ശിവരാമന്റെ ആത്മഹത്യ: പി.എഫ് ഓഫിസ് തെളിവെടുപ്പ് പൂർത്തിയായി
text_fieldsകൊച്ചി: പി.എഫ് തുക ലഭിക്കാത്തതിൽ മനംനൊന്ത് തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എറണാകുളം റീജനൽ പി.എഫ് ഓഫിസിലെ തെളിവെടുപ്പ് പൊലീസ് പൂർത്തിയാക്കി. ഇ.പി.എഫ് കലൂർ റീജനൽ ഓഫിസിൽ പൊലീസും സ്പെഷൽ ബ്രാഞ്ചും തെളിവെടുപ്പ് നടത്തിയിരുന്നു.
അർഹമായ തുക തടഞ്ഞുവെച്ച ഉദ്യോഗസ്ഥരിൽ ചിലരുടെ പേര് ഉൾപ്പെടുന്ന ആത്മഹത്ക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതുപ്രകാരം ഉദ്യോഗസ്ഥരിൽനിന്ന് മൊഴിയെടുത്തിട്ടുണ്ട്.
2019ൽ ഓൺലൈനായി ലഭിച്ച അപേക്ഷ മാത്രമേ ശിവരാമന്റേതായി എത്തിയിട്ടുള്ളൂവെന്നാണ് ഇ.പി.എഫ് ഉദ്യോഗസ്ഥർ പൊലീസിന് നൽകിയിരിക്കുന്നതെന്നാണ് വിവരം. ആധാർ രേഖയിലെ പ്രായവും യഥാർഥ ജനന തീയതിയും തമ്മിൽ മൂന്നുവർഷത്തിലേറെ വ്യത്യാസമുണ്ടായിരുന്നതിനാൽ പ്രായം തെളിയിക്കുന്നതിന് അനുബന്ധരേഖ ആവശ്യപ്പെട്ടിരുന്നു. അവ ഹാജരാക്കാതിരുന്നതിനാൽ അപേക്ഷ തള്ളുകയായിരുന്നുവെന്നുമാണ് സൂചന.
ചൊവ്വാഴ്ച ഉച്ചക്കാണ് പേരാമ്പ്ര പണിക്കവളപ്പിൽ പി.കെ. ശിവരാമനെ (68) വിഷം ഉള്ളിൽച്ചെന്ന നിലയിൽ പി.എഫ് റീജനൽ ഓഫിസിലെ ശുചിമുറിയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചയോടെ മരിച്ചു. പേരാമ്പ്രയിലെ അപ്പോളോ ടയേഴ്സിൽ കരാർ തൊഴിലാളിയായി വിരമിച്ച ശിവരാമൻ തനിക്ക് ലഭിക്കാനുണ്ടായിരുന്ന 80,000 രൂപക്കായി ഓഫിസ് കയറിയിറങ്ങുകയായിരുന്നു. ഇതിനിടെ, അർബുദബാധിതനായി. ജനനത്തീയതി തെളിയിക്കുന്ന സ്കൂൾരേഖ ഹാജരാക്കാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. മൂന്നാം ക്ലാസ് വരെ മാത്രം പഠിച്ച ശിവരാമൻ ഇതിനായി സ്കൂളിലെത്തിയെങ്കിലും വർഷങ്ങൾ പഴക്കമുള്ള രേഖ കണ്ടെടുക്കാനായില്ല. ഇതോടെ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ബന്ധുക്കൾ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.