ഭൂമിക്കടിയിൽ വൻ മുഴക്കം; പാലായിൽ നേരിയ ഭൂചലനം
text_fieldsപാലാ: പാലായിലടക്കം മീനച്ചിൽ താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം. ബുധനാഴ്ച ഉച്ചക്ക് 12.02നായിരുന്നു 1.9 തീവ്രത രേഖപ്പെടുത്തിയ ചലനം. ഇടിമുഴക്കംപോലെ രണ്ട് സെക്കന്‍ഡ് നീണ്ട മുഴക്കമാണ് അനുഭവപ്പെട്ടെതന്ന് നാട്ടുകാർ പറഞ്ഞു. പിന്നീട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഭൂചലനമെന്ന് സ്ഥിരീകരിച്ചു.
ഇടമറ്റം, പൈക, ഭരണങ്ങാനം, തിടനാട്, മൂന്നാംതോട്, തീക്കോയി, പനച്ചിപ്പാറ, പനക്കപ്പാലം, കൊണ്ടൂര്‍, കൊഴുവനാല്‍, പൂവരണി, കൊച്ചിടപ്പാടി, പന്ത്രണ്ടാംമൈല്‍, മൂന്നാനി, അരുണാപുരം, പുലിയന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയില്‍നിന്ന് വലിയ ശബ്ദത്തിെല മുഴക്കവും തുടര്‍ന്ന് നേരിയ ചലനവും അനുഭവപ്പെട്ടത്. തിടനാട് പഞ്ചായത്തിലെ മൂന്നാംതോട് ഭാഗത്ത് വലിയതോതിൽ വിറയല്‍ അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. മീനച്ചിലിൽനിന്നുള്ള മുഴക്കം കിലോമീറ്ററുകൾക്ക് അപ്പുറവും അനുഭവപ്പെട്ടു.
പ്രകമ്പനം കെ.എസ്.ഇ.ബിയുടെ ഇടുക്കിയിലെ ഭൂകമ്പമാപിനിയിലാണ് 1.9 തീവ്രത രേഖപ്പെടുത്തിയത്. സമാനമായ തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇടുക്കിയിലെ സീസ്മിക് സ്റ്റേഷനിൽനിന്ന് 36 കി.മീ. അകലെയാണ് പ്രഭവകേന്ദ്രമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഇടുക്കി പദ്ധതി പ്രദേശത്തിന് 26.5 കി.മീ. അകലെ ഭൗമോപരിതലത്തില്‍നിന്ന് 10 കി.മീ. താഴ്ചയിൽ മീനച്ചിലിലാണ് പ്രഭവകേന്ദ്രം. പശ്ചിമഘട്ട നിരകളിലെ ഭ്രംശമേഖലയില്‍ ഉള്‍പ്പെട്ട പ്രദേശമായതിനാലാണ് മീനച്ചില്‍ താലൂക്കില്‍ ഭൂചലനത്തിെൻറ ആഘാതം അനുഭവപ്പെട്ടതെന്നും വിദഗ്ധർ പറയുന്നു. പാലായില്‍ അരുണാപുരം, ഇടമറ്റം പ്രദേശത്തും പരിസരപ്രദേശങ്ങളിലും ഏതാനും ദിവസം മുമ്പ് രാത്രി പത്തോടെ ശക്തമായ മുഴക്കത്തോടെ വിറയലും അനുഭവപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.