മലയാളി കർഷകൻ മാത്രമല്ല ഇസ്രായേൽ സന്ദർശിച്ച തീർഥാടക സംഘത്തിലെ ആറു പേരും മുങ്ങിയതായി പരാതി
text_fieldsതിരുവന്തപുരം: ആധുനിക കൃഷിരീതി പഠിക്കാനെത്തിയ മലയാളി കർഷകൻ ബിജു കുര്യൻ മാത്രമല്ല ഇസ്രായേൽ സന്ദർശിച്ച തീർഥാടക സംഘത്തിൽ നിന്നുള്ള ആറു യാത്രികരും മുങ്ങിയതായി പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി തീർഥാടക യാത്രക്ക് നേതൃത്വം നൽകിയ നാലാഞ്ചിറയിലുള്ള പുരോഹിതനാണ് ഡി.ജി.പി അനിൽ കാന്തിന് പരാതി നൽകിയത്.
ഫെബ്രുവരി എട്ടിന് കേരളത്തിൽ നിന്ന് പുറപ്പെട്ട 26 അംഗ സംഘത്തിലെ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ആറു പേരാണ് പാസ്പോർട്ട് അടക്കമുള്ള രേഖകൾ ഉപേക്ഷിച്ച് ഇസ്രായേലിൽ മുങ്ങിയത്. 2006 മുതൽ ഇസ്രായേലിലേക്ക് തീർഥാടക യാത്രകൾ ഒരുക്കുന്ന പുരോഹിതൻ തിരുവല്ല കേന്ദ്രമാക്കിയുള്ള ട്രാവൽ ഏജൻസി മുഖേനയാണ് ഇത്തവണ യാത്ര സംഘടിപ്പിച്ചത്. ഇസ്രായേൽ കൂടാതെ ഈജിപ്ത്, ജോർദാൻ എന്നീ വിശുദ്ധ നാടുകളിലേക്കായിരുന്നു യാത്ര.
ആധുനിക കൃഷിരീതി പഠിക്കാൻ കേരളത്തിൽ നിന്നുള്ള കർഷക സംഘത്തോടൊപ്പം ഇസ്രായേലിലെത്തിയ കണ്ണൂർ ഇരിട്ടി സ്വദേശിയായ കർഷകൻ ബിജു കുര്യനെ കഴിഞ്ഞ 17ന് രാത്രിയിലാണ് കാണാതായത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് അപ്പോൾ തന്നെ വിവരം എംബസിയെ അറിയിച്ചു. തിരച്ചിൽ നടത്തുന്നെന്ന മറുപടിയാണ് ഇസ്രായേൽ അധികൃതരുടെ ഭാഗത്തു നിന്ന് ലഭിച്ചത്. ബിജു ഒഴികെയുള്ള സംഘം തിങ്കളാഴ്ച മടങ്ങിയെത്തിയിരുന്നു.
ഇസ്രായേലിൽ കാണാതായ ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടേക്കും. ഇതിനായി ഇസ്രായേലിലെ ഇന്ത്യൻ എംബസിക്കു കത്തു നൽകും. വിസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് അയക്കണമെന്നാണ് ആവശ്യം.
ഇസ്രായേലിലേക്ക് പോയ കർഷകൻ ബിജു കുര്യൻ മുങ്ങിയ സംഭവത്തിന് പിന്നിൽ ചില സംഘങ്ങൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അക്കാര്യം അന്വേഷിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ് വ്യക്തമാക്കിയത്.
കർഷകന്റെ തിരോധാനം സംബന്ധിച്ച് ഇസ്രായേലിൽ പരാതി നൽകിയിട്ടുണ്ട്. അവിടത്തെ പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇന്ത്യൻ എംബസിയും അന്വേഷണം നടത്തുന്നുണ്ട്.
സർക്കാർ സംഘത്തിൽ പോകുന്ന ഒരാളെ കാണാതാകുന്നതിനെ ലാഘവത്തോടെ കാണാൻ കഴിയില്ല.
രണ്ടാമത്തെ ദിവസം ചെല്ലുമ്പോൾ ഉദ്യോഗസ്ഥ സംഘത്തോട് സംസാരിക്കാൻ ബിജു കുര്യന്റെ ഭാര്യ തയാറായില്ല. ബോധപൂർവമാണ് അയാൾ മുങ്ങിയതെന്നാണ് സംശയം. കേരളത്തിൽ ഈ വിധം ചില സംഗതികൾ നടക്കുന്നുണ്ട് എന്ന വിവരവും വെളിവാകുന്നുണ്ട്.
അതുകൊണ്ടാണ് ഇതിന്റെ പിന്നിൽ ഏതെങ്കിലും സംഘങ്ങളുണ്ടോ എന്നതുൾപ്പെടെ അന്വേഷിക്കുന്നത്. പലതരത്തിലുള്ള വഞ്ചനയുടെയും മറ്റും പ്രശ്നമാണ് ഇതിലുള്ളത്. മറ്റെന്തെങ്കിലും കാര്യങ്ങൾ കൂടി ബിജുവിന്റെ തിരോധാനത്തിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വിശദ അന്വേഷണം ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.