ജാതിമതിൽ വിരുദ്ധ സമരത്തിന് ആറ് വയസ്സ്; വാഗ്ദാനങ്ങൾ ജലരേഖ
text_fieldsകൊച്ചി: വടയമ്പാടി ജാതി മതിൽ വിരുദ്ധ സമരത്തിന് ആറ് വയസ് തികയുമ്പോഴും വാഗ്ദാനങ്ങൾ ജലരേഖയായി തുടരുന്നു. പുത്തൻകുരിശിനടുത്ത വടയമ്പാടി ദലിത് കോളനിയിൽ നടന്ന സമരത്തിനും അതിന്റെ തുടർച്ചയായ ജാതി മതിൽ പൊളിക്കലിനും ഏപ്രിൽ 14ന് ആറ് വയസ് തികയുകയാണ്.ഐക്കരനാട് പഞ്ചായത്ത് പതിമൂന്നാം വാർഡിലെ ഭജന മഠം, ലക്ഷം വീട്, സെറ്റിൽമെന്റ്, ഓലിമുഗൾ എന്നീ പട്ടികജാതി കോളനികൾ അടങ്ങിയ വടയമ്പാടിയിൽ എൻ.എസ്.എസ് വടയമ്പാടി കരയോഗത്തിന് കീഴിലെ ഭജന മഠം ദേവീക്ഷേത്രത്തിന്റെ ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
പ്രദേശവാസികൾ പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന മൈതാനം മതിൽ കെട്ടി തിരിക്കാനുളള നീക്കത്തിനെതിരെ പ്രദേശത്തെ ദലിത് കുടുംബങ്ങൾ സംഘടിക്കുകയായിരുന്നു. 93 സെന്റ് വരുന്ന ഈ ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് രേഖകൾ ഉദ്ധരിച്ച് ഈ കുടുംബങ്ങളും 1981ൽ തങ്ങൾക്ക് പട്ടയം ലഭിച്ചതാണെന്ന് എൻ.എസ്.എസും വാദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്ഷേത്രം ഭരണസമിതി ഹൈകോടതിയെ സമീപിക്കുകയും മതിൽ കെട്ടുന്നതിന് പൊലീസ് സംരക്ഷണം നൽകുകയും ചെയ്തു.
ഇതിനെ തുടർന്ന് 2017 മാർച്ച് ആറിന് ഇവിടെ മതിൽ നിർമാണം ആരംഭിച്ചു. തടയാൻ ശ്രമിച്ച സ്ത്രീകളും കുട്ടികളുമടക്കം മുപ്പതോളം കോളനിക്കാരെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. വൈകാതെ ഒരാൾ പൊക്കത്തിൽ മൈതാനത്തിന് ചുറ്റും മതിൽ ഉയർന്നു. പതിറ്റാണ്ടുകളായി തങ്ങൾ ഉപയോഗിച്ചിരുന്ന മൈതാനം അന്യമായതോടെ വടയമ്പാടി ദലിത് ഭൂ അവകാശ സമര മുന്നണി രൂപീകരിച്ച് പ്രദേശവാസികൾ സമരം ആരംഭിച്ചു.
മുഖ്യധാര പാർട്ടികൾ പ്രതിഷേധത്തെ അവഗണിച്ചെങ്കിലും ദലിത്-ഇടതുപക്ഷ-പിന്നാക്ക സംഘടനകൾ ഐക്യദാർഢ്യ വുമായെത്തിയതോടെ സമരം ശക്തമായി. സമരപ്പന്തൽ സ്ഥാപിച്ച് കോളനിയിലെ മുതിർന്നവരുടെ നേതൃത്വത്തിൽ ആരംഭിച്ച റിലേ നിരാഹാരം സജീവമായി മുന്നേറവെയാണ് 2017 ഏപ്രിൽ 14ന് അംബേദ്കർ ജയന്തി ദിനത്തിൽ പ്രദേശവാസികൾ സംഘടിച്ചെത്തി മൈതാനത്തിന് ചുറ്റും കെട്ടിപ്പൊക്കിയ മതിൽ തകർത്തെറിഞ്ഞത്. ഇതോടെ സമരം ദേശീയ തലത്തിൽ ശ്രദ്ധയാകർഷിക്കുകയും പ്രശ്ന പരിഹാരത്തിനായി സർക്കാർ സംവിധാനങ്ങൾ ഇടപെടുകയും ചെയ്തു.
ഇതിന്റെ ഭാഗമായി ജില്ല ഭരണകൂടവും സമര സമിതിയുമായി നിരവധി ചർച്ചകൾ നടത്തി. കോളനിക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഹരിക്കുമെന്ന ഉറപ്പായിരുന്നു അധികൃതർ നൽകിയത്. എന്നാൽ വർഷം ആറ് പിന്നിടുമ്പോഴും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമരസഹായ സമിതിക്ക് നേതൃത്വം നൽകിയ ജോയി പാവേൽ പറയുന്നു. മൈതാനത്തിന്റെ പട്ടയത്തിന്റെ സാധുത സംബന്ധിച്ച് വ്യക്തത വരുത്താനും ഇതുവരെ അധികൃതർ തയാറായിട്ടില്ല.
മാസങ്ങളോളം നീണ്ട സമര ഭാഗമായി കോളനിവാസികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നത് പരിഗണിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിലും തുടർ നടപടിയുണ്ടായില്ല. പതിറ്റാണ്ടുകളായി തങ്ങൾ സ്വതന്ത്രമായി ഉപയോഗിച്ചിരുന്ന മൈതാനം വിവേചനത്തിന്റെ മതിൽക്കെട്ടുകൾ തകർത്തെറിഞ്ഞതോടെ ഇപ്പോഴും പഴയ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് ഇവർക്ക് സമരം നൽകിയ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.