ഒരുമാസത്തിനിടെ അനാഥരായി ആറു പെൺകുട്ടികൾ
text_fieldsതിരുവമ്പാടി: ഒരുമാസത്തിനിടെ മാതാപിതാക്കളുടെ മരണം അനാഥരാക്കിയത് രണ്ട് കുടുംബങ്ങളിലെ ആറുപെൺകുട്ടികളെ. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ആനക്കാംപൊയിൽ ഓടപ്പൊയിൽ ആദിവാസി കോളനിയിലാണ് അനാഥത്വത്തിെൻറ കണ്ണീർ കാഴ്ച.
ഓടപ്പൊയിൽ കോളനിയിലെ ഓമന ഒരുമാസം മുമ്പ് രോഗം ബാധിച്ച് മരിച്ചതോടെയാണ് മൂന്നു പെൺകുട്ടികൾക്ക് ആശ്രയമില്ലാതെയായത്. ഓമനയുടെ ഭർത്താവ് കൃഷ്ണൻ നാലുവർഷം മുമ്പ് മരിച്ചിരുന്നു. കോളനിയിൽ താമസിച്ചിരുന്ന ഗോപൻ പത്തു ദിവസം മുമ്പാണ് മരിച്ചത്. ഇദ്ദേഹത്തിെൻറ ഭാര്യ സിനി ഒരു വർഷം മുമ്പ് മരിച്ചിരുന്നു. ഗോപൻ- സിനി ദമ്പതികളുടെ മൂന്നു പെൺകുട്ടികളും ആശ്രയമില്ലാതെ കഴിയുകയാണ്.
അനാഥരായ പെൺകുട്ടികളിൽ മൂന്നുപേർ ആനക്കാംപൊയിൽ സെൻറ് മേരീസ് യു.പി സ്കൂളിലെ അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാർഥികളാണ്. രണ്ടുപേർ പ്ലസ് ടു വിദ്യാർഥികൾ. ഒരാൾ എസ്.എസ്.എൽ.സിക്ക് ശേഷം പഠനം നിർത്തി. കോളനിയിലെ മറ്റു നാലു കുട്ടികൾ ആനക്കാംപൊയിൽ യു.പി സ്കൂളിൽ പഠിക്കുന്നുണ്ട്. ഇവരിൽ രണ്ട് കുട്ടികളുടെ അച്ഛൻ നേരത്തേ മരിച്ചു. മറ്റൊരു കുട്ടിക്ക് അമ്മയില്ല. ആനക്കാംപൊയിൽ ഗവ.എൽ.പി. സ്കൂളിൽ പഠിക്കുന്ന നാലുപേരിൽ ഒരാളുടെ അച്ഛനും മരിച്ചു.
കോളനിയിലെ അനാഥരായ കുട്ടികൾ ചൂഷണത്തിന് വിധേയമാകാനുള്ള സാധ്യതയുണ്ടെന്ന് യു.പി സ്കൂൾ പ്രധാനാധ്യാപകൻ ജയിംസ് ജോഷി പറഞ്ഞു. സാമൂഹിക കാരണങ്ങളാൽ കോളനിയിൽ ആയുർദൈർഘ്യം കുറഞ്ഞ അവസ്ഥയാണുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കടുത്ത മദ്യപാനം കോളനിവാസികളെ നിത്യരോഗികളാക്കുന്ന സാഹചര്യമുണ്ട്. കുട്ടികൾക്ക് പോഷകാഹാരം ലഭിക്കാത്ത സാഹചര്യവുമുണ്ട്. സ്കൂൾ പ്രവർത്തിച്ചിരുന്ന സമയങ്ങളിൽ കുട്ടികൾക്ക് അവിടെനിന്ന് ഭക്ഷണം ലഭിക്കുന്നത് ആശ്വാസമായിരുന്നുവെന്നും അധ്യാപകർ പറഞ്ഞു.
പത്തു കുടുംബങ്ങളാണ് ഓടപ്പൊയിൽ ആദിവാസി കോളനിയിലുള്ളത്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കോളനിയിലെ വിദ്യാർഥികളുടെ പഠനവും 'ഓൺലൈൻ' കാലത്ത് വഴിമുട്ടിയിരിക്കയാണ്.
കഴിഞ്ഞവർഷം ആനക്കാംപൊയിൽ അങ്ങാടിയിലെ വായനശാലയിൽ ക്ലാസുകൾ കേൾക്കാൻ ടെലിവിഷൻ സൗകര്യമൊരുക്കിയിരുന്നെങ്കിലും കുട്ടികളെ എത്തിക്കാൻ രക്ഷിതാക്കൾ താൽപര്യം കാണിച്ചിരുന്നില്ല.
കുട്ടികളെ സർക്കാർ ഏറ്റെടുക്കണം –പി.ടി.എ
തിരുവമ്പാടി: മാതാപിതാക്കളുടെ മരണം മൂലം അനാഥരായ കുട്ടികളെ സർക്കാർ ഏറ്റെടുക്കണമെന്ന് ആനക്കാംപൊയിൽ സെൻറ് മേരീസ് യു.പി സ്കൂൾ പി.ടി.എ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും എസ്. ടി പ്രമോട്ടർമാരുടെയും യോഗം ആവശ്യപ്പെട്ടു.
പൊലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ് ട്രൈബൽ വകുപ്പ്, ത്രിതല പഞ്ചായത്ത് ഭരണ സംവിധാനം എന്നിവയുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ കോളനിയുടെ ദുരവസ്ഥക്ക് പരിഹാരമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.ടി.എ. പ്രസിഡൻറ് ബിജു കുന്നത്ത് പൊതി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.