ആറ് വർഷം, റെയിൽവേ വെട്ടിക്കുറച്ചത് 72,383 തസ്തികകൾ
text_fieldsതിരുവനന്തപുരം: ആറ് വർഷത്തിനിടെ റെയിൽവേ നിർത്തലാക്കിയത് 72,383 തസ്തികകൾ. ചെലവ് ചുരുക്കലും സാങ്കേതികവിദ്യയുടെ ഭാഗമായി വന്ന തൊഴിൽ സാഹചര്യങ്ങളും പറഞ്ഞാണ് ഈ കടുംവെട്ട്. പ്യൂൺ, വെയിറ്റർ, ഗാർഡൻ തൊഴിലാളികൾ, പ്രൈമറി സ്കൂൾ അധ്യാപകർ എന്നിങ്ങനെ ഗ്രൂപ്-സി, ഗ്രൂപ്-ഡി തസ്തികകളാണ് നിർത്തിയവയിൽ ഏറെയും. 2015-16 മുതൽ 2020-21 കാലയളവിൽ 81,000 തസ്തികകൾ അവസാനിപ്പിക്കാനായിരുന്നു 16 സോണുകളോടും റെയിൽവേ ബോർഡിന്റെ നിർദേശം. ശേഷിക്കുന്ന തസ്തികകളിലും കൈവെച്ച് തുടങ്ങി.
കണക്കുകൾ അനുസരിച്ച് 16 സോണുകളിലുമായി 56,888 തസ്തികകൾ നിർത്തി. ബാക്കിയുള്ള 15,495 ൽ നടപടി പുരോഗമിക്കുകയാണ്. ഇതിൽ ദക്ഷിണ റെയിൽവേയിലെ 7,524 തസ്തികകളും ഉൾപ്പെടും. നോർത്തേൺ റെയിൽവേ-9000 ഉം ഈസ്റ്റേൺ റെയിൽവേ-4,677 ഉം തസ്തികകളാണ് ഇല്ലാതാക്കിയത്. നിലവിൽ ഇത്തരം തസ്തികകളിലിരിക്കുന്നവരെ വിവിധ വകുപ്പുകളിൽ ലയിപ്പിക്കാനാണ് സാധ്യത. ജീവനക്കാരുടെ ക്ഷാമം ദൈനംദിന പ്രവർത്തനങ്ങളെ പോലും ഗുരുതരമായി ബാധിക്കുന്നതിനിടെ തസ്തികകൾ വെട്ടിക്കുറക്കണമെന്നാവശ്യപ്പെട്ട് ഡിവിഷനുകൾക്ക് ദക്ഷിണ റെയിൽവേ സർക്കുലറും അയച്ചിട്ടുണ്ട്. തിരുവനന്തപുരത്തും പാലക്കാടുമടക്കം 155 ഓളം സുപ്രധാന തസ്തികകൾ കുറക്കാനാണ് തീരുമാനം. നിലവിൽ തിരുവനന്തപുരം ഡിവിഷനിൽ മാത്രം ആയിരത്തിലേറെ തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് നടപടി.
സ്ഥിര നിയമനം ഒഴിവാക്കി കരാർ നിയമനം വ്യാപകമാക്കാനാണ് നീക്കം. ഏറ്റവുമൊടുവിൽ ട്രെയിനുകളിലെ എ.സി അറ്റകുറ്റപ്പണിക്കുള്ള ചുമതല കരാറുകാരെ ഏൽപ്പിച്ചു. ഓരോ ട്രെയിനുകളെയും ഇത്തരത്തിൽ കരാർ ഉറപ്പിച്ച് കൈമാറുകയാണ്. ദൈനംദിനമല്ലാത്ത ട്രാക്ക് നവീകരണ ജോലികൾക്കും കരാർ ഉറപ്പിക്കുകയാണ്. മറ്റ് ഒഴിവുകളിൽ ഒരു വർഷത്തേക്കും രണ്ട് വർഷത്തേക്കും 'ഫിക്സഡ് ടേം എംപ്ലോയ്മെന്റ്' എന്ന പേരിൽ കരാർ നിയമനങ്ങളും തുടങ്ങി. റെയിൽവേ ബോർഡിന്റെ അനുമതിയാവശ്യമില്ലാതെ ഡിവിഷനൽ റെയിൽവേ മാനേജർക്ക് നിയമനാധികാരം നൽകുന്നതാണ് ഫിക്സഡ് ടേം എംപ്ലോയ്മെന്റ്. ലെവൽ ക്രോസുകളിൽ മിക്കയിടങ്ങളിലും രണ്ട് വർഷത്തേക്ക് ഇത്തരം നിയമനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.