കടൽ കലിതുള്ളിത്തന്നെ; വർക്കല, കാപ്പിൽ ബീച്ചുകളിൽ രണ്ടുമാസത്തിനിടെ മരണം ആറ്
text_fieldsവര്‍ക്കല: രണ്ടുമാസത്തിനിടെ കടൽക്ഷോഭത്തിൽ വർക്കലയിലെ തീരങ്ങളിൽ പൊലിഞ്ഞത് ആറ് ജീവനുകൾ. അപകടക്കെണിയാവുന്നത് അപ്രതീക്ഷിതമായുണ്ടാകുന്ന കൂറ്റൻ തിരമാലകളും അടിയൊഴുക്കും. തീരത്തെത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കാനാവാതെ വലയുകയാണ് ലൈഫ് ഗാർഡുകളും. സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോക പ്രശസ്തമായ നൂറ് ബീച്ചുകളിലൊന്നെന്ന പ്രശസ്തി കൈവരിക്കുമ്പോഴാണ് ഈ അവസ്ഥ.
ശാന്തപ്രകൃതമായ ഈ കടലുകൾ അപ്രതീക്ഷിതമായാണ് കലിതുള്ളി തീരത്തേക്ക് പാഞ്ഞുകയറുന്നത്. തീരത്തോട് ചേർന്ന് കടലിൽ കുളിക്കുന്നവർ തിരയിലകപ്പെടുകയും അടിയൊഴുക്ക് അവരെ ചുഴറ്റിയെടുത്ത് മരണത്തിലേക്ക് കൊണ്ടുപോകുകയുമാണ്. എങ്കിലും പരിഹാരനടപടികൾ ആലോചിക്കാനോ നടപ്പാക്കാനോ അധികൃതർക്ക് താൽപര്യമേയില്ല.
കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വർക്കല, കാപ്പിൽ ബീച്ചുകളിൽ മാത്രം ആറ് ജീവനാണ് കടലിൽ പൊലിഞ്ഞത്. ഇതിനിടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുള്ള വലിയ അപകടത്തിനും തീരം സാക്ഷ്യംവഹിച്ചു. ഈ ലോകപ്രശസ്ത തീരങ്ങളിൽ അപകടങ്ങളില്ലാത്ത ദിവസങ്ങളില്ല. സുരക്ഷാസംവിധാനങ്ങളുടെ അഭാവവും കടലിലെ അടിയൊഴുക്കുമാണ് വിദേശ വിനോദസഞ്ചാരികള്‍ വരെ മരണത്തിന് കീഴടങ്ങുന്ന അവസ്ഥയുണ്ടാക്കുന്നത്.
പാപനാശം കടലില്‍ കുളിക്കാനിറങ്ങിയ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി അഖില്‍ ഹര്ഷന് മുങ്ങിമരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. മാർച്ച് 18ന് തിരുവമ്പാടി ബീച്ചിൽ കുളിക്കുന്നതിനിടെ കൂറ്റൻ തിരമാലയിലകപ്പെട്ട് തമിഴ്നാട് നാമക്കല്‍ സ്വദേശിയായ വിദ്യാര്‍ഥി വിശ്വവും മരിച്ചു. ഫെബ്രുവരി 22ന് കാപ്പിൽ കടലിലെ പൊഴിമുഖത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ കൊട്ടിയം മൈലാപ്പൂര് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥി സെയ്ദലിയും (18) മരിച്ചിരുന്നു.
ഇടവ വെറ്റക്കട ബീച്ചിൽ കുളിക്കാനിറങ്ങിയ റഷ്യന്‍ സ്വദേശിനി ആന്ഷലിക്ക( 52), കാപ്പിൽ കടലിലെ മറ്റൊരു അപകടത്തിൽ ആന്ധ്ര സ്വദേശിയായ വിദ്യാര്‍ഥി സാന്‍വിക് (21), പാപനാശത്തെ പ്രധാന ബീച്ചിൽ തീരത്തോട് ചേർന്ന് കുളിച്ചുകൊണ്ടിരുന്ന കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ അധ്യാപകന് കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിര്‍(42) എന്നിവരും ഫെബ്രുവരിയില്‍ മുങ്ങിമരിച്ചിരുന്നു.
ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിലുൾപ്പെടെ നൂറിലധികം പേരുടെ ജീവനാണ് ലൈഫ് ഗാര്‍ഡുകള്‍ രക്ഷിച്ചത്.
ഇടവ, തിരുവമ്പാടി മേഖലകളില്‍ അപകടത്തിൽപെട്ടവരെ മത്സ്യത്തൊഴിലാളികളോ ലൈഫ് ഗാർഡുകളോ രക്ഷിച്ചെടുത്താൽത്തന്നെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കുന്നത് വലിയ വെല്ലുവിളിയാണ്. എണ്ണത്തില്‍ കുറവായ ലൈഫ് ഗാര്‍ഡുകളോട് തട്ടിക്കയറുന്നതും പതിവാണ്. അപകടങ്ങള്‍ പെരുകിയിട്ടും ലൈഫ് ഗാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനും നടപടിയില്ല.
അവധിക്കാലം തുടങ്ങുന്നതോടെ പാപനാശം, കാപ്പിൽ, വെറ്റക്കട, ഓടയം, പാപനാശം, ആലിയിറക്കം ബീച്ചുകളിൽ വൻതോതിൽ തിരക്കാകും. അതിനുമുമ്പേതന്നെ ആവശ്യത്തിന് സുരക്ഷ ഒരുക്കിയില്ലെങ്കില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുമെന്ന് മാത്രമല്ല വലിയ ദുരന്തങ്ങളും ഉണ്ടായേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.