സ്ലിപ് വിതരണം, രേഖ ശേഖരണം: ബി.എൽ.ഒമാർക്ക് അവധി രണ്ട് ദിവസം മാത്രം
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്കുള്ള ഇൻഫർമേഷൻ സ്ലിപ് വിതരണത്തിനായി ബൂത്ത്ലെവൽ ഓഫിസർമാർക്ക് (ബി.എൽ.ഒ) അനുവദിച്ചത് രണ്ട് ദിവസത്തെ ഡ്യൂട്ടി ലീവ് മാത്രം. കത്തുന്ന വേനലിൽ മൂന്ന് ദിവസം കൊണ്ടുപോലും തീർക്കാൻ പറ്റാത്ത ജോലിക്കാണ് ഡ്യൂട്ടി ലീവ് രണ്ട് ദിവസത്തിൽ ഒതുക്കിയതെന്നാണ് പരാതി. 300 മുതൽ 450 വരെ വീടുകളിലെത്തി ആയിരത്തോളം വോട്ടർമാർക്കുള്ള സ്ലിപ്പാണ് ഓരോ ബി.എൽ.ഒമാരും വിതരണം ചെയ്യേണ്ടത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന 26ന് അഞ്ച് ദിവസം മുമ്പ് വോട്ടർമാർക്കുള്ള സ്ലിപ് വിതരണം ചെയ്യണമെന്നാണ് ഇലക്ഷൻ വകുപ്പിന്റെ ഉത്തരവ്. സ്ലിപ് വോട്ടർ/കുടുംബാംഗം കൈപ്പറ്റിയെന്ന രേഖ ശേഖരിക്കുകയും ഇവ തെരഞ്ഞെടുപ്പിന്റെ രണ്ട് ദിവസം മുമ്പ് ബി.എൽ.ഒ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരെ ഏൽപിക്കുകയും ചെയ്യണം.
ഏപ്രിൽ എട്ടിനും 20നും ഇടയിലെ പ്രവർത്തിദിനങ്ങളിൽ ഏതെങ്കിലും രണ്ട് ദിവസത്തേക്ക് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഡ്യൂട്ടി ലീവ് അനുവദിക്കാനുമാണ് ഉത്തരവ്. പ്രതികൂല കാലാവസ്ഥ തന്നെയാണ് ബി.എൽ.ഒമാർക്ക് മുന്നിലുള്ള വെല്ലുവിളി. ഓരോ വീട്ടിലുമെത്തി സ്ലിപ് വിതരണം ചെയ്യുകയും രേഖ ശേഖരിക്കുന്നതിനും രണ്ട് ദിവസത്തെ ഡ്യൂട്ടി ലീവ് മതിയായതല്ലെന്നാണ് ബി.എൽ.ഒമാരുടെ പരാതി. പ്രതിദിനം നൂറോളം വീടുകളിളെത്തി സ്ലിപ് വിതരണം ചെയ്ത് രേഖ ശേഖരിച്ചാൽ പോലും മൂന്ന് മുതൽ നാല് ദിവസം വരെ വേണ്ടിവരും.
പല വീടുകളിലും ആളില്ലാത്ത സാഹചര്യമുണ്ടാകുമെന്നും ഇവിടെ മറ്റൊരു ദിവസം പോകേണ്ടിയും വരുമെന്നും ഇവർ പറയുന്നു. ഇത് പരിഗണിച്ച് ഡ്യൂട്ടി ലീവ് ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലുമാക്കി ഉയർത്തണമെന്ന ആവശ്യമാണ് ബി.എൽ.ഒമാർ ഉന്നയിക്കുന്നത്. വോട്ടർപട്ടിക പുതുക്കുന്ന ജോലികളിൽ ഉൾപ്പെടെ മികച്ച പ്രവർത്തനം കാഴ്ചവെച്ച തങ്ങളോടുള്ള അവഗണനയാണ് ഡ്യൂട്ടി ലീവ് ചുരുക്കിയ തീരുമാനത്തിൽ പ്രതിഫലിക്കുന്നതെന്നും ബി.എൽ.ഒമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.