മാർച്ചിൽ വേണം 23,000 കോടി, ‘പ്ലാൻ ബി’ ഇല്ലാതെ സർക്കാർ
text_fieldsതിരുവനന്തപുരം: ജീവനക്കാർക്കുള്ള ശമ്പളം മുടങ്ങുംവിധം സാമ്പത്തിക ഞെരുക്കം രൂക്ഷമായതോടെ സംസ്ഥാനം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. സാമ്പത്തിക വർഷാവസാനമായ മാർച്ചിൽ 23,000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. 2023 മാർച്ചിൽ ഇത് 21,000 കോടി രൂപയായിരുന്നു. ഇത്രയും തുക എവിടെനിന്ന് കണ്ടെത്തുമെന്നതിൽ ഇനിയും കൃത്യമായ ഉത്തരം ധനവകുപ്പിനില്ല.
സുപ്രീംകോടതി നിർദേശിച്ചപ്രകാരം നടന്ന കേന്ദ്രവുമായുള്ള പരിഹാര ചർച്ച പാളിയതും കടമെടുപ്പിൽ ഇളവുകൾ ലഭിക്കാഞ്ഞതും അർഹമായ വിഹിതംപോലും വിട്ടുകിട്ടാഞ്ഞതുമാണ് സാമ്പത്തിക വർഷാവസാനത്തെ കടുത്ത പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ടത്. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് ഇത്തരമൊരു കേന്ദ്രനീക്കം ബോധപൂർവവും ആസൂത്രിതവുമെന്നാണ് ധനവകുപ്പ് കരുതുന്നത്.
സമീപകാലത്തൊന്നുമുണ്ടാകാത്ത തരത്തിൽ ശമ്പളവിതരണം വൈകിയതും എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് (ഇ.ടി.എസ്.ബി) അക്കൗണ്ടുകൾ മരവിപ്പിച്ചതും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിലേക്കുള്ള കൃത്യമായ സൂചനയാണ്.
ജീവനക്കാർക്കുള്ള ശമ്പളം സർക്കാറിന്റെ പ്രഥമ പരിഗണനയാണെന്ന സാഹചര്യത്തിൽ വിശേഷിച്ചും. ഇതിനു പുറമേ ആറു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയാണ്. ഇതിനു മാത്രം 5400 കോടി വേണം. കാരുണ്യ ചികിത്സ പദ്ധതിലെ കുടിശ്ശിക തീർക്കാൻ 1000 കോടിയോളം കണ്ടെത്തണം. എൻ.എച്ച്.എം ജീവനക്കാർക്കുള്ള ശമ്പളവിതരണം മുടങ്ങിയിട്ട് രണ്ടു മാസമായി. കോൺട്രാക്ടർമാർക്ക് നൽകാനുള്ളതും ഭാരിച്ച തുക.
കേന്ദ്രവുമായുള്ള ചർച്ചയിൽ കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകളെ സംസ്ഥാനത്തിന്റെ പൊതുകടപരിധിയിൽ ഉൾപ്പെടുത്തിയ നടപടിയിൽ സംസ്ഥാനം വിട്ടുവീഴ്ച പ്രതീക്ഷിച്ചിരുന്നു. ഇതുവഴി 10,000 കോടി വായ്പയെടുക്കാനാകുമെന്നാണ് കരുതിയത്. ഇതിനു പുറമേ, ഒരു ശതമാനം കൂടി (13,000 കോടി) അധിക വായ്പയെടുക്കലിന് അനുമതിയും തേടിയിരുന്നു. ഇതൊന്നും കേന്ദ്രം അനുവദിച്ചിട്ടില്ല. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്ക് 4500 കോടി രൂപ വായ്പക്ക് സംസ്ഥാനത്തിന് അർഹതയുണ്ട്. ഇക്കാര്യം കേരളം പലവട്ടം ഉന്നയിച്ചിട്ടും കനിഞ്ഞിട്ടില്ല. സുപ്രീംകോടതിയിലെ കേസിൽ തീർപ്പായാൽ മാത്രമേ ഇനി വായ്പപരിധിയുടെ കാര്യം ചിന്തിക്കാനാവൂ.
പ്രതിസന്ധി കനത്തതോടെ ട്രഷറിയിലേക്ക് പണമെത്തിക്കാൻ പ്ലാൻ ബി നീക്കവും സർക്കാർ തുടങ്ങിയിട്ടുണ്ട്. 91 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.5 ശതമാനം പലിശ പ്രഖ്യാപിച്ചാണ് നിക്ഷേപമാകർഷിക്കൽ. നിലവിലെ സ്ലാബനുസരിച്ച് രണ്ടുവർഷം മുതൽ മുകളിലേക്കുള്ള സ്ഥിരംനിക്ഷേപങ്ങൾക്ക് മാത്രമാണ് 7.5 ശതമാനം പലിശ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.