ഫാക്ടറികൾ കൊളുന്ത് വാങ്ങുന്നത് നിർത്തി ചെറുകിട തേയില കർഷകർ പ്രതിസന്ധിയിൽ
text_fieldsകട്ടപ്പന: തേയില ഫാക്ടറികൾ കൊളുന്ത് വാങ്ങുന്നത് നിർത്തിയതോടെ 12,000 ചെറുകിട തേയില കർഷകർ വീണ്ടും പ്രതിസന്ധിയിൽ. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വൻകിട ഫാക്ടറികളിൽ തേയില സംസ്കരണം ഭാഗികമായതാണ് കൊളുന്ത് വാങ്ങുന്നത് നിർത്താൻ കാരണം. കൂടുതൽ തൊഴിലാളികളെ പണിയെടുപ്പിക്കാൻ ലോക്ഡൗൺ നിയമങ്ങൾ അനുവദിക്കുന്നില്ല. അതിനാൽ പല ഫാക്ടറികളും ഉൽപാദനം നിർത്തി. തുറന്ന ഫാക്ടറികളിൽ പ്രവർത്തനം നാമമാത്രമാണ്. അതിനാൽ പുറത്തു നിന്ന് കൊളുന്ത് വാങ്ങുന്നത് നിർത്തിെവച്ചിരിക്കുകയാണ്.
വൻകിട തേയില ഫാക്ടറികൾ സ്വന്തം തോട്ടങ്ങളിലെ കൊളുന്തുപോലും സംസ്കരിക്കാനാകാതെ വിഷമിക്കുകയാണ്. വാങ്ങുന്നത് ഫാക്ടറികൾ നിർത്തിയതോടെ പച്ചക്കൊളുന്ത് വില കുത്തനെ ഇടിഞ്ഞു. കിലോക്ക് എട്ട് രൂപ മുതൽ 10 രൂപ വരെയാണ് കൊളുന്തുവില ഇടിഞ്ഞത്. ടീ ബോർഡ് ഈ മാസം പച്ചക്കൊളുന്തിന് നിശ്ചയിച്ച വില കിലോക്ക് 14.42 രൂപയാണ്. എന്നാൽ, ഈ വില നൽകി കൊളുന്ത് വാങ്ങാൻ ആരും തയാറല്ല. പല കർഷകരും പറിച്ചെടുത്ത പച്ചക്കൊളുന്ത് നശിപ്പിച്ചുകളയുന്ന സ്ഥിതിയും ഉണ്ടായി. വാങ്ങാനാളില്ലാതെ വന്നതോടെ ചെറുകിട കർഷകരുടെ തോട്ടങ്ങളിൽ കൊളുന്ത് മുത്ത് നശിക്കുകയാണ്.
രണ്ടാഴ്ചത്തെ മാത്രം കർഷകരുടെ നഷ്ടം 10 കോടിയിലേറെയാണ്. പ്രശ്നപരിഹാരത്തിന് അധികൃതർ ഇടപെടാത്തതും സ്ഥിതി സങ്കീർണമാക്കുന്നു.
വളകോട്, വട്ടപ്പതാൽ, വാഗമൺ, പുള്ളിക്കാനം, കാൽവരി മൗണ്ട്, തോപ്രാംകുടി തുടങ്ങിയ മേഖലകളിൽ നിന്നായി പ്രതിദിനം രണ്ടരലക്ഷം കിലോയോളം കൊളുന്താണ് വിവിധ മേഖലകളിലെ ഫാക്ടറികളിലേക്ക് അയച്ചിരുന്നത്. ഇവയെല്ലാം നിലച്ചു. സ്വകാര്യ ഏജൻസികളും മേഖലയിലെ കർഷകരിൽനിന്ന് കൊളുന്ത് സംഭരിക്കുന്നുണ്ട്.
മൂന്നാർ മേഖലയിലേക്ക് ദിവസങ്ങളായി കൊളുന്ത് കൊണ്ടുപോകുന്നില്ല. ഏതാനും ആഴ്ച മുമ്പ് 18 രൂപക്കുവരെ കൊളുന്ത് വിറ്റിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കൊളുന്ത് നനച്ച് വയനാട് ഉൾപ്പെടെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനാവാത്ത സ്ഥിതിയാണെന്നും കർഷകർ പറയുന്നു. അടുത്തഘട്ടത്തിൽ വിളവെടുപ്പ് നടത്തണമെങ്കിൽ മൂത്തുനശിച്ച കൊളുന്ത് വെട്ടിമാറ്റണം. ഇതിനും പണം മുടക്കേണ്ട ഗതികേടിലാണ് കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.