കേരളത്തിലുള്ള 104 പാക് പൗരന്മാരിൽ ആറു പേർ തിരികെ പോയി; മെഡിക്കൽ വിസയിലുള്ളവർക്ക് 29 വരെ തുടരാം
text_fieldsതിരുവനന്തപുരം: ഇന്ത്യ വിടാൻ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കേരളത്തിൽ നിന്ന് ആറു പാകിസ്താൻ പൗരന്മാർ തിരികെ പോയി. സന്ദർശനവിസയിൽ എത്തിയവരാണ് തിരികെ പോയത്.
104 പാക് പൗരന്മാരാണ് കേരളത്തിൽ എത്തിയിരുന്നത്. എന്നാൽ, അവശേഷിക്കുന്ന 98 പാക് പൗരന്മാരും ദീർഘകാല വിസയിൽ വന്നതിനാൽ രാജ്യത്ത് തുടരാൻ തടസമില്ലെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
എന്നാൽ, മെഡിക്കൽ വിസയിൽ വന്നവർക്ക് ഈ മാസം 29 വരെ ഇന്ത്യയിൽ തുടരാം. സാർക്ക് വിസയിൽ ഇന്ത്യയിൽ എത്തിയവരുടെ വിസ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ജില്ല പൊലീസ് മേധാവികൾക്കും ജില്ല ഭരണകൂടങ്ങൾക്കുമാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല.
ദീർഘകാല വിസയിൽ വന്ന ഹിന്ദുക്കളായ പാക് പൗരന്മാർക്ക് ഇന്ത്യയിൽ തുടരാമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ വിവാഹം കഴിച്ച് ദീർഘകാലമായി രാജ്യത്ത് കഴിയുന്ന പാക് പൗരന്മാർ അടക്കമുള്ളവരോട് തിരികെ പോകാൻ സർക്കാർ ആവശ്യപ്പെട്ടിട്ടില്ല.
പാകിസ്താൻ പൗരന്മാരെ വിവാഹം കഴിച്ച ശേഷം ഭർത്താവ് മരിക്കുകയോ വിവാഹം വേർപ്പെടുത്തുകയോ ചെയ്ത് ഇന്ത്യയിലെത്തിയ സ്ത്രീകൾക്കും രാജ്യത്ത് തുടരുന്നതിൽ തടസമില്ലെന്നും വിദേശ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതേസമയം, കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേർക്ക് രാജ്യം വിടാൻ പുറപ്പെടുവിച്ച നോട്ടീസ് ഉന്നത നിർദേശത്തെ തുടർന്ന് പിൻവലിച്ചു. കൊയിലാണ്ടി സ്വദേശിക്കും വടകര സ്വദേശികളായ രണ്ടു പേർക്കുമാണ് കോഴിക്കോട് റൂറൽ പൊലീസ് നോട്ടീസ് നൽകിയിരുന്നത്.
മൂന്നു പേരും ദീർഘകാല വിസക്കാണ് അപേക്ഷക്ക് നൽകിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കച്ചവടാവശ്യത്തിന് പാകിസ്താനിലേക്ക് പോയി പൗരത്വമെടുത്തവരും വിവാഹത്തോടെ ഇന്ത്യയിൽ എത്തിയവർക്കുമാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ പൗരന്മാരുടെ വിസ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. സന്ദർശന വിസയിൽ എത്തിയവർ ഇന്ന് മടങ്ങിപ്പോകണമെന്നായിരുന്നു നിർദേശം. എന്നാൽ, മെഡിക്കൽ വിസയിലെത്തിയവർ 29ന് നാടുവിടണം. സംസ്ഥാനങ്ങളിലെ പാക് പൗരൻമാരെ കണ്ടെത്തി നാടുകടത്താൻ മുഖ്യമന്ത്രിമാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.