ശിവഗിരി ധര്‍മസംഘം ട്രസ്റ്റ്: സമവായം പൊളിഞ്ഞപ്പോള്‍ തെരഞ്ഞെടുപ്പ്; വീണ്ടും സമവായ സാധ്യത
text_fieldsവര്‍ക്കല: ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ ബോര്‍ഡിലേക്ക് 11 പേരെ തെരഞ്ഞെടുത്തെങ്കിലും ഭാരവാഹികള്‍ ആരൊക്കെയെന്ന് അറിയാന്‍ ഇനിയും ഒരാഴ്ച കാത്തിരിക്കണം. പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് സമവായത്തിനുള്ള സാധ്യതയാണുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിക്കും മുമ്പേ സമവായമെന്ന ആശയത്തിലേക്ക് വോട്ടര്‍പട്ടികയിലുള്ള 36 സന്യാസിമാര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സ്വാമി ശാരദാനന്ദയുടെ നേതൃത്വത്തിലായിരുന്നു ഇത്. 11 പേരുടെ പട്ടികക്ക് ഈ 36 സന്യാസിമാര്‍ പിന്തുണയും നല്‍കി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 15 സന്യാസിമാര്‍ ഒപ്പിട്ട കത്ത് ഭരണസമിതിക്ക് കൈമാറിയിരുന്നു. നിലവിലെ ഭാരവാഹികളില്‍ സ്വാമി പ്രകാശാനന്ദ മാത്രമാണ് സമവായ പട്ടികയില്‍ ഇടംപിടിച്ചത്. ജനറല്‍ സെക്രട്ടറിയായ സ്വാമി ഋതംഭരാനന്ദയും ഗുരുധര്‍മ പ്രചാരണ സഭാ സെക്രട്ടറിയായ സ്വാമി ഗുരുപ്രസാദും ഉണ്ടായിരുന്നില്ല. സ്വാമി സൂക്ഷ്മാനന്ദയും സമവായത്തിന് അനുകൂല നിലപാട് കൈക്കൊണ്ടതായി അറിയുന്നു.
പക്ഷേ, ചര്‍ച്ച അവസാനം തെരഞ്ഞെടുപ്പിലേക്ക് നീങ്ങി. തുടര്‍ന്ന് ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 53 പേര്‍ വോട്ട് ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട 11 സന്യാസിമാരില്‍ ആറുപേര്‍ നിലവിലെ ട്രസ്റ്റില്‍ അംഗങ്ങളാണ്. സ്വാമി ഋതംഭരാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി സദ്രൂപാനന്ദ, സ്വാമി സാന്ദ്രാനന്ദഗിരി, സ്വാമി ഗുരുപ്രസാദ്, സ്വാമി പരാനന്ദ എന്നിവരാണവര്‍. 29 സന്യാസിമാരാണ് മത്സരിച്ചത്. അവര്‍ മൂന്ന് ഗ്രൂപ്പില്‍ നില്‍ക്കുന്നവരാണെങ്കിലും ഒരു ഗ്രൂപ്പിനും ഭൂരിപക്ഷമില്ല. സമവായ സാധ്യതയിലേക്കാണ് ഇത് നയിക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് ഭാരവാഹികളെ തീരുമാനിക്കുമെന്നാണ് സ്വാമി ഋതംഭരാനന്ദയും സ്വാമി സൂക്ഷ്മാനന്ദയും പറയുന്നത്. ഭാരവാഹികളെ സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നില്ളെന്നും അതിന് ഇപ്പോള്‍ പ്രസക്തിയില്ളെന്നും അവര്‍ പറയുന്നു.
നിയമപ്രകാരം ഏഴുദിവസം മുമ്പ് നോട്ടീസ് നല്‍കിവേണം ബോര്‍ഡ് മീറ്റിങ് വിളിച്ചുകൂട്ടാന്‍. അതേസമയം, പ്രായാധിക്യത്താല്‍ ക്ഷീണിതനായതാണ് നിലവില്‍ പ്രസിഡന്‍റായിരുന്ന സ്വാമി പ്രകാശാനന്ദയുടെ പരാജയകാരണമെന്ന് പറയപ്പെടുന്നു. അദ്ദേഹം മത്സരിക്കില്ളെന്നായിരുന്നു സന്യാസിമാര്‍ പൊതുവെ ധരിച്ചിരുന്നത്.
പക്ഷേ, സന്യാസിമാരില്‍ ബഹുഭൂരിപക്ഷവും അദ്ദേഹത്തിന് വോട്ട് ചെയ്യേണ്ടതില്ളെന്ന പൊതു തീരുമാനത്തിലായിരുന്നു. സ്വാമി പ്രകാശാനന്ദ വിജയിച്ചാല്‍ സാമാന്യതത്ത്വം അനുസരിച്ച് അദ്ദേഹത്തെതന്നെ പ്രസിഡന്‍റ് ആക്കാന്‍ നിര്‍ബന്ധിതരാകും. അതിനാല്‍ വോട്ട് ചെയ്യാതിരിക്കലാണ് ബുദ്ധിയെന്ന് അവര്‍ കരുതി. 1995ലും 2006ലും 2011ലും സ്വാമി പ്രകാശാനന്ദയായിരുന്നു ധര്‍മസംഘം ട്രസ്റ്റിനെയും ശിവഗിരിമഠത്തെയും നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.