സ്മാർട്ട് മീറ്റർ: കേന്ദ്ര മാതൃക ഒഴിവാക്കും ചെലവ് കുറച്ച് നടപ്പാക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: വൈദ്യുതി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ കേന്ദ്രം നിർദേശിച്ച മാതൃക സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്നും ചെലവ് കുറച്ച് ബദൽ മാർഗം നടപ്പാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
വൈദ്യുതിക്ഷാമം രൂക്ഷമാണെങ്കിലും തൽക്കാലം ലോഡ്ഷെഡിങ് ഏർപ്പെടുത്തില്ല. സ്മാർട്ട്മീറ്റർ, വൈദ്യുതി പ്രതിസന്ധി എന്നിവ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണ. സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനാണ് വെള്ളിയാഴ്ചത്തെ യോഗം നിർദേശിച്ചത്. ചെലവുകുറച്ച് നടപ്പാക്കാൻ സാധ്യത പരിശോധിക്കും. പുതിയ സംവിധാനത്തില്‍ ബില്ലിങ്, അനുബന്ധ സേവനങ്ങള്‍ എന്നിവക്ക് സോഫ്റ്റ്വെയര് കെ.എസ്.ഇ.ബി തന്നെ രൂപപ്പെടുത്തും. കെ-ഫോണ്‍ ബോർഡിന് സൗജന്യമായി നല്കിയ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ ഉപയോഗിച്ച് വിവര വിനിമയം നടത്തും. കെ.എസ്.ഇ.ബി േഡറ്റ സെന്റർ ഉപയോഗിച്ച് േഡറ്റ സ്റ്റോറേജും നടത്താനാകും. പഴയ മീറ്റര്‍ മാറ്റി ബോർഡ് ജീവനക്കാര്‍ തന്നെ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കും. എല്ലാ ഉപഭോക്താക്കള്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കില്ല. ആദ്യഘട്ടത്തിൽ വ്യവസായ-വാണിജ്യ ഉപയോക്താക്കള്‍ക്കാണ് സംവിധാനം ഏര്‍പ്പെടുത്തുക. മൂന്ന് ലക്ഷത്തില്‍ താഴെപേരെയാണ് ഈ സംവിധാനത്തിന്റെ ഭാഗമാക്കുക. കേന്ദ്രസഹായം നഷ്ടമാകുമെന്ന അഭിപ്രായം ചില ഉദ്യോഗസ്ഥർ ഉയർത്തിയെങ്കിലും മുഖ്യമന്ത്രി സ്വീകരിച്ചില്ല.
പദ്ധതിക്കായി കേന്ദ്രസഹായം ലഭിക്കുമെങ്കിലും ടോട്ടെക്സ് മാതൃകയാണ് കേന്ദ്രം നിശ്ചയിച്ചത്. മീറ്റർവില, ഹെഡ് എന്‍ഡ് സിസ്റ്റം, മീറ്റര്‍ േഡറ്റ മാനേജ്മെന്റ്, കമ്യൂണിക്കേഷന്‍ സിസ്റ്റം, ക്ലൗഡ് സ്റ്റോറേജ്, സോഫ്റ്റ്വെയര് പരിശോധനക്കും സൈബര്‍ സുരക്ഷക്കുമുള്ള ചെലവ്, 93 മാസത്തേക്ക് ഓപറേഷന് ആന്‍ഡ് മെയിന്റനന്‍സ് ചാര്‍ജുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ടോട്ടെക്സ് മാതൃക. ചെലവഴിക്കുന്ന തുക 93 പ്രതിമാസ തവണകളായി ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാനാണ് ഈ മാതൃക വിഭാവനം ചെയ്തത്.
പരിപാലനവും പ്രവര്‍ത്തനവും ഏജന്‍സിയെ ഏല്‍പ്പിക്കുന്നതിനോട് കെ.എസ്.ഇ.ബിയിലെ ട്രേഡ് യൂനിയനുകൾ കടുത്ത എതിർപ്പ് ഉയർത്തി. സി.പി.എം കേന്ദ്ര നേതൃത്വവും ഇതിനോട് വിയോജിച്ചു. തുടർന്നാണ് ടോട്ടെക്സ് മാതൃക വേണ്ടെന്ന നിലപാടിൽ സർക്കാറെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.