ബ്രൂവറിയിൽനിന്ന് ആറ് കെയ്‌സ് ബിയര്‍ മോഷ്ടിച്ച എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷൻ
text_fieldsപാലക്കാട്: ബ്രൂവറിയിൽനിന്ന് ആറ് കെയ്‌സ് ബിയര്‍ മോഷ്ടിച്ച കേസിൽ എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷൻ. പാലക്കാട് സിവില്‍ എക്സൈസ് ഓഫിസര്‍ പി.ടി. പ്രിജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്ഥാപനത്തിൽ ഡ്യൂട്ടിക്ക് നേതൃത്വം നൽകുന്ന മുതിർന്ന ഉദ്യോഗസ്ഥർ ഡിസംബർ 29ന് കമീഷണറുടെ യോഗത്തിനായി തൃശൂരിൽ പോയ സമയത്തായിരുന്നു മോഷണം.
ബിയർ കെയ്സുകൾ നഷ്ടപ്പെട്ടത് സംബന്ധിച്ച് ബ്രൂവറി അധികൃതര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഞ്ചിക്കോട് മേഖലയിലെ ബ്രൂവറിയിലെത്തി സംഭവം നടന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്റെ മൊഴിയെടുത്തിരുന്നു.
സ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു. പ്രിജു കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ വെള്ളിയാഴ്ച ഉച്ചയോടെയാണ് എക്‌സൈസ് കമീഷണര്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. പത്ത് ദിവസം മുമ്പാണ് പ്രിജു ബ്രൂവറിയിൽ ചുമതലയേറ്റത്. മദ്യ വിപണനത്തിൽ ക്രമക്കേടില്ലെന്ന് ഉറപ്പാക്കാൻ സ്ഥാപനത്തിൽ നിയമിക്കപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് ബിയർ കടത്തി സസ്പെൻഷനിലായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.