ചെറിയ കെട്ടിടങ്ങൾക്ക് ഒറ്റത്തവണ നികുതി വരുന്നു
text_fieldsതിരുവനന്തപുരം: 500 ചതുരശ്ര അടിയിൽ കൂടുതലുള്ള ചെറുവീടുകൾക്കും ഒറ്റത്തവണ കെട്ടിട നികുതി ഏർപ്പെടുത്തുന്നു. നിലവിൽ 1076 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ളവക്കാണ് നികുതി ഈടാക്കുന്നത്.
ചെറിയ കെട്ടിടങ്ങൾക്കും നികുതി ചുമത്തണമെന്ന് സംസ്ഥാന ധനകാര്യ കമീഷൻ ശിപാർശ ചെയ്തു. 500 മുതൽ 600 വരെ ചതുരശ്ര അടിയിലുള്ള വീടുകൾ, 600 മുതൽ 1000 വരെയുള്ള വീടുകൾ എന്നീ രണ്ട് സ്ലാബുകളായി തിരിച്ചാകും നികുതി. 500 ചതുരശ്ര അടിയിൽ താഴെ വലുപ്പമുള്ള കെട്ടിടങ്ങൾക്ക് നികുതി വരില്ല. 300 ചതുരശ്ര അടിയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് നികുതി ഏർപ്പെടുത്താനാണ് കമീഷൻ നിർദേശിച്ചിരുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, അംഗൻവാടി എന്നിവക്കായി സംഭാവന സ്വീകരിച്ച് പരിപാടികൾ നടത്താൻ കർമപദ്ധതി ആകാമെന്ന് കമീഷൻ ശിപാർശ ചെയ്തു. പി.പി.പി മാതൃകയിൽ സ്വകാര്യ പങ്കാളിത്തത്തോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി നടപ്പാക്കാം. ജില്ല ആസൂത്രണ സമിതികളിൽ പി.പി.പി സെൽ വേണം.
ഇതിൽ പ്രഫഷനലുകളുടെ സഹായം തദ്ദേശ സ്ഥാപനങ്ങൾക്ക് തേടാം. തദ്ദേശ സ്ഥാപനങ്ങൾ നാട്ടിൽനിന്ന് സംഭാവന സമാഹരിച്ച് നടപ്പാക്കുന്ന പരിപാടികളുടെ വിവരം പരസ്യപ്പെടുത്താനും നിർദേശമുണ്ട്. 3000 ചതുരശ്ര അടിയിലധികം വ്യാപ്തിയുള്ള വീടുകളെ ആഡംബര വീടുകളായി കണക്കാക്കണമെന്നും ഉയർന്ന വസ്തു നികുതി ഈടാക്കുന്ന കാര്യം പരിശോധിക്കണമെന്നും ധനകാര്യ കമീഷൻ ശിപാർശ ചെയ്തതായി മന്ത്രി എം.വി. ഗോവിന്ദൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. 2022 ഏപ്രിൽ ഒന്നിനു ശേഷം നിർമിക്കുന്ന വീടുകൾക്ക് മാത്രമാണ് നിർദേശമെന്നും കമീഷൻ എടുത്തു പറഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനിരിക്കുന്നതേയുള്ളൂ.
തദ്ദേശ സ്ഥാപനങ്ങൾ ആഡംബര നികുതി പിരിക്കുന്നില്ല. മന്ത്രിസഭ യോഗം ഇത്തരത്തിൽ തീരുമാനം എടുത്തെന്ന മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണ്. പഴയ വീടുകളുടെ നികുതി സംബന്ധിച്ച് ഒരു ശിപാർശയും കമീഷൻ നൽകിയിട്ടില്ല. വസ്തുനികുതി (കെട്ടിടനികുതി) പിരിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളാണ്. വലിയ വീടുകൾക്ക് ആഡംബര നികുതി മാത്രമാണ് റവന്യൂ വകുപ്പ് പിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.