തനിക്കെതിരെ നീങ്ങുന്നത് ആറു പേർ; ആത്മഹത്യ ചെയ്യില്ല -നമ്പർ 18 ഹോട്ടൽ കേസ് പ്രതി അഞ്ജലി
text_fieldsകൊച്ചി: തനിക്കെതിരെ നീങ്ങുന്നത് ആറ് പേരടങ്ങിയ സംഘമാണെന്ന് നമ്പർ 18 ഹോട്ടൽ പോക്സോ കേസ് പ്രതി അഞ്ജലി റീമാദേവ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിലാണ് റീമയുടെ പ്രതികരണം. ആത്മഹത്യ ചെയ്യില്ലെന്നും താൻ മരണപ്പെട്ടാൽ അത് കൊലപാതകമായിരിക്കുമെന്നും അതിനുത്തരവാദി ഈ ആറ് പേർ ആയിരിക്കുമെന്നും അഞ്ജലി പറഞ്ഞു.
രാഷ്ട്രീയം, സന്നദ്ധ പ്രവർത്തനം, ബിസിനസ്, ട്രസ്റ്റ് എന്നീ മേഖലകളിൽ നിന്നുള്ളവരാണ് ഈ ആറ് പേർ. ഇവരെ സംബന്ധിക്കുന്ന വിവരങ്ങൾ എത്തിക്കേണ്ടിടത്ത് എത്തിച്ചിട്ടുണ്ട്. എന്നാൽ, ഇതറിയാതെ ഈ ആറ് പേർ ഇപ്പോഴും തന്നെ കുടുക്കാൻ നോക്കുകയാണ്.
തന്നെ മോശപ്പെട്ട സ്ത്രീയായാണ് ചിത്രീകരിക്കുന്നത്. ഇതിനെല്ലാം കാരണം ഒരു സ്ത്രീ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളാണ്. തന്നെ നമ്പർ 18 ഹോട്ടലിൽ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ലഹരി ഉപയോഗിച്ചിരുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കടുത്ത മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്. ആത്മഹത്യ ചെയ്യണോയെന്ന് പോലും ഒരുഘട്ടത്തിൽ ആലോചിച്ചു.
രണ്ട് പേരാണ് തനിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. മറ്റു പെൺകുട്ടികളുടേയും മൊഴിയെടുക്കണം. വർഷങ്ങളായി കൂടെ ജോലി ചെയ്തവരോടും ചോദിക്കണം. ലൈവ് പോളിഗ്രാഫ് ടെസ്റ്റിന് തയാറാണെന്നും അഞ്ജലി വ്യക്തമാക്കി.
താൻ മരിച്ച് പോയാലും ഇങ്ങനെ ആക്കിയവരെ നിയമവും കോടതിയും വെറുതെ വിടരുത്. ഇനി ഒരു പെൺകുട്ടിയുടെ ജീവിതവും തുലക്കാൻ പാടില്ല. ഇപ്പോഴും പിടിച്ചുനിൽക്കുന്നത് തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ധൈര്യത്തിലാണെന്നും അഞ്ജലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.