സംസ്ഥാനത്ത് ആറു കുട്ടികൾ മുങ്ങിമരിച്ചു
text_fieldsചാവക്കാട്/ഏറ്റുമാനൂർ/പൂക്കോട്ടുംപാടം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആറു കുട്ടികൾ മുങ്ങി മരിച്ചു. തൃശൂർ ചാവക്കാട്ട് മൂന്നും കോട്ടയം ഏറ്റുമാനൂരിൽ രണ്ടും മലപ്പുറം പൂക്കോട്ടുംപാടത്ത് ഒരു കുട്ടിയുമാണ് മരിച്ചത്.
ചാവക്കാട് തെക്കൻ പാലയൂരിൽ പുഴയിൽ കഴുത്താക്കൽ പാലത്തിനടുത്ത് ബണ്ടിനോട് ചേർന്ന പുഴക്ക് സമീപത്തെ ചളി നിറഞ്ഞ 'പത്താഴ കുഴി'യിൽ വ്യാഴാഴ്ച വൈകീട്ട് 5.30നാണ് സംഭവം. തെക്കൻ പാലയൂർ സ്വദേശികളായ മനയംപറമ്പിൽ ഷണാദിന്റെ മകൻ വരുൺ (18), മങ്ങേടത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ മുഹ്സിൻ (16), മനയംപറമ്പിൽ സുനിലിന്റെ മകൻ സൂര്യ (16) എന്നിവരാണ് മരിച്ചത്. കുഴിയിൽ കുളിക്കാനിറങ്ങിയ അഞ്ചുപേരിൽ മൂന്നുപേർ ചളിയിൽ മുങ്ങുകയായിരുന്നു. രണ്ടുപേർ രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാരുടെ സഹായത്തോടെ മുനക്കക്കടവ് തീരദേശ പൊലീസ് സ്റ്റേഷനിലെ വാർഡൻ ബ്ലാങ്ങാട് സ്വദേശി അക്ഷയ്യാണ് പത്താഴ കുഴിയിൽ ഇറങ്ങി മൂന്നുപേരെയും പുറത്തെടുത്തത്.
ഏറ്റുമാനൂർ മീനച്ചിലാറ്റില്‍ കുളിക്കാനെത്തിയ നാല് വിദ്യാർഥികളില്‍ രണ്ടുപേരാണ് മരിച്ചത്. ചെറുവാണ്ടൂര്‍ വെട്ടിക്കല്‍ സുനിലിന്റെ മകന്‍ നവീന്‍ (15), ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ കിഴക്കേ മാന്തോട്ടത്തില്‍ ലിജോയുടെ മകന്‍ അമല്‍ ലിജോ (16) എന്നിവരാണ് മരിച്ചത്. മീനച്ചിലാറ്റില്‍ പേരൂര്‍ പള്ളിക്കുന്ന് കടവില്‍ വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം.
മീനടം പഞ്ചായത്തിലെ എന്‍ജിനീയറിങ് വിഭാഗം ഓവര്‍സിയർ സുനിലിന്റെയും അനുവിന്റെയും മകനായ നവീന്‍ മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂളിലെ വിദ്യാർഥിയാണ്. സഹോദരി: നമിത. അമല്‍ ഏറ്റുമാനൂര്‍ ഗവ. ബോയ്സ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. പിതാവ്: ലോട്ടറി തൊഴിലാളി ലിജോ. മാതാവ്: ലീലാമ്മ. സഹോദരങ്ങള്‍: അനന്യ, അനീന.
കൂറ്റമ്പാറ ചെറായിയിലെ കുതിരപ്പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ പൂക്കോട്ടുംപാടം റൈറ്റ് ഫർണിച്ചർ ഉടമ വലിയപീടിയേക്കൽ മുജീബിന്റെയും സലീനയുടെയും മകൻ മുഹമ്മദ് റിഷാൽ (15) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കാണ് അപകടം. പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: നിഹാൽ മുഹമ്മദ്, നിഷിമ, നൈന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.