ആദിവാസി യുവതിക്ക് അടിമവേല: വിശദീകരണം തേടി ഹൈകോടതി
text_fieldsകോഴിക്കോട്: മൂന്നര പതിറ്റാണ്ടോളം കോഴിക്കോട് നഗരത്തിലെ വീട്ടിൽ അട്ടപ്പാടി സ്വദേശിനിയായ യുവതിയെ അടിമവേല ചെയ്യിക്കുന്നതായ സംഭവത്തിൽ ഇടപെട്ട് ഹൈകോടതി. ശിവ എന്ന യുവതിയെ ഹാജരാക്കണമെന്ന ഹേബിയസ് കോർപസ് ഹരജിയിൽ പൊലീസ്, ജില്ല ട്രെബൽ ഡെവലപ്മെന്റ് ഓഫിസർ എന്നിവരിൽനിന്ന് ഹൈകോടതി വിശദീകരണം തേടി. പന്നിയങ്കര ഗീത ഹൗസിൽ പരേതനായ പി.കെ. ഗിരീഷിന്റെ വീട്ടിൽ ബാല്യകാലം മുതൽ ജോലിചെയ്യുന്ന ശിവയെ വിട്ടുകിട്ടണമെന്ന് പിതാവ് പാലക്കാട് കോട്ടത്തറ പളനിസ്വാമി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവിട്ടത്.
ശിവയെ അടിമവേലയിൽനിന്ന് മോചിപ്പിക്കണമെന്നും 8.86 ലക്ഷം രൂപ ശമ്പളകുടിശ്ശിക നൽകണമെന്നും 2019 ജൂലൈയിൽ കോഴിക്കോട് ജില്ല കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ, രാഷ്ട്രീയസ്വാധീനത്താൽ ഉത്തരവുകൾ കൃത്യമായി നടപ്പിലായിരുന്നില്ല. കഴിഞ്ഞമാസം 25ന് ഡി.ജി.പിക്കും പൊലീസിനും പരാതി നൽകിയിട്ടും നടപടിയുണ്ടായിരുന്നില്ല.
മകളെ അന്യായമായ തടങ്കലിൽനിന്ന് മോചിപ്പിക്കണമെന്നാണ് പളനിസ്വാമിയുടെ ആവശ്യം. രണ്ടാനച്ഛന്റെ കൂടെ താമസിക്കുമ്പോഴായിരുന്നു ശിവയെ 11ാം വയസ്സിൽ പ്രാദേശിക രാഷ്ട്രീയനേതാവിന്റെ ഇടനിലയിൽ കോഴിക്കോട്ടെ വ്യാപാരിയുടെ വീട്ടിലെത്തിച്ചത്. സി.പി.എം അനുകൂല വ്യാപാരി വ്യവസായി സമിതിയുടെ നേതാവായിരുന്നു വീട്ടുടമ. ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല ഭാരവാഹിയായിരുന്നു ഇദ്ദേഹത്തിന്റെ മാതാവ്. രണ്ട് തവണ സംസ്ഥാന വനിത കമീഷൻ അംഗമായിരുന്ന നേതാവും അടുത്ത ബന്ധുവാണ്. ഇത്തരം ബന്ധങ്ങളും സ്വാധീനവുമുപയോഗിച്ച് പരാതികൾ അട്ടിമറിക്കുകയായിരുന്നെന്നും ആരോപണമുണ്ട്.
കോഴിക്കോട് നഗരത്തിലെ വീട്ടിൽ വർഷങ്ങളായി ആദിവാസി യുവതിയെ അടിമവേല ചെയ്യിക്കുന്നതായ വാർത്ത 2019 ജൂൺ രണ്ടിന് ‘മാധ്യമം’ ആണ് പുറത്തുവിട്ടത്. ശിവ എന്ന യുവതിക്ക് അന്തസ്സായ സാഹചര്യമൊരുക്കുമെന്ന് സ്ഥലം സന്ദർശിച്ച് വനിത കമീഷൻ അംഗം എം.എസ്. താര ഉറപ്പുനൽകിയിരുന്നു. എന്നാൽ, നടപടികളുണ്ടായില്ല. മാധ്യമം വാർത്തയെ തുടർന്ന് അന്നത്തെ ജില്ല കലക്ടർ എസ്. സാംബശിവ റാവു വിശദമായ അന്വേഷണം നടത്തി അടിമവേല നടക്കുന്നതായി റിപ്പോർട്ടും നൽകിയിരുന്നു.
അതേസമയം, ഇതേ വീട്ടിൽതന്നെ യുവതിക്ക് താമസിക്കാമെന്ന് കലക്ടർ ഉത്തരവിട്ടത് ഇവരെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് തടസ്സമായി. പിന്നീട് യുവതിയെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നവകാശപ്പെട്ട് അട്ടപ്പാടി പുതൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റടക്കം രംഗത്തെത്തിയിരുന്നു.ശിവയുടെ മോചനം വൈകുന്നതിന് പിന്നാലെയാണ് പിതാവ് തന്നെ രംഗത്തെത്തി ഹേബിയസ് കോർപസ് ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.