കുഞ്ഞാമിന വധത്തിന് ആറാണ്ട്; അന്വേഷണം ഇഴയുന്നു
text_fieldsഇരിക്കൂർ: ഇരിക്കൂറിലെ, വയോധികയായ വീട്ടമ്മ കുഞ്ഞാമിന അതിദാരുണമായി കൊല്ലപ്പെട്ട് ആറാണ്ട് തികഞ്ഞിട്ടും പ്രതികളെ പിടികൂടാനായില്ല. ശക്തമായ ജനകീയ പ്രതിഷേധത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.വി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ കേസ് ഏറ്റെടുത്തത്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഹൈദരാബാദിലെ വിവിധ ജയിലുകൾ കേന്ദ്രീകരിച്ച് പ്രതികളുടെ സുഹൃത്തുക്കളെ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2016ലാണ് ഇരിക്കൂർ സിദ്ദീഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീന്റെ ഭാര്യ ഷബീന മൻസിലിൽ മെരടൻ കുഞ്ഞാമിന (67) കൊല്ലപ്പെടുന്നത്. തന്റെ ഉടമസ്ഥതയിലുള്ളതും താമസിക്കുന്ന വീടിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതുമായ വാടക ക്വാർട്ടേഴ്‌സിലാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. കൃത്യം നടക്കുന്നതിന് ഒരുമാസം മുമ്പ് കുഞ്ഞാമിനയുടെ വാടക ക്വാർട്ടേഴ്സിൽ താമസിച്ച അന്തർ സംസ്ഥാനക്കാരായ യുവാവിനെയും യുവതിയെയും മറ്റൊരു സ്ത്രീയെയുമാണ് കൊലപാതകത്തിന് ഉത്തരവാദികളെന്ന് പൊലീസ് സംശയിക്കുന്നത്.
ആന്ധ്ര സ്വദേശികളെന്നാണ് നാട്ടുകാരോട് ഇവർ പറഞ്ഞിരുന്നത്. ഇരിക്കൂറിൽനിന്ന് ഓട്ടോറിക്ഷയിൽ കയറി മട്ടന്നൂർ ബസ് സ്റ്റാൻഡിലിറങ്ങി ബസ് കാത്തുനിൽക്കുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇവരെ തേടി അന്വേഷണ സംഘം 11ഓളം സംസ്ഥാനങ്ങളിൽ നേരിട്ട് വലവിരിച്ചെങ്കിലും പിടികൂടാനായില്ല. പ്രതികളെന്ന് സംശയിക്കുന്നവരുടെ വിവിധ ചിത്രങ്ങൾ മാത്രമാണ് ലഭിച്ചത്.
പ്രതികളുടെ ഫോട്ടോ കിട്ടിയെന്നും ഇവർ ഉപയോഗിച്ച സിം കാർഡ് കണ്ടെത്തിയെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും തുടക്കത്തിൽ അന്വേഷണ സംഘം വിശദീകരിച്ചെങ്കിലും ഇപ്പോൾ ഒന്നും പറയാനാവാത്ത സ്ഥിതിയാണ്. ഇവർ ഉപയോഗിച്ചെന്ന് കരുതുന്ന സിം കാർഡിനെ പിന്തുടർന്ന് രാജസ്ഥാനിലെത്തിയ അന്വേഷണ സംഘത്തിന് കാണാൻ കഴിഞ്ഞത് ആട്ടിടയനെയായിരുന്നു. സിം കാർഡ് അടങ്ങിയ വിലകുറഞ്ഞ ഫോൺ വഴിയരികിൽനിന്നും ആട്ടിടയന് ലഭിച്ചതാണെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം നിരാശയോടെ തിരിച്ചുവരുകയായിരുന്നു.
കേസന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ് കമ്മിറ്റി, കുഞ്ഞാമിനയുടെ മകൻ മുഹമ്മദ് മുഖേന ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
എന്നാൽ, പ്രതികളെ തിരിച്ചറിഞ്ഞെന്നും മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ മാത്രമാണ് എവിടെയാണെന്ന് കണ്ടെത്താൻ കഴിയാത്തതെന്നും പൊലീസ് വ്യക്തമാക്കിയതിനാൽ കോടതി, സി.ബി.ഐക്ക് വിടണമെന്ന ആവശ്യം നിരാകരിച്ചു. ആറുമാസത്തിനകം പ്രതികളെ കണ്ടെത്തിയില്ലെങ്കിൽ ഇതേ വാദവുമായി ഹരജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കിയിരുന്നു.
ഇതിനിടെ കുഞ്ഞാമിനയുടെ മക്കൾ മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട്, കേസന്വേഷണം ഉന്നത ഏജൻസിയെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.