മഴക്ക് നേരിയ ആശ്വാസം, ജാഗ്രത തുടരും
text_fieldsതിരുവനന്തപുരം: പ്രളയഭീതിക്ക് താൽക്കാലികാശ്വാസം നൽകി സംസ്ഥാനത്ത് മഴ ദുർബലമാകുന്നു.
വിവിധ ജില്ലകളിൽ നിലനിന്നിരുന്ന ഓറഞ്ച് അലർട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു.
ശനിയാഴ്ച ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയാണ് പ്രതീക്ഷിക്കുന്നത്. നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍, മലമ്പുഴ അണക്കെട്ടുകള്‍ തുറന്നു. മുല്ലപ്പെരിയാറിന്‍റെ പത്ത് സ്പിൽവേ ഷട്ടറുകളാണ് ഉയർത്തിയത്. ഷട്ടറുകളിലൂടെ 1870 ഘന അടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. ഇതിന്‍റെ ഭാഗമായി പെരിയാർ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. വൃഷ്ടി പ്രദേശത്ത് മഴക്ക് സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച ഉച്ചക്ക് 3.15ഓടെയാണ് മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകൾ അഞ്ച് സെന്‍റിമീറ്റർ വീതം തുറന്നത്.
വയനാട് ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 772.50 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. 774 മീറ്ററാണ് ജലസംഭരണിയുടെ വെള്ളിയാഴ്ചയിലെ അപ്പർ റൂൾ ലെവൽ.
പീച്ചി ഡാമിന്‍റെ ഷട്ടറുകൾ 2.5 സെ.മീറ്റർകൂടി ഉയർത്തി. കാസർകോട് പുഴയിൽ വീണ് ഒരാൾ മരിച്ചു. വെള്ളരിക്കുണ്ട് ചെറു പനത്തടിയിൽ മുല്ലപ്പള്ളി എം. രാഘവനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മഴയിലും കടൽക്ഷോഭത്തിലും മരിച്ചവരുടെ എണ്ണം 21 ആയി.
മാതാപിതാക്കളോടൊപ്പം ആറ് മുറിച്ചുകടക്കവേ ആദിവാസി ബാലനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പീരുമേട് ഗ്രാമ്പി കൊക്കക്ക് സമീപം ഉൾവനത്തിൽ താമസിക്കുന്ന മലമ്പണ്ടാരം വിഭാഗത്തിലെ മാധവൻ - ഷൈല ദമ്പതിമാരുടെ മകൻ അജിത്തിനെയാണ് (12) കാണാതായത്.
വീണ്ടും ചക്രവാതച്ചുഴി
അതിതീവ്ര മഴക്ക് നേരിയ ശമനമുണ്ടെങ്കിലും 14 ജില്ലകളിലും ജാഗ്രത തുടരണമെന്ന് കലക്ടർമാർക്ക് സർക്കാർ നിർദേശം നൽകി. ബംഗാൾ ഉൾക്കടലിന് പുറമെ മധ്യ കർണാടകക്ക് മുകളിലായി മറ്റൊരു ചക്രവാതച്ചുഴികൂടി രൂപം കൊണ്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ആഗസ്റ്റ് ഏഴിന് ന്യൂനമർദമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഒമ്പതുവരെ കേരളം കൂടുതൽ കരുതലോടെ ഇരിക്കേണ്ടിവരുമെന്നാണ് സംസ്ഥാന കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.