ഭക്തിസാന്ദ്രമായി ശിവഗിരി; 90ാമത് തീർഥാടനത്തിന് നാളെ തുടക്കം
text_fieldsശിവഗിരി (വർക്കല): ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ 90ാമത് തീർഥാടനം നാളെ ആരംഭിക്കും. രാവിലെ 9.30ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തീർഥാടനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി 13 സമ്മേളനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിലേക്കുള്ള അറിവിന്റെ യാത്രയായ തീർഥാടനത്തിൽ ഇക്കുറി 50 ലക്ഷത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ അറിയിച്ചു.
പീതാംബരധാരികളായ തീർഥാടകരുടെ പ്രവാഹം ഇതിനകം ശിവഗിരിയിലേക്ക് ആരംഭിച്ചിട്ടുണ്ട്. ശിവഗിരി കുന്നുകളും താഴ്വാരവും ശ്രീനാരായണ മന്ത്രധ്വനികളാൽ മുഖരിതമാണ്. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തീർഥാടനത്തിന് പതാക ഉയർത്തും. തീർഥാടക സമ്മേളനം 31ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോവിഡിന്റെ ദുരിതകാലത്തിന് ശേഷം സമ്പൂർണ ഉത്സവ പ്രതീതിയിലാണ് ഇത്തവണ തീർഥാടനം.
തീർഥാടന നഗരത്തിൽ ഭക്ഷണമൊരുക്കാനുള്ള കാർഷികോൽപന്നങ്ങളുമായി സംസ്ഥാനത്തിനകത്തും പുറത്തുംനിന്നുമായി നിരവധി സംഘങ്ങളും എത്തിയിരുന്നു. അന്നദാനത്തിനായി കൂറ്റൻ പന്തലും സജ്ജമാണ്. ഔദ്യോഗിക പദയാത്രകൾ വ്യാഴാഴ്ച വൈകീട്ട് ശിവഗിരിയിൽ സമാപിച്ചു. എസ്.എൻ.ഡി.പി ശാഖകളിൽ നിന്നും ഗുരുധർമ പ്രചാരണ സഭാ യൂനിറ്റുകളിൽനിന്നും വിദേശ രാജ്യങ്ങളിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുമായി പുറപ്പെട്ട തീർഥാടന പദയാത്രകളെല്ലാം ശിവഗിരിയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.