സ്മാർട്ട് സിറ്റി: തുടർ വികസനം സർക്കാർ നിയന്ത്രണത്തിൽ; ഉദ്ദേശിച്ച കാര്യങ്ങൾ നിന്നുപോവില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ ഇനി സ്വകാര്യ പങ്കാളിത്തമില്ലെന്ന് വ്യക്തമാക്കി സർക്കാർ. സ്മാര്‍ട്ട് സിറ്റിയില്‍ ടീകോം വാങ്ങിയ ഓഹരിയുടെ വിലയാണ് മടക്കി നൽകേണ്ടിവരുന്നതെന്നും നഷ്ടപരിഹാരമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പിന്മാറ്റനയം തയാറാക്കുന്നതിന് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഭാവിയില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് ചര്‍ച്ച ചെയ്യാനിരിക്കുന്നതേയുള്ളൂ. ഇക്കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണ്.
സ്മാര്‍ട്ട് സിറ്റി കൊണ്ട് നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ നിന്നുപോവില്ല. പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്. ദുബൈ ഹോള്‍ഡിങ്സ് 2017ല്‍ ദുബൈക്ക് പുറത്തുള്ള പ്രവർത്തനം നിർത്താൻ തീരുമാനമെടുത്തതിന്റെ കൂടി ഫലമായാണ് നിലവിലെ സാഹചര്യം സ്മാര്‍ട്ട് സിറ്റിക്കുണ്ടായത്. ഏതെങ്കിലും സ്വകാര്യ കമ്പനികളുമായി സംയുക്ത സംരംഭം ഉദ്ദേശിക്കുന്നില്ല. ഒരു സ്വകാര്യ പങ്കാളിത്തവുമുണ്ടാവില്ല. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെയാകും തുടര്‍ന്നുള്ള വികസനം. 246 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയാണ് സ്മാര്‍ട്ട് സിറ്റി എസ്.പി.വി രൂപവത്കരിച്ചത്. ഈ ഭൂമി കേരളത്തിന്റെ ഐ.ടി വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കാനാവും. നിലവിൽ സ്ഥലപരിമിതിയുള്ള ഇന്‍ഫോപാര്‍ക്കിന് തൊട്ടടുത്തുള്ള 246 ഏക്കര്‍ ഭൂമിയിലൂടെ കേരളത്തിന്റെ ഐ.ടി വികസനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയും. കൂടുതല്‍ കമ്പനികള്‍ സംസ്ഥാനത്തേക്ക് വരും.
ടീകോമിന് നഷ്ടപരിഹാരം കൊടുത്ത് പറഞ്ഞുവിടുകയല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മലയാളികളോട് വൈകാരികമായി ചേര്‍ന്നുനില്‍ക്കുന്ന ഭൂപ്രദേശമാണ് യു.എ.ഇയും അവിടത്തെ സർക്കാറും. ഇരു സര്‍ക്കാറുകളും ഇടപെട്ട ചര്‍ച്ചകളുടെയും സഹകരണത്തിന്റെയും ഉല്പന്നമാണ് സ്മാര്‍ട്ട് സിറ്റി കരാർ. സ്മാര്‍ട്ട് സിറ്റി ഫ്രേം വര്‍ക്ക് എഗ്രിമെന്റ് പ്രകാരം ടീകോമിന് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുപകരം ചര്‍ച്ച ചെയ്ത് പിന്മാറ്റനയം സംബന്ധിച്ച് കരാറില്‍ ഏര്‍പ്പെടുന്നതിനാണ് അഡ്വക്കറ്റ് ജനറല്‍ നിയമോപദേശത്തില്‍ ഊന്നല്‍ നല്‍കിയത്. തുടർന്നാണ് പിന്മാറ്റ കരാര്‍ തയാറാക്കാൻ മന്ത്രിസഭ തീരുമാനമെടുത്തത്. ടീകോം വാങ്ങിയ 84 ശതമാനം ഓഹരിയുടെ വിലയാണ് സംസ്ഥാനം തിരികെവാങ്ങുന്നത്. ലീസ് റദ്ദാക്കുന്ന സാഹചര്യം വന്നാല്‍ ലീസ് പ്രീമിയം തുകയായ 91.52 കോടിയും അടിസ്ഥാന സൗകര്യത്തിനായി ചെലവഴിച്ച തുകയും നല്‍കണമെന്നാണ് ഫ്രെയിംവര്‍ക്ക് എഗ്രിമെന്റിലെ വ്യവസ്ഥ. ഇതെല്ലാം പരിഗണിച്ചാണ് കരാറിലെ വ്യവസ്ഥ പ്രകാരം ഇന്‍ഡിപെന്‍ഡന്റ് ഇവാല്വേറ്ററെ നിയമിച്ച് ടീകോമിന് ഓഹരിവില നല്‍കുന്നത്.
ലീസ് റദ്ദാക്കുന്ന സാഹചര്യം വന്നാല്‍ ടീകോം ചെലവാക്കിയ ലീസ് പ്രീമിയം തുകയായ 91.52 കോടി രൂപയും അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ചെലവഴിച്ച തുകയും കണക്കാക്കി ഓഹരിവില നല്‍കാവുന്നതാണെന്ന് കരാറിൽ വ്യക്തമാക്കുന്നുണ്ട്. പദ്ധതി നടപ്പാക്കുന്നതില്‍ ഏതെങ്കിലും ഭാഗത്ത് വീഴ്ചയുണ്ടായാല്‍ മധ്യസ്ഥചര്‍ച്ച മുഖേന പരിഹാരം കാണുന്നതിനും ആര്ബിട്രേഷന് നടപടികള്‍ക്കും കരാറില്‍ വ്യവസ്ഥയുണ്ട്. ആര്ബിട്രേഷന് നടപടികളും നിയമത്തിന്റെ നൂലാമാലകളും ഒഴിവാക്കി എത്രയും വേഗം ഭൂമിയേറ്റെടുത്ത് ഐ.ടി വികസനത്തിന് വിനിയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആര്‍ബിട്രേഷനിലേക്ക് പോയാല്‍ വര്‍ഷങ്ങളുടെ കാലതാമസമുണ്ടാകാനിടയുള്ളത് സംസ്ഥാനത്തിന്റെ ഐ.ടി വികസനത്തിന് ഹാനികരമാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.