വനിതകൾക്ക് സീറ്റ് നൽകാത്തതിൻെറ പാപഭാരം മതസംഘടനകളുടെമേൽ വെച്ചുകെട്ടേണ്ട -എസ്.കെ.എസ്.എസ്.എഫ്
text_fieldsകോഴിക്കോട്: വനിതകൾക്ക് സീറ്റ് നൽകാത്തതിൻെറ പാപഭാരം മതസംഘടനകളുടെമേൽ വെച്ചുകെട്ടേണ്ടെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുസ്ലിം ലീഗിനെ എസ്.കെ.എസ്.എസ്.എഫ് നേതാവ് പരോക്ഷമായി വിമർശിച്ചിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തിനകത്തെ അനിവാര്യ ഘട്ടങ്ങളിൽ പെണ്ണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ മത സംഘടനകളൊന്നും എതിർത്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
രാഷ്ട്രീയക്കാർ സീറ്റു വീതം വെക്കുമ്പോൾ വനിതകൾക്ക് ഇടം നൽകാൻ സാധിക്കാതെ വരുന്നതിൻെറ പാപഭാരം മതസംഘടനകളുടെ മേൽ വെച്ചു കെട്ടുന്നതിൽ അർഥമില്ല. വനിതകൾക്ക് തങ്ങൾ ഇടം നൽകാത്തത് മത സംഘടനകളെ പരിഗണിച്ചുകൊണ്ട് മാത്രമാണെന്നത് ഒരുതരം ഒളിച്ചോട്ടമാണ്. സ്ഥലകാല സാഹചര്യങ്ങളെ കണ്ടറിയാൻ കഴിവുള്ളവരാണ് മതനേതൃത്വം -അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.
സത്താർ പന്തല്ലൂരിൻെറ ഫേസ്ബുക്ക് കുറിപ്പ്:
വനിത ദിനം
സമൂഹത്തിൻ്റെ നല്ല പാതിയാണ് സ്ത്രീ. ദാമ്പത്യത്തിൽ അവരെ ഭാര്യ എന്നു വിളിക്കുന്നതിനു പകരം 'ഇണ' എന്നു വിശേഷിപ്പിച്ച വേദഗ്രന്ഥമാണ് ഖുർആൻ. മുഹമ്മദ് നബി(സ) കൊണ്ടുവന്ന ഇസ് ലാമിൻ്റെ സന്ദേശം സ്വീകരിച്ച പ്രഥമ വിശ്വാസി ഒരു പെണ്ണായിരുന്നു. പേര് ഖദീജ. പ്രണയത്തിൻ്റെ പട്ടുപാതയൊരുക്കി പ്രവാചകനു മുന്നോട്ടു പോവാൻ ഊർജം പകർന്നവൾ. ഇസ്ലാമിൻ്റെ ദ്വിതീയ പ്രമാണമായ ഹദീസുകളിൽ ആയിശ(റ) ഉൾപ്പടെയുള്ള സ്ത്രീകളുടെ സംഭാവന ചെറുതല്ല. മുസ്ലിം ലോകത്തെ പ്രഥമ യൂണിവേഴ്സിറ്റി സ്ഥാപിച്ചതും ഒരു പെണ്ണ്. പേര് ഫാത്വിമ ഫിഹ്രി.
എന്നിട്ടും ഇസ്ലാം സ്ത്രീ വിരുദ്ധമായി ചിത്രീകരിക്കപ്പെടുന്നു. ശരിയാണ്, ഫെമിനിസത്തിൻ്റെ അപ്രായോഗികമായ തുല്യതാവാദമൊന്നും ഇസ്ലാമിനില്ല. എന്നാൽ 'മഹത്തായ ഇന്ത്യൻ അടുക്കള'യിലേതുപോലെ അവളെ പാരതന്ത്ര്യത്തിൻ്റെ ചങ്ങലയിൽ ബന്ധിക്കുന്നുമില്ല. ലൈംഗികതക്കപ്പുറം ഒരു പുരുഷനും തൻ്റെ ഇണയിൽ നിന്ന് അവകാശപ്പെടാൻ യാതൊന്നുമില്ലെന്നു ഉറക്കെ പറഞ്ഞമതമാണിസ്ലാം. മക്കളെ പോറ്റുന്നതും അടുക്കള പേറുന്നതും അവളുടെ ഔദാര്യം മാത്രം. വിദ്യാഭ്യാസവും തൊഴിലും അവൾക്ക് നിഷേധിക്കാൻ ആർക്കുമാവില്ല. ഇദ്ദ ഇരിക്കുന്ന സ്ത്രീക്കു പോലും, ആവശ്യമെങ്കിൽ തൊഴിലിനു പോകാനും പുറത്തിറങ്ങാനും അനുവദിക്കുന്ന കർമകാണ്ഡമാണ് ഇസ്ലാമിൽ ഉള്ളത്.
ജനാധിപത്യ സംവിധാനത്തിനകത്തെ അനിവാര്യ ഘട്ടങ്ങളിൽ പെണ്ണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ ഇവിടെ മത സംഘടനകളൊന്നും എതിർത്തിട്ടില്ല. രാഷ്ട്രീയക്കാർ സീറ്റു വീതം വെക്കുമ്പോൾ വനിതകൾക്ക് ഇടം നൽകാൻ സാധിക്കാതെ വരുന്നതിൻ്റെ പാപഭാരം മതസംഘടനകളുടെ മേൽ വെച്ചു കെട്ടുന്നതിൽ അർഥമില്ല. വനിതകൾക്ക് തങ്ങൾ ഇടം നൽകാത്തത് മത സംഘടനകളെ പരിഗണിച്ചു കൊണ്ട് മാത്രമാണെന്നത് ഒരുതരം ഒളിച്ചോട്ടമാണ്. സ്ഥലകാല സാഹചര്യങ്ങളെ കണ്ടറിയാൻ കഴിവുള്ളവരാണ് മതനേതൃത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.