കടലാക്രമണത്തിൽ പൊന്നാനിയിൽ ആറ് വീടുകൾ കടലെടുത്തു
text_fieldsപൊന്നാനി:കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തിൻ്റെ തുടർച്ചയിൽ പൊന്നാനിയിൽ ആറു വീടുകൾ കടലെടുത്തു. പൊന്നാനി എം.ഇ.എസ് കോളേജിന് പിൻവശത്തെ കൊമ്പൻ തറയിൽ അയൂബ്, കുറിയാമാക്കാനകത്ത് കുഞ്ഞൻ ബാവ, കുഞ്ഞിമരക്കാരകത്ത് ഹംസ , കൂരാറ്റൻ്റെ അലീമ, കറുത്ത കുഞ്ഞാലിൻ്റെ നഫീസ, ചുണ്ടൻ്റെ സിദ്ദീഖ് എന്നിവരുടെ വീടുകളാണ് പൂർണ്ണമായും കടലെടുത്തത്.
വേലിയേറ്റ സമയങ്ങളിലുണ്ടാകുന്ന ശക്തമായ തിരയിൽ കടൽഭിത്തിയില്ലാത്ത മേഖലകളിലാണ് കടൽവീടും, കരയും കവരുന്നത്.കഴിഞ്ഞ കടലാക്രമണത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിച്ച ഈ വീടുകൾ മഴക്കാലത്തിന് ശേഷം പുനർനിർമ്മിക്കാനായി വീട്ടുകാർ ചിന്തിക്കുന്നതിനിടെയാണ് വീടുകൾ പൂർണ്ണമായും തകർന്നത്.
കടൽ ഭിത്തിയില്ലാത്ത ഭാഗങ്ങളിൽ ഉടൻ ഭിത്തി നിർമിക്കുമെന്ന പ്രഖ്യാപനവുമായി ജനപ്രതിനിധികൾ ഓരോ കടലാക്രമണ വേളയിലും തീരത്തെത്താറുണ്ടെങ്കിലും ഇതുവരെയും അനുകൂല നടപടികൾ സ്വീകരിക്കാത്തതാണ് നഷ്ടം വർധിക്കാനിടയായത്. കടൽ ഭിത്തിയുണ്ടായിരുന്ന ഭാഗങ്ങളിലാണെങ്കിൽ കരിങ്കല്ലുകൾ ചിതറി ഭിത്തി പൂർണമായും തകർന്ന അവസ്ഥയിലാണ്. കടലാക്രമണത്തിൽ ശക്തമായ തിരയടിക്കൊപ്പം മണലുംകരയിലേക്കു കയറി വരുന്നുണ്ട്.വീടുകൾക്കുള്ളിൽ മണൽ അടിഞ്ഞുകൂടുന്ന അവസ്ഥയാണ്.കടലാക്രമണത്തെ തുടർന്ന് പൊന്നാനി തഹസിൽദാർ ടി.എൻ വിജയൻ ,വില്ലേജ് ഓഫീസർ തുളസീധരൻ എന്നിവർ കടലാക്രമണ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. താലൂക്കിൽ ആറിടങ്ങളിൽ കടൽഭിത്തി നിർമ്മാണത്തിന് അനുമതിയായതായും, കടൽ ഭിത്തിയില്ലാത്ത മേഖലകളിൽ അടിയന്തരമായി കല്ലിടാൻ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകിയതായും തഹസിൽദാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.