കണ്ണൂർ ഗവ. മെഡിക്കൽ കോളജിനെതിരെ അപവാദ പ്രചാരണമെന്ന്
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയെക്കുറിച്ച് സമൂഹമാധ്യമങ്ങൾ വഴിയും അല്ലാതെയും അപവാദ പ്രചാരണങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഒന്നരവർഷത്തിലധികമായി കണ്ണൂർ, കാസർകോട് ജില്ലകളിലെ ആയിരക്കണക്കിന് കോവിഡ് രോഗികൾക്ക് ചികിത്സനൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന സ്ഥാപനമാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ്. ഇതിനായി രാപ്പകൽഭേദമില്ലാതെ അക്ഷീണം പ്രവർത്തിച്ചവരാണ് ഓരോ ജീവനക്കാരും.
എന്നാൽ, അടുത്തിടെവന്ന ചില പ്രചാരണങ്ങൾ സ്ഥാപനത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരെയും അവഹേളിക്കുന്ന തരത്തിലുള്ളതാണ്. ഇതിനെ തുടർന്ന് ഒഴിവാക്കാനാവുമായിരുന്ന പ്രകോപനങ്ങളും അനിഷ്ടസംഭവങ്ങളുമുണ്ടായി.
ഇത്തരം സംഭവങ്ങൾ ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാരുടെ മനോബലം തകർക്കാനേ ഉപകരിക്കൂ. ഇത്തരം ശ്രമങ്ങൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും രോഗികളുടെ മെച്ചപ്പെട്ട പരിചരണവും ജീവനക്കാരുടെ സുരക്ഷിതമായ ജോലിസാഹചര്യവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.