ശിവശങ്കർ എൻ.ഐ.എ ഓഫിസിലെത്തി; ചോദ്യം ചെയ്യൽ ആരംഭിച്ചു
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ നിർണായകമായ ചോദ്യം ചെയ്യലിനായി മുൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കർ എൻ.ഐ.എ ഓഫിസിലെത്തി. എന്‍.ഐ.എയുടെ ഡൽഹി, ഹൈദരാബാദ് യൂണിറ്റുകളിലെ വിദഗ്ദ്ധ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിൽ പങ്കെടുക്കും. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയുള്ള ചോദ്യം ചെയ്യൽ മുഴുവനായും ക്യാമറയില്‍ പകര്‍ത്തും. പ്രതികളുമായി ശിവശങ്കർ ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്ന് അറിയാൻ എൻ.ഐ.എ ആവശ്യപ്പെട്ട സെക്രട്ടറിയേറ്റിലെ സിസി ടി വി ദൃശ്യങ്ങൾ ഉടൻ സർക്കാർ നൽകുമെന്നാണ് സൂചന. ഇന്ന് പുലർച്ചെ പൂജപ്പുര വീട്ടിൽ നിന്നാണ് ശിവശങ്കർ കൊച്ചിയിലേക്ക് പുറപ്പെട്ടത്.
ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിെന വിട്ടയക്കുമോ അതോ അറസ്റ്റു ചെയ്യുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. അറസ്ററ് ചെയ്താൽ അതു കൂടുതൽ വലിയ കോലാഹലങ്ങൾക്ക് തുടക്കമിടും. സർക്കാരിന് പ്രത്യേകിച്ച് മുഖ്യമന്ത്രിക്ക് എതിരെ പുതിയ പോർമുഖം തുറക്കും. ചോദ്യം ചെയ്യലിനായി എൻ.െഎ.എ യുടെ മുതിർന്ന ഉദ്യോഗസ്ഥർ കൊച്ചിയിൽ എത്തി. 50 ലധികം ചോദ്യങ്ങളും തയ്യാറാണ്.
തിരുവനന്തപുരത്ത് വ്യാഴാഴ്ച അഞ്ചുമണിക്കൂറിലേറെ സമയം ഇദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. കസ്റ്റംസിന് നൽകിയ മൊഴിയാണ് ശിവശങ്കർ അന്ന് ആവർത്തിച്ചത്. മൊഴി പൂർണമല്ലെന്ന് വ്യക്തമായതോടെയാണ് ചോദ്യംചെയ്യലിന് നോട്ടീസ് നൽകിയത്. സ്വർണക്കടത്തിൽ പങ്കില്ലെന്നും സ്വപ്നയുമായും സരിത്തുമായും സുഹൃദ്ബന്ധം മാത്രമേ ഉള്ളൂവെന്നുമായിരുന്നു മൊഴി. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായ മൊഴിയാണ് പ്രതികൾ എൻ.ഐ.എക്ക് നൽകിയത്. ഈ സാഹചര്യത്തിൽ കൂടുതൽ തയാറെടുപ്പുകളോടെയാണ് എൻ.ഐ.എ ചോദ്യംചെയ്യാൻ ഒരുങ്ങുന്നത്.
ശിവശങ്കറിെൻറ വാഹനത്തിൽ സ്വർണം കടത്തിയിട്ടുണ്ടോ, സ്വർണം പിടികൂടുംമുമ്പും ശേഷവും പ്രതികൾ ശിവശങ്കറുമായി ബന്ധപ്പെട്ടിരുന്നോ, സ്വർണം പിടിച്ചശേഷം സ്വപ്നയെയും സന്ദീപിനെയും രക്ഷപ്പെടാൻ സഹായിച്ചോ, ഇത് എന്തിനാണ് തുടങ്ങിയ കാര്യങ്ങളാവും ചോദ്യത്തിൽ പ്രധാനം. എൻ.ഐ.എ സംഘത്തിനൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരും ചേരും.
പ്രതികൾ ഇൗ മാസം ഒന്നുമുതൽ സ്വർണം പിടികൂടുന്നതുവരെയോ അതിനുശേഷമോ സെക്രേട്ടറിയറ്റിൽ എത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സി.സി ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. സുഹൃദ്ബന്ധത്തിനപ്പുറം സ്വർണക്കടത്തിൽ സഹായിച്ചതായി തെളിവ് ലഭിച്ചാൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി മറ്റ് നടപടികളിലേക്ക് നീങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.