പറയാൻ അവകാശമില്ലെന്ന ചില ബുദ്ധിജീവികളുടെ വാദത്തെ അംഗീകരിക്കുന്നില്ലെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഭരണഘടന പോലും പൊളിച്ചെഴുത്ത് ഭീഷണി നേരിടുന്നതാണ് പുതിയ കാലമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ശിവഗിരി ജാതി പറയാനുള്ള ഇടമല്ലെന്ന് ഡോ.എ. സമ്പത്ത് എം.പി പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിയുടെ പരാമർശങ്ങളെ പേരെടുത്തു പറയാതെ സമ്പത്ത് കടുത്തഭാഷയിലാണ് വിമർശിച്ചത്. ശിവഗിരി തീർഥാടനത്തിന് ആളുകളെത്തുന്നത് ആരും ക്ഷണിച്ചിട്ടല്ല. ശ്രീനാരായണദർശനങ്ങളെ അറിയാനും പഠിക്കാനും ഉൾക്കൊള്ളാനുമാണ് ജാതിമത ഭേദമില്ലാതെ തീർഥാടകരെത്തുന്നതെന്നും സമ്പത്ത് പറഞ്ഞു. സ്വാമി സച്ചിദാനന്ദ അധ്യക്ഷതവഹിച്ചു.
അഡ്വ.വി. ജോയി എം.എൽ.എ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, ഡോ സുധാകരൻ, ഡോ. മോഹൻസിങ് മൂത്തേടത്ത്, എൻ.എസ്. സലിംകുമാർ, അഡ്വ. അനിൽകുമാർ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, മുംബൈ സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.