തിരച്ചിൽ ആറാം ദിനവും; പിടിതരാതെ കടുവ പിന്തുടർന്ന് വനം വകുപ്പ്
text_fieldsവാകേരി: ആറു ദിവസങ്ങൾക്കു മുമ്പ് വയനാട് കൂടല്ലൂരിൽ യുവ കർഷകനെ കൊന്നുതിന്ന കടുവയെ ഇനിയും കണ്ടെത്താനായിട്ടില്ല. പ്രദേശത്തെ പല മേഖലകളിലും കടുവയെ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടുവെന്ന തെളിവുണ്ടെങ്കിലും തിരച്ചിൽ ഫലപ്രദമാകുന്നില്ല.
വ്യാഴാഴ്ച വനംവകുപ്പ് 80 പേരടങ്ങുന്ന പ്രത്യേക സംഘങ്ങളായി തിരച്ചിൽ നടത്തി. പല സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തിയത്. കടുവ വനം വകുപ്പിന്റെ നിരീക്ഷണ വലയത്തിലാണെന്നാണ് സൂചന. ദൗത്യസംഘം വെടി വെക്കാൻ പഴുത് തേടി ചില ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ചൊവ്വാഴ്ച രാത്രി ഈമേഖലയിലെ പ്രജീഷിന്റെ വീടിന് സമീപത്തുള്ള ജിനേഷിന്റെ കോഴി ഫാമിൽ കടുവ എത്തിയിരുന്നു. 4000ത്തോളം കോഴികളുള്ള ഫാമിന്റെ കമ്പി വല കടുവ പൊളിച്ചിട്ടുണ്ട്. കോഴിയെ പിടിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചാൽ മാത്രമേ അറിയൂവെന്ന് ഉടമ പറഞ്ഞു.
കോഴിക്ക് തീറ്റ കൊടുക്കുന്ന പ്ലാസ്റ്റിക് പാത്രമടക്കം കടിച്ച് സമീപത്തെ തോട്ടത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചിട്ടുണ്ട്. ഈ പാത്രത്തിൽ ചോരപ്പാടുകളും കടുവയുടെ പല്ലിന്റെ പാടുകളുമുണ്ട്. പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച മൂന്നു കൂടുകളിൽ ഒന്നിന് സമീപം ബുധനാഴ്ച രാത്രി കടുവ എത്തിയിട്ടുണ്ട്. ഇവിടെയുള്ള കാമറയിൽ കടുവ പതിഞ്ഞിട്ടുണ്ട്. പ്രജീഷിനെ കൊന്ന കൊല്ലിയോട് ചേർന്നുള്ള തോട്ടത്തിൽ കടുവയുണ്ടെന്ന നിഗമനത്തിലാണ് വനംവകുപ്പ് പരിശോധന നടത്തിയത്. ശനിയാഴ്ചയാണ് പുല്ലരിയാൻ പോയ കൂടല്ലൂർ സ്വദേശി പ്രജീഷിനെ കടുവ കൊന്ന് പാതി ഭക്ഷിച്ചത്.
പ്രദേശത്ത് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. 36 കാമറകളും 80 പേരടങ്ങിയ ദൗത്യസംഘങ്ങളും നാടും കാടും കയറിയിറങ്ങിയിട്ടും കടുവയെ മാത്രം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞദിവസം മൂടക്കൊല്ലി പതിനൊന്നാം വാർഡിലെ കോളനിയിലെ സ്ത്രീ കടുവയെ കണ്ടിരുന്നു. അതോടെ കാടിനുള്ളിൽ മൂന്നു കി.മീ. ദൂരത്തിനുള്ളിൽ സംഘങ്ങളായി പരിശോധന നടത്തി. ഡോ.അജേഷ് മോഹൻ ഉൾപ്പെടെയുള്ള സംഘം ആറു ദിവസമായി ഇവിടെ തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട്. ആരും തന്നെ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തുപോകരുതെന്ന് വനം വകുപ്പ് നിർദേശം നൽകുന്നുണ്ട്. വ്യാഴാഴ്ച വൈകീട്ടോടെ സംഘം തിരച്ചിൽ മതിയാക്കി. തിരച്ചിലിന് കൂടെയുള്ള കുങ്കിയാനകളെ അഞ്ചുമണിയോടെ കൂടല്ലൂർ കവലക്കടുത്ത് തളച്ചു.
വന്യജീവി ആക്രമണം: കേന്ദ്രമന്ത്രിക്ക് കത്തയച്ച് രാഹുൽ
കൽപറ്റ: വയനാട്ടിൽ വർധിക്കുന്ന വന്യജീവി ആക്രമണത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ചു. പശ്ചിമഘട്ടത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളും സംരക്ഷിത പ്രദേശങ്ങളും ലോകത്തിലെ ഏറ്റവും വലിയ കടുവ ആവാസ കേന്ദ്രമാണ്. കർണാടക, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നാഗർഹോളെ-ബന്ദിപ്പൂർ-സത്യമംഗലം-ബി.ആർ.ടി-മുതുമല-വയനാട് സെക്ഷനിൽ 828 കടുവകളുണ്ട്. 2022 ലെ ടൈഗേഴ്സ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, വയനാട് ഭൂപ്രകൃതിയിൽ മാത്രം 80 കടുവകളെങ്കിലുമുണ്ട്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജൈവവൈവിധ്യ ഹോട്സ്പോട്ടുകളിൽ ഒന്നാണ് പശ്ചിമഘട്ടം. കൂടാതെ, കേരളത്തിൽ ഏറ്റവും കൂടുതൽ പരിസ്ഥിതിലോല പരിധിയിൽപ്പെടുന്നത് പ്രദേശവും വയനാടാണ്. 2023ൽ മാത്രം വയനാട് മണ്ഡലത്തിൽ കടുവയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വർധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘർഷത്തെക്കുറിച്ച് മുമ്പ് പലതവണ കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രദേശവാസികളുമായി കൈകോർത്ത് വിദഗ്ധരുടെ ടാസ്ക് ഫോഴ്സ് രൂപവത്കരിക്കുന്നതിന് വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണം. പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പവിത്രത സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും രാഹുൽഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.
ഭീതി പരത്തുന്നവർക്കെതിരെ നടപടി വേണം -പ്രകൃതി സംരക്ഷണ സമിതി
സുൽത്താൻ ബത്തേരി: വാകേരിയിൽ കടുവ നാട്ടിലിറങ്ങി കർഷകനെ കൊന്ന ദൗർഭാഗ്യകരമായ സംഭവം മുതലെടുത്ത് നാട്ടിലാകെ ഭീതി പരത്തുകയും വനം വകുപ്പുദ്യോഗസ്ഥർക്കെതിരെ കള്ളപ്രചരണം നടത്തുകയും സർക്കാറിനെതിരെ കലാപമുണ്ടാക്കാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന കിഫക്കെതിരെ ശക്തമായ നിയമനടപടി എടുക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പരിസ്ഥിതി പ്രവർത്തകർക്കും വനപാലകർക്കുമെതിരായ വിദ്വേഷ പ്രചാരണവും നുണപ്രചാരണവും പതിവാക്കിയ കിഫ ഡി.എഫ്.ഒ സജ്ന കരീമിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ഉദ്യോഗസ്ഥരുടെ ആത്മവീര്യം നശിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്. ആറളം വാർഡനായ ഘട്ടത്തിലും സൗത്ത് വയനാട് ഡി.എഫ്.ഒ ആയപ്പോഴും കിഫയുടെ വൻ ഗൂഢ പദ്ധതികൾ തകർത്തതിന്റെ വിദ്വേഷവും പകയുമാണ് അവർ കാണിക്കുന്നത്. വനം കൈയേറ്റക്കാരുടെയും പാറമടകളുടെയും അനധികൃത റിസോർട്ടുകളുടെയും ഏജൻസിപ്പണിയാണ് ഇവർ ചെയ്തു കൊണ്ടിരിക്കുന്നത്. േവ്ലാഗർമാരെയും മറ്റും വൻതുക ചെലവഴിച്ച് വാടകക്കെടുത്ത് കലാപത്തിന് കോപ്പുകൂട്ടുന്ന കിഫയുടെ ധനസ്രോതസ്സിനെക്കുറിച്ചും ഗൂഢലക്ഷ്യത്തെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം.
സമിതി യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. തച്ചമ്പത്ത് രാമകൃഷ്ണൻ, തോമസ് അമ്പലവയൽ, പി.എം. സുരേഷ്, സണ്ണി മരക്കടവ്, ബാബു മൈലമ്പാടി, സി.എ. ഗോപാലകൃഷ്ണൻ, എ.വി. മനോജ് എന്നിവർ സംസാരിച്ചു.
നാടിറങ്ങി കടുവകൾ
സുൽത്താൻ ബത്തേരി: വാകേരി മേഖലയിൽ നരഭോജി കടവക്കായി തിരച്ചിൽ നടത്തുമ്പോൾ മറ്റു പല സ്ഥലങ്ങളിലും കടുവ സാന്നിധ്യം. സുൽത്താൻ ബത്തേരി നഗരത്തിനടുത്തും ചൊവ്വാഴ്ച രാത്രി ദൊട്ടപ്പൻകുളത്തിനടുത്താണ് കടുവ എത്തിയത്. ഇവിടെ ചീനപ്പുല്ല് ഭാഗത്ത് കടുവ എത്തിയതിന്റെ സൂചന ലഭിച്ചു. ഒരു വീട്ടിലെ സി.സി.ടി.വി യിലാണ് കടുവയുടെ ചിത്രം തെളിഞ്ഞത്. ദൊട്ടപ്പൻകുളത്ത് ഇതിനുമുമ്പും പലതവണ കടുവ എത്തിയിട്ടുണ്ട്. ചെതലയം കാടിനോട് ചേർന്ന ബീനാച്ചി എസ്റ്റേറ്റ്, അരിവയൽ ഭാഗങ്ങളിലൂടെയാണ് ദൊട്ടപ്പൻകുളത്ത് കടുവ എത്താറുള്ളത്. ബുധനാഴ്ച രാവിലെ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. അമ്പലവയൽ പഞ്ചായത്തിലെ കൊളഗപ്പാറ മട്ടപ്പാറയിലും കടുവയെ നാട്ടുകാർ കണ്ടു. പ്രദേശവാസിയാണ് വീടിനോട് ചേർന്നുള്ള തോട്ടിൽ കടുവ വെള്ളം കുടിക്കുന്നത് കണ്ടത്. ഉടനെ നാട്ടുകാരെയും വനംവകുപ്പിനെയും വിവരമറിയിച്ചു.
ഉടനെ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി കാൽപ്പാടുകൾ നോക്കി കടുവയാണെന്ന് സ്ഥിരീകരിച്ചു. നാട്ടുകാരിൽ പലരും കഴിഞ്ഞദിവസങ്ങളിൽ ഇവിടെ കടുവയെ കണ്ടിട്ടുണ്ട്. നെന്മേനി പഞ്ചായത്തിലെ ചുള്ളിയോട് തൊവരിമല എസ്റ്റേറ്റും പരിസരവും കടുവ ഭീതിയിലാണ്. പലയിടങ്ങളിലായി കടുവയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടതോടെ തൊഴിലാളികളെല്ലാം ഭീതിയിലാണ്. തൊവരിമല എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ 60 പേരാണ് ജോലിചെയ്യുന്നത്. ഇതിൽ 38 സ്ത്രീകളാണ്. ഇവർ പലതവണ വന്യമൃഗങ്ങളുടെ മുന്നിൽപ്പെട്ട് രക്ഷപ്പെട്ടവരാണ്.
ഉപജീവനത്തിന് മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് തോട്ടത്തിൽ ജോലി ചെയ്യാൻ ഇവർ നിർബന്ധിതരാകുന്നത്. സമീപത്തെ നൂറോളം കുടുംബങ്ങളും കടുവ ഭീതിയിലാണ് ഇപ്പോൾ കഴിയുന്നത്.
സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ കാടുമൂടിക്കിടക്കുന്നതും പാറക്കെട്ടുകളും കടുവക്ക് ഇവിടെ തങ്ങാൻ സഹായകരമായ ഘടകങ്ങളാണ്.
ചുളിക്കയിൽ വീണ്ടും കടുവ പശുവിനെ കൊന്നു
മേപ്പാടി: പതിമൂന്നാം വാർഡ് ചുളിക്കയിൽ വീണ്ടും കടുവ പശുവിനെ കടിച്ചു കൊന്നു. ചുള്ളിക്ക പന്ത്രവളപ്പിൽ ശിഹാബിന്റെ പശുവിനെയാണ് കടുവ കൊന്നത്. ബുധനാഴ്ച രാത്രി മുതൽ പശുവിനെ കാണാനില്ലായിരുന്നു. തിരച്ചിലിനൊടുവിൽ വ്യാഴാഴ്ച ഉച്ചയോടെ സമീപത്തെ തോട്ടത്തിൽ പശുവിന്റെ ജഡം കണ്ടെത്തുകയായിരുന്നു.
ഇതെത്തുടർന്ന് പ്രദേശത്ത് നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. സ്ഥലത്തെത്തിയ വനം വകുപ്പുദ്യോഗസ്ഥരോട് അവർ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് രണ്ടു വർഷത്തിനിടയിൽ പുലി, കടുവ എന്നിവയുടെ ആക്രമണത്തിൽ കൊല്ലപ്പടുന്ന പന്ത്രണ്ടാമത്തെ പശുവാണിത്.
ഇവിടെ സ്ഥാപിച്ചിരുന്ന കൂട് ഒരാഴ്ച മുമ്പ് വനം വകുപ്പധികൃതർ വാകേരിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. അതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. സ്ഥലത്ത് കണ്ടെത്തിയ കാൽപ്പാടുകളിൽ നിന്നാണ് കടുവയാണ് പശുവിനെ കൊന്നതെന്ന് വ്യക്തമായത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് പ്രദേശത്ത് കാമറ സ്ഥാപിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. മൃഗങ്ങളെ പിടികൂടി ഉൾവനത്തിൽ കൊണ്ടു വിടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
മൂടക്കൊല്ലിയിൽനിരോധനാജ്ഞ 19 വരെ നീട്ടി
സുൽത്താൻ ബത്തേരി: നരഭോജി കടുവയെ പിടികൂടാനുള്ള ഊർജിത ശ്രമം പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പൂതാടി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡായ മൂടക്കൊല്ലി പരിധിയിലെ നിരോധനാജ്ഞ ഡിസംബർ 19 വരെ നീട്ടി ഡബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവിട്ടു. നിലവിൽ വെള്ളിയാഴ്ച രാത്രി 12 മണി വരെ ഇവിടെ നിരോധനാജ്ഞ നിലവിലുണ്ട്. കടുവയെ തിരയുന്നതും പിടികൂടിയാൽ കാണാനും മറ്റും ആളുകൾ കൂട്ടം കൂടുന്നത് അപകട സാധ്യത വർധിപ്പിക്കുമെന്നതിന്റെ പശ്ചാത്തലത്തിലാണ് ഡിസംബർ 15 മുതൽ നാല് ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടിയത്. രാത്രിയിലും നിരോധനാജ്ഞ ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.